വി.കെ.സന്തോഷ് കുമാര്‍
വീരകേരളവര്‍മ്മ പഴശ്ശിരാജാവിന്റെ സേനാ നായകനായിരുന്ന എടച്ചന കുങ്കന്റെ പിന്മുറക്കാരില് പ്രധാനിയായിരുന്നു സി.എ. കുഞ്ഞിരാമന് നായര്‍. അദ്ദേഹത്തിന്റെ നാലാം ചരമദിനമാണ് ഇന്ന്. എടച്ചന കുങ്കന് പോരാടിയത് ശക്തമായ ഒരു സാമ്രാജ്യത്വ ശക്തിയോടായിരുന്നുവെങ്കില് എടച്ചന കുഞ്ഞിരാമന് നായര്‍ പോരാടിയത് ജനായത്തത്തിലൂടെ അധികാരമേറ്റ സര്‍ക്കാരുകള്‍ക്കെതിരെയായിരുന്നു. എല്ലാ സമുദായങ്ങളോടും യാതൊരു ഉച്ചനീചത്വവും ഇല്ലാതെയാണ് എടച്ചന കുങ്കന്റെ കാലത്തെ പോരാട്ടങ്ങള്‍. എന്നാല്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്ക്കെതിരെയുളള കലഹമായിരുന്നു സി.എ കുഞ്ഞിരാമന്റെ ജീവിതം. ഏഴ് പതിറ്റാണ്ടുകള്‍ ഒരവധൂതനെപ്പോലെ വയനാട്ടിലുടനീളം സഞ്ചരിച്ച് അവരോടൊപ്പം ചേര്‍ന്നുനിന്ന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു.
വനവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചു പിടിക്കാനും വനവാസി സ്ത്രീകള്‍ക്കുനേരെയുള്ള ശാരീരിക പീഡനത്തിനെതിരെയും കായികവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. തുടക്കത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് താല്പര്യം തോന്നിയ അദ്ദേഹം അവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക് വാക്കില്‍ മാത്രമാണ് സോഷ്യലിസമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം, അതെല്ലാം വനവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖംതിരിഞ്ഞു നില്ക്കുന്നതായി ബോധ്യപ്പെട്ടതിനാല്‍ വനവാസി സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
അക്കാലത്താണ് ഭാരതീയ ജനസംഘം നേതാവായ സ്വര്‍ഗീയ കെ.ജി.മാരാര്‍ജിയെ കാണാനിടയായത്. ആ സമാഗമം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അതിനെക്കുറിച്ച് സി.എ പറഞ്ഞതിങ്ങനെയാണ്. ‘ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കെ.ജി.മാരാരുടെ കാഴ്ചപ്പാട് എന്നെ ആകര്‍ഷിച്ചു. അവരുടെ സ്വത്വബോധത്തെ ഉണര്‍ത്തിയാല്‍ മാത്രമേ പരിഷ്കരണ ശ്രമങ്ങള്‍ ഗുണകരമാവൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്’. തുടര്‍ന്നാണ് 1964ല്‍ ഭാരതീയ ജനസംഘത്തിന്റെ സഹായത്തോടെ വയനാട് ആദിവാസി സംഘം ആരംഭിക്കുന്നത്. വനവാസിയല്ലാത്ത സി.എ. കുഞ്ഞിരാമന് നായരായിരുന്നു അതിന്റെ ആദ്യത്തെ സംഘടനാ കാര്യദര്‍ശി. മിക്കവാറും എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവരും അല്ലാത്തവരും ആദിവാസി സംഘത്തില്‍ അണിനിരന്നു.
1972ല്‍ വയനാടിനുവേണ്ടി പതിനൊന്നിന അടിയന്തരാവശ്യങ്ങള്‍ തയ്യാറാക്കി വനവാസികളെ സംഘടിപ്പിച്ച് ഇരുപതു ദിവസം നീണ്ടുനിന്ന കാല്‍നടയാത്ര അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് അവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ചെന്ന് വകുപ്പുമന്ത്രിക്ക് നിവേദനവും നല്കി. സി.എ.കുഞ്ഞിരാമന്റെ സംഘടനാ പാടവവും നേതൃപാടവവും ഈ യാത്രയുടെ ആസൂത്രണത്തിലും നടത്തിപ്പിലും പ്രകടമായിരുന്നു. അക്കാലത്ത് ആദിവാസി സ്ത്രീകള്‍ക്ക് നേരെ നടന്ന എല്ലാ ചൂഷണങ്ങള്‍ക്കു നേരെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതികരിച്ചു. സ്വാതന്ത്ര്യാനന്തര കാലത്ത് വയനാട്ടില്‍ വനവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം 2017 ഒക്ടോബര്‍ 5ന് അന്തരിച്ചു.
വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി സെക്രട്ടറിയാണ് ലേഖകന്‍
9495892116
പ്രതികരിക്കാൻ ഇവിടെ എഴുതുക: