ഡെറാഡൂണ്‍: വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ഫോര്‍ ഇ സെന്ററുകള്‍ ആരംഭിക്കുന്നു. വിദ്യാഭ്യാസം (Education), തൊഴില്‍ (Employment), സംരംഭകത്വം (Entrepreneurship), ശാക്തീകരണം (Empowerment) എന്നീ രംഗങ്ങളില്‍ സ്ത്രീകളെ കരുത്തരാക്കാനും അവസരമൊരുക്കാനുമുള്ള സഹായകേന്ദ്രങ്ങള്‍ നടപ്പാക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ ഉദ്ഘാടനം ഡെറാഡൂണില്‍ മഹിളാമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ കേന്ദ്ര റെയില്‍വേ-ടെക്സ്റ്റയില്‍സ് സഹമന്ത്രി ദര്‍ശന ജാര്‍ദോഷ് നിര്‍വഹിച്ചു. ഫോര്‍ ഇ സെന്ററുകള്‍ വഴി സ്ത്രീശാക്തീകരണത്തിലൂടെ ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുമെന്ന് ദര്‍ശന ജാര്‍ദോഷ് പറഞ്ഞു.
മഹിളാമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് വനതി ശ്രീനിവാസന് എംഎല്‍എ അധ്യക്ഷയായി. മഹിളാമോര്‍ച്ച പ്രഭാരി ദുഷ്യന്ത്കുമാര്‍ ഗൗതം എംപി, അഖിലേന്ത്യാ സെക്രട്ടറി പദ്മജ എസ്. മേനോന്, മാല രാജ്യലക്ഷ്മി ഷാ എംപി, റിതു ഖണ്ഡൂരി എംഎല്‍എ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫോര്‍ ഇയുടെ ഭാഗമായി സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളില്‍ കമ്പ്യൂട്ടര്‍ സംവിധാനത്തോടു കൂടിയ സെന്ററുകള്‍ ആരംഭിക്കുമെന്ന് മഹിളാമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പദ്മജ എസ്. മേനോന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: