തിരുവനന്തപുരം: മാധ്യമധര്‍മ്മത്തെയും നൈതികതയെയും പറ്റി വാചാലനാവുമ്പോള്‍, അതിനുള്ള യോഗ്യതയുണ്ടോയെന്ന് സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കണമെന്ന് ഫ്ളവേഴ്സ് ടി വി ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന് നായരോട് മാധ്യമ പ്രവര്ത്തകന് അനില്‍ നമ്പ്യാര്‍. ഫ്രോഡ് മോന്‍സണുമൊത്ത് ചെമ്പോല തിട്ടൂരത്തിരക്കഥ മെനഞ്ഞ് ശബരിമല തന്ത്രികുടുംബത്തെയും ഭക്തകോടികളെയും കണ്ണീരിലാഴ്ത്തിയതിനുള്ള ശിക്ഷ പിറകെ വരുന്നുണ്ടെന്നു ശ്രീകണ്ഠന് നായരെ അഭിസംബോധന ചെയ്ത് എഴുതിയ കുറിപ്പില്‍ അനില്‍ പറഞ്ഞു
പൂര്‍ണ്ണരൂപം
പ്രിയപ്പെട്ട ശ്രീകണ്ഠന് നായര്‍,
താങ്കളുടെ വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടര്‍ സഹിന് ആന്റണിക്ക് ഫ്രോഡോം ക രാജ മോന്‍സണുമായുള്ള വഴിവിട്ട ഇടപാടുകള്‍ ഒന്നൊന്നായി പുറത്തു വരികയാണല്ലോ.
മുഖ്യധാരാമാധ്യമങ്ങളെല്ലാം അത് റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരിക്കുന്നു. തട്ടിപ്പ് സംവാദങ്ങളിലും ഇടംപിടിച്ചു. മോന്‍സന്റെ തട്ടിപ്പില്‍ താങ്കളുടെ ചാനലിലെ സഹിന് മാത്രമാണോ പങ്ക് അതോ മറ്റുള്ളവരെയും അയാളുമായി ബന്ധപ്പെടുത്തിയിരുന്നോ എന്നൊക്കെ അന്വേഷണത്തില്‍ തെളിയട്ടെ.
സഹിനെ തൊട്ടപ്പോള്‍ താങ്കള്‍ക്ക് പൊള്ളി.ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ മാധ്യമവേട്ടയ്ക്ക് വിധേയനായ ഒരു വ്യക്തിയാണ് ഞാന്‍. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധി കേന്ദ്രം ഞാനാണെന്ന് വരെ പ്രചരിപ്പിച്ചവരുടെ കൂട്ടത്തില്‍ താങ്കളുടെ സ്ഥാപനവും മുന്‍പന്തിയിലായിരുന്നു. സ്വപ്നയെ ബെങ്കളുരുവിലേക്ക് കടത്തിയതും ഞാനായിരുന്നത്രെ. സ്വര്‍ണ്ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നവരുടെ കൂട്ടത്തിലേക്ക് എന്നെയും വലിച്ചിഴച്ച് മാസങ്ങളോളം എന്റെ ദൃശ്യങ്ങള്‍ സഹിതം 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതികളുടെ ചിത്രങ്ങള്‍ക്കൊപ്പം എന്റെ തലയും തിരുകി ആഘോഷിച്ചു. എന്റെ ചരിത്രം തിരഞ്ഞ് അവതരിപ്പിച്ചു. എന്നെ ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും സഹിന് കാണിച്ചആവേശം ശ്രദ്ധേയമായിരുന്നു.
വ്യാജവാര്‍ത്തകളുടെ ഫാക്ടറിയെ വെള്ളപൂശുക വഴി താങ്കള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വാസ്യത താങ്കള്‍ തന്നെ തകര്‍ക്കുകയല്ലേ? അയാള്‍ക്ക് മോന്‍സണുമായി അവിശുദ്ധ അവിഹിത ഇടപാടുകളില്ലെങ്കില്‍ മാളത്തില്‍ ഒളിച്ചിരിക്കാതെ പൊതുസമക്ഷം തുറന്ന് പറയണ്ടേ? ഞാനും താങ്കളും അഞ്ച് വര്‍ഷത്തോളം ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ നേരെ മുകളിലും (304) താഴെയുമുള്ള (204) അപ്പാര്‍ട്ട്മെന്റുകളില്‍ കഴിഞ്ഞവരായിരുന്നിട്ടും പരസ്പരം ഏറെ അടുത്തറിയാവുന്നവരായിട്ടും കൂടി എനിക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയറിയാന്‍ ഒരു തവണ പോലും താങ്കള്‍ അന്നെന്നെ വിളിച്ചില്ല. പകരം താങ്കളുടെ സഹപ്രവര്‍ത്തകര്‍ കെട്ടിച്ചമച്ച വാര്‍ത്തകള്‍ കണ്ടാസ്വദിച്ച് സംപൂജ്യനായിരുന്നു.
സഹിനെക്കുറിച്ചും അയാളുടെ കുടുംബത്തെക്കുറിച്ചും ആധിയുള്ള താങ്കള്എന്തുകൊണ്ട് എന്നെപ്പറ്റിയും എന്റെ കുടുംബത്തെപ്പറ്റിയും വേവലാതിപ്പെട്ടില്ല?എന്റെ അച്ഛന് അന്ന്രോഗശയ്യയിലായിരുന്നു.മകനെക്കുറിച്ചുള്ള കള്ളക്കഥകള്‍ ഇന്ന്ജീവിച്ചിരിക്കാത്ത എന്റെ അച്ഛനെയും ഏറെഅലട്ടിക്കാണുമല്ലോ. അവരുടെയൊക്കെ വേദനയുറഞ്ഞ ആവനാഴിയില്‍ നിന്നാണ് ഇന്ന് പാശുപതാസ്ത്രങ്ങള്‍ താങ്കളുടെ സ്ഥാപനത്തിനും എന്നെ വേട്ടയാടിയവരുടെയും നേരെ ചീറിപ്പായുന്നത്. മടിയില്‍ കനമില്ലെങ്കില്‍ കൈയില്‍ ചെളി പറ്റിയിട്ടില്ലെങ്കില്‍ താങ്കള്‍ക്കും ടീമിനും സധൈര്യം ചെറുക്കാം.ഫ്രോഡ് മോന്‍സണുമൊത്ത് ചെമ്പോല തിട്ടൂരത്തിരക്കഥ മെനഞ്ഞ് ശബരിമല തന്ത്രികുടുംബത്തെയും ഭക്തകോടികളെയുംകണ്ണീരിലാഴ്ത്തിയതിനുള്ള ശിക്ഷ പിറകെ വരുന്നുണ്ട്.
മാധ്യമധര്‍മ്മത്തെയും നൈതികതയെയും പറ്റി വാചാലനാവുമ്പോള്‍ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കുക,അതിനുള്ള യോഗ്യതയുണ്ടോയെന്ന്.മുട്ടില്‍ മരം മുറിയിലും പുരാവസ്തു തട്ടിപ്പിലുമുള്ള സഹപ്രവര്‍ത്തകരുടെ പങ്കിനെപറ്റി വിശദീകരണത്തിന് തയ്യാറാവാതെ തെളിവ് സഹിതം വാര്‍ത്തകള്‍ അവതരിപ്പിക്കുന്നവരുടെയും ചര്‍ച്ച സംഘടിപ്പിക്കുന്നവരുടെയും വായ അടപ്പിക്കാനുള്ള വ്യഗ്രത മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിലെ താങ്കളുടെ പരാമര്‍ശങ്ങളില്‍ പ്രകടമാവുന്നത്. എത്ര തമസ്കരിച്ചാലും വക്രീകരിച്ചാലും സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന ബോധ്യമാവണം മാധ്യമപ്രവര്‍ത്തകരെ മുന്നോട്ട് നയിക്കേണ്ടത്. തെറ്റ് പറ്റിയെങ്കില്‍ തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. അല്ലാതെ പരസ്പരം ചെളിവാരിയെറിയുകയോ വിരട്ടുകയോയല്ലചെയ്യേണ്ടത്.
എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്.ആ ദുര്ഗന്ധമില്ലാതാക്കുകയാവണം താങ്കളുടെ ദൗത്യം.
സ്നേഹത്തോടെ
അനില്‍ നമ്പ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: