തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി വരികയാണ്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദ്യഡോസ് വാക്സിന് നല്‍കുന്നത് ഈ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയോടെ രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്തെ 21 ലക്ഷം പേര് വാക്സിന് സ്വീകരിക്കുന്നതിനോട് വിമുഖത കാണിക്കുന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന മന്ത്രി നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ വാക്സിന് സ്വീകരിച്ച അപൂര്‍വം ചിലരില്‍ മാത്രം പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും അതിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പും വാക്സിന് സ്വീകരിച്ചവരിലുണ്ടായ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് 21 ലക്ഷത്തോളം പേരാണ് വാക്സിന് എടുക്കുന്നതിനോട് വിമുഖത പ്രകടിപ്പിച്ചിരിക്കന്നത്. മതപരമായ വിശ്വാസങ്ങളും അലര്‍ജി അടക്കമുള്ള രോഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വാക്സിന് എടുക്കുന്നതില്‍ നിന്നും പിന്നോട്ട് വലിയുന്നത്. സംസ്ഥാനത്ത് 18 വയസ് കഴിഞ്ഞവരില്‍ 92.5% പേരാണ് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍. രണ്ടുഡോസും കിട്ടിയവര്‍ 41 ശതമാനവുമാണ്.
രണ്ടു കോടി അറുപത്തെട്ട് ലക്ഷം പേരില്‍ ആദ്യ ഡോസ് വാക്സിന് പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ആലപ്പുഴ, കോട്ടയം ജില്ലകളാണ് വാക്സിനേഷനില്‍ ഏറ്റവും പിന്നിലുള്ളത്. വാക്സിന് പകരം ഇതര ചികിത്സാ മാര്‍ഗ്ഗങ്ങളാണ് കോവിഡിനെ പ്രതിരോധിക്കുന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: