അബുദാബി : ഷഹീന് ചുഴലിക്കാറ്റിന്റെ അപകട സാധ്യത പ്രവചനാതീതമായതിനാല്‍ യുഎഇയുടെ കിഴക്കന്‍ തീരത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രദേശത്ത് താമസിക്കുന്ന എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖില്‍ ഞായറാഴ്ച രാത്രി തീരംതൊട്ട ഷഹീന് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സുവൈഖ്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി (എന്‍സിഎം) ട്വിറ്ററില്‍ ഒമാന്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരമാലകള്‍ തീരത്ത് നിന്ന് 10 അടി ഉയരത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു.എന്‍സിഎമ്മിന്റെ റെഡ് അലര്‍ട്ട് ലഭിച്ച പ്രദേശത്തെ താമസക്കാര്‍ ”അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഞായറാഴ്ച വൈകുന്നേരം 5.25 ന് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം തിങ്കളാഴ്ച വൈകുന്നേരം വരെ തുടരും. ഒമാനിലെ മുസന്ന – സുവെഖ് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗതയായിരുന്നു ചുഴലിക്കാറ്റിന് ഉണ്ടായിരുന്നത്. പിന്നീട് വേഗത 102 മുതല്‍ 116 കിലോമീറ്റര്‍ വരെയായി കുറഞ്ഞു. ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു കുട്ടി ഉള്‍പ്പെടെ മൂന്നു മരണങ്ങളാണ് ഷഹീന് ചുഴലിക്കാറ്റുമൂലം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: