രാവിലെ കോഴി കൂവുന്നത് കര്‍ണ്ണ കഠോരത്തേക്കാള്‍ ഹൃദയകഠോരമായി കൃഷ്ണ പത്‌നിമാര്‍ കരുതി. കാരണം കൃഷ്ണന്‍ കോഴിയുടെ ശബ്ദം കേട്ടാലുണര്‍ന്ന് ദിനചര്യകള്‍ ആരംഭിക്കും. ഭഗവാന്റെ ഓരോ ദിവസവും ചിട്ടയായി നീങ്ങി.
പ്രഭാതകൃത്യങ്ങളും ജപ-ധ്യാനാദികളും ദാന യജ്ഞാദികളും കഴിഞ്ഞ് കുടുംബാംഗങ്ങളുടെ ക്ഷേമ കാര്യങ്ങള്‍ അന്വേഷിക്കും. അതു കഴിഞ്ഞാലുടന്‍ പ്രജാക്ഷേമവും ഭക്തരുടെ ക്ഷേമവുമാണ്. അതിനായി ഉദ്ധവരേയും സാത്യകിയേയും കൂട്ടി സഭാ ഗൃഹത്തിലെത്തും.
ഒരു ദിവസം ചര്‍ച്ചാവേളയില്‍ ജരാസന്ധ ബന്ധനത്തില്‍ കഴിയുന്ന രാജാക്കന്മാരുടെ ഒരു ദൂതന്‍ ഭഗവാനെ കാണാനെത്തി. ജരാസന്ധനെ വധിച്ച് തങ്ങളെ മോചിപ്പിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. പതിനായിരം ഗജവീരന്മാരുടെ കരുത്തുള്ളവനാണ് ജരാസന്ധന്‍. കൂടാതെ വരബലത്തിന്റെ പുറം പകിട്ടും ഉണ്ട്. ഏതായാലും ദൂതന്റെ ആഗ്രഹം സാധിപ്പിക്കണം എന്നുതന്നെയായിരുന്നു കൃഷ്ണന്റെ ഉദ്ദേശ്യം.
ദൂതനുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടയിലാണ് നാരദര്‍ സഭയിലെത്തിയത്. നാരദര്‍ വെറുതെ ഒരിടത്തു വരില്ല. എന്തെങ്കിലും ഈശ്വരീയ കാര്യത്തിനുവേണ്ടിയാണ് നാരദര്‍ വരിക. ഭഗവാന്‍ എഴുന്നേറ്റുചെന്ന് നാരദരെ സ്വീകരിച്ചു ആനയിച്ചു. യാത്രയുടെ ഉദ്ദേശ്യം അന്വേഷിച്ചു.
നാരദര്‍ പറഞ്ഞു: അങ്ങേക്കറിയാത്തതായി യാതൊന്നും എനിക്കു ബോധിപ്പിക്കാനില്ല. എങ്കിലും അവിടുത്തെ മനുഷ്യനാട്യം അനുസരിച്ചു പറയാം. കുന്തീപുത്രന്‍ ധര്‍മ്മജന്‍ രാജസൂയ യാഗം നടത്താനാഗ്രഹിക്കുന്നു. അതില്‍ അങ്ങയുടെ സാന്നിദ്ധ്യവും അനുഗ്രഹവും വേണമെന്ന് പാണ്ഡവന്മാര്‍ ആഗ്രഹിക്കുന്നു.
രാജാക്കന്മാരുടെ ദൂതനറിയിച്ച കാര്യവും നാരദറിയിച്ച കാര്യവും തുല്യ പ്രാധാന്യമുള്ളതാണ്. ഏതിനു പ്രഥമ ഗണന നല്‍കണം എന്നറിയുന്നില്ല. ഭഗവാന്‍ തന്റെ മന്ത്രി പുംഗവനായ ഉദ്ധവരെ വിളിച്ചു കാര്യം അവതരിപ്പിച്ചു. ഉദ്ധവര്‍ പറഞ്ഞു. അങ്ങയുടെ ഉദ്ദേശ്യം പോലെ രണ്ടും ഒന്നിച്ചു നിര്‍വഹിക്കുക. ഭഗവാന് തന്നോടുള്ള സ്‌നേഹംകൊണ്ടാണ് അഭിപ്രായം ചോദിക്കുന്നതെന്ന് ഉദ്ധവര്‍ക്കറിയാം.
അതെ. ഉദ്ധവര്‍ പറഞ്ഞതുപോലെ രണ്ടു കാര്യവും ഒന്നിച്ചു നിവര്‍ത്തിക്കാം. നാളെത്തന്നെ പുറപ്പെടാം.
അടുത്ത ദിവസം തന്നെ ഭീമസേനനും അര്‍ജ്ജുനനും കൃഷ്ണനുംകൂടി രാജസൂയത്തിനായി ജരാസന്ധനെ ജയിക്കാന്‍ നിശ്ചയിച്ചു യാത്രയായി. ജരാസന്ധന്‍ വരബലംകൊണ്ട് വജ്രതുല്യ ശരീരബലം ഉള്ളവനാണ്. ഭീമസേനനു മാത്രമേ അവനെ നിഗ്രഹിക്കാനാവൂ. നേരിട്ടു യുദ്ധത്തില്‍ ജയിക്കലും അശുഭമായിരിക്കും. കാരണം ജരാസന്ധന്റെ സൈന്യം അതിവിപുലമാണ്. രണ്ടുഭാഗത്തും ചേര്‍ന്ന് നൂറു അക്ഷൗഹിണി പട യുദ്ധത്തില്‍ നശിക്കും. അതു രാജസൂയ യാഗത്തിന്റെ പ്രൗഢി കുറയ്‌ക്കും. സൈന്യവുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കി ദ്വന്ദ്വയുദ്ധമുറ തെരഞ്ഞെടുക്കാനാണ് അവര്‍ നിശ്ചയിച്ചത്.
മൂവരും ബ്രാഹ്മണ വേഷത്തില്‍ ജരാസന്ധനെ കണ്ടു. ജരാസന്ധന്‍ ആചാരമര്യാദ പ്രകാരം തന്നെ അവരെ സ്വീകരിച്ചു. അവന്‍ വന്ന കാര്യം പറഞ്ഞു.
‘ഞങ്ങള്‍ ആഗ്രഹിക്കുന്ന ഭിക്ഷ തരാമെന്നു വാക്കു തരണം.’
ബ്രാഹ്മണരുടെ കൈകളില്‍ ഞാണ്‍ തഴമ്പു കണ്ട ജരാസന്ധന്‍ അവര്‍ പ്രഛന്ന വേഷം ധരിച്ചതാണെന്നു തിരിച്ചറിഞ്ഞു. എങ്കിലും അവരോടു പറഞ്ഞു.
എന്റെ ശിരസ്സുവേണമെന്നു പറഞ്ഞാലും നിങ്ങള്‍ക്കുവേണ്ടി തരാന്‍ ഒരു ഒരുക്കമാണ്.
ഭഗവാന്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കുവേണ്ടത് ഭിക്ഷ ദ്വന്ദ്വയുദ്ധമാണ്.’
ജരാസന്ധന്‍ പറഞ്ഞു ‘ഞാന്‍ ക്ഷത്രിയരോടു മാത്രമേ യുദ്ധം ചെയ്യൂ.’ അര്‍ജ്ജുനനെ കണ്ടു പറഞ്ഞു. ഇവന് ക്ഷത്രിയ ലക്ഷണമുണ്ട്. പക്ഷേ ഇവന്‍ എനിക്കു ഇര പോരാ. ഭീമനെ ചൂണ്ടി പറഞ്ഞു. ഇവന്ന് കണ്ടാല്‍ അത്യാവശ്യം തടിമിടുക്കുണ്ട്. ഇവനെ വേണമെങ്കില്‍ ഞാന്‍ ദ്വന്ദ്വയുദ്ധത്തിനു വിളിക്കാം.
ഭഗവാന്റെ ഉദ്ദേശ്യംപോലെ തന്നെ കാര്യങ്ങള്‍ നീങ്ങി. ഭീമസേനനും ജരാസന്ധനും തമ്മിലിടഞ്ഞു. ഗദായുദ്ധം ആരംഭിച്ചു. ആ യുദ്ധങ്ങള്‍ തമ്മിലിടഞ്ഞപ്പോള്‍ മേഘഗര്‍ജ്ജനം മുഴങ്ങി. ഭൂമി കുലുങ്ങി. കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. മരങ്ങള്‍ കടപുഴകി. ഗദ ജരാസന്ധന്റെ ശരീരത്തിലേറ്റപ്പോള്‍ ഗദ പൊടിഞ്ഞു പൊടിതുല്യമായി. ആര്‍ക്കും ജയ പരാജയങ്ങള്‍ പ്രവചിക്കാന്‍ വയ്യാതായി. പകല്‍ യുദ്ധം രാത്രി മിത്രം. ഇപ്രകാരം ഇരുപത്തേഴു ദിനരാത്രങ്ങള്‍ കഴിഞ്ഞു. ജരാസന്ധന്റെ ഉല്‍പ്പത്തിപോലെത്തന്നെ വിനാശവും വേണമെന്ന് ഭഗവാന്‍ കണക്കാക്കി.
ജരാസന്ധന്റെ ജന്മം തന്നെ വിചിത്രമായിരുന്നു. മഗധരാജാവായിരുന്ന ബൃഹദ്രഥനാണ് പിതാവ്. അദ്ദേഹം ജര എന്ന രാക്ഷസിയെ ഉപാസിച്ചിരുന്നു. ജര മനുഷ്യരോടു സ്‌നേഹമുള്ള രാക്ഷസിയാണ്. ഉപദ്രവകാരിയല്ല. അവളെ ആരാധിച്ചാല്‍ മറ്റു രാക്ഷസികളുടെ ഉപദ്രവമുണ്ടാകില്ലത്രേ. ജരയുടെ രൂപം ചുമരില്‍ കൊത്തിവച്ചാണ് ബൃഹദ്രഥന്‍ ആരാധിച്ചിരുന്നത്.
കാശി രാജാവിന്റെ രണ്ടു പുത്രിമാരായിരുന്നു ജരാസന്ധന്റെ അമ്മമാര്‍. ഇതെങ്ങനെ രണ്ടമ്മമാര്‍ എന്നു സംശയം തോന്നിയില്ലേ? പറയാം. ബൃഹദ്രഥന് പുത്രന്മാരില്ലാതെ വളരെക്കാലം ദുഃഖിച്ചു കഴിഞ്ഞു. ഒടുവില്‍ ഗൗതമപുത്രനായ ചണ്ഡകൗശികന്‍ സഹായിച്ചു. അദ്ദേഹം മന്ത്രം ജപിച്ച ഒരു മാമ്പഴം ബൃഹദ്രഥനെ ഏല്‍പ്പിച്ചു പറഞ്ഞു. ഇതു രാജപത്‌നിക്കു നല്‍കൂ. പുത്രനുണ്ടാകും.
രണ്ടു പത്‌നിമാരുള്ള വിവരം മുനിയെ ധരിപ്പിച്ചിരുന്നില്ല. എന്തായാലും ബൃഹദ്രഥന്‍ കരുതി. പങ്കിട്ടു രണ്ടു പത്‌നിമാര്‍ക്കും നല്‍കാം. രണ്ടു പുത്രന്മാരുണ്ടാകട്ടെ. എന്നാല്‍ ഭാര്യമാര്‍ പ്രസവിച്ചപ്പോള്‍ ഒരു കുഞ്ഞിന്റെ ഇടതു വലതുമായി രണ്ടുഭാഗങ്ങളായിട്ടായിരുന്നു. അതിനാല്‍ രണ്ടും ചാപിള്ളയായി കിടന്നു. രാജ്ഞിമാരതിനെ കളയാന്‍ തുനിഞ്ഞു. ജര സഹായത്തിനെത്തി കുട്ടിയുടെ രണ്ടു ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞു ജീവിക്കുകയും ചെയ്തു. അങ്ങനെയാണ് അവന് ജരാസന്ധന്‍ എന്ന പേരു വന്നത്. ഈ കാര്യം കൃഷ്ണന് അറിയാമായിരുന്നു. ജരാസന്ധന്റെ ശരീരഭാഗങ്ങള്‍ വജ്രതുല്യമാണെന്നും ആയുധങ്ങള്‍ ആ ശരീരത്തില്‍ തട്ടിയാല്‍ പൊടിഞ്ഞുപോകുമെന്നും അറിഞ്ഞിരുന്നു. അതിനാല്‍ അടുത്ത ദിവസം യുദ്ധവേളയില്‍ ഭഗവാന്‍ ഭീമന്‍ കാണ്‍കെ ഒരു ഇല വലിച്ചുകീറി ദൂരക്കളഞ്ഞു. അതിന്റെ പൊരുള്‍ ഭീമന്‍ മനസ്സിലാക്കുകയും ചെയ്തു.
യുദ്ധത്തില്‍ സ്വല്‍പ്പം ക്ഷീണിതനായ ഭീമന്‍ പെട്ടെന്ന് ഉന്മേഷവാനും വര്‍ദ്ധിത ബലവാനുമായിട്ടു കാണപ്പെട്ടു. ഭഗവാന്‍ തന്റെ ചൈതന്യം ഭീമനില്‍ ആവാഹിച്ചതായിരുന്നു അതിന്റെ രഹസ്യം. ഭീമന്റെ വര്‍ദ്ധിത പരാക്രമത്തിനു മുന്നില്‍ ജരാസന്ധന്‍ ചേമ്പിന്‍തണ്ടുപോലെ ദുര്‍ബലനായിത്തീര്‍ന്നു. ജരാസന്ധന്റെ ഒരു പാദം ഇടതുകാല്‍ കൊണ്ടു ചവിട്ടിപ്പിടിച്ചു. മറ്റേക്കാല്‍ പിടിച്ചുവലിച്ചു. ജന്മസമയത്തെപ്പോലെ ജരാസന്ധന്‍ നടുകെ പിളര്‍ന്ന് രണ്ടു ഭാഗമായി. രണ്ടു പകുതികളും രണ്ടു ഭാഗത്തേക്കാക്കി തൂക്കിയെറിയപ്പെട്ടു. അതോടെ ‘ജരാസന്ധന്‍’ ‘ഭീമഛേദിത’നായി കാലപുരിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക