തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് പ്രതി മോന്സണ് മാവുങ്കലിന്റെ ശേഖരത്തിലുണ്ടെന്നു പറയുന്ന മാന്ത്രികവിളക്ക് തിരുവനന്തപുരത്തെ മണ്‍പാത്ര നിര്‍മാണത്തൊഴിലാളി നിര്‍മിച്ച മണ്‍വിളക്ക്. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സായി കൃപയില്‍ രാജേന്ദ്രനാണ് ഈ വിളക്ക് നിര്‍മിച്ചത്. രാജേന്ദ്രന് കരവിരുതില്‍ വിരിഞ്ഞ വിളക്കാണ് മോന്സണ് അത്ഭുത വിളക്കെന്ന നിലയില്‍ തട്ടിപ്പിന് ഉപയോഗിച്ചത്.
തന്റെ പുരാവസ്തു ശേഖരത്തില്‍ അതിവിശിഷ്ടമായതാണ് ഈ മാന്ത്രിക വിളക്കെന്നാണ് മോന്സണ് പറയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ വിളക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് മക്കയില്‍നിന്ന് ലഭിച്ചതെന്നാണ് അയാള്‍ അവകാശപ്പെട്ടത്. വിളക്കിന്റെ അടിഭാഗത്തുകൂടി എണ്ണ ഒഴിച്ചശേഷം തിരികെ പിടിച്ച് മുകള്‍ഭാഗത്ത് തിരിയിട്ട് കത്തിക്കാം, എന്നാല്‍ വിളക്ക് തിരികെ പിടിക്കുമ്പോള്‍ ഒരു തുള്ളി എണ്ണ പോലും പുറത്തേക്കു പോകാതെ കത്തും എന്നതാണ് പ്രത്യേകത. ഈ പ്രത്യേകതയാണ് മറ്റുള്ളവര്‍ വിശ്വസിച്ചതും മോണ്സണ് തട്ടിപ്പിനായി ഉപയോഗിച്ചതും.
വിളക്കിന്റെ പ്രത്യേകത വിവരിക്കുന്ന മോന്‍സന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സായിഗ്രാമത്തിലെ മാജിക് ലാമ്പെന്ന് പേരിട്ടിരിക്കുന്ന വിളക്കിനെ കുറിച്ച് പുറംലോകം അറിയുന്നതും ശ്രദ്ധ നേടുന്നതും. പാരമ്പര്യത്തൊഴിലുകള്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് കളിമണ്ണ് ഉത്പന്ന നിര്‍മാണ യൂണിറ്റ് 15 വര്‍ഷത്തിന് മുമ്പ് സായിഗ്രാമത്തില്‍ സ്ഥാപിച്ചത്. ഇതിന്റെ മേല്‍നോട്ടക്കാരനായിരുന്ന ശില്‍പ്പി പാറശ്ശാല സ്വദേശി അപ്പു സ്വാമിയാണ് ഈ വിളക്ക് ആദ്യമായി നിര്‍മിച്ചത്. കളിമണ്ണും മണലും കൊണ്ട് പ്രത്യേക രീതിയിലാണ് ഇത് നിര്‍മിക്കുന്നത്. രാജേന്ദ്രന്
ഈ നിര്‍മ്മാണം പഠിപ്പിച്ചതും അപ്പുസ്വാമിയാണ്. തങ്ങള്‍ നിര്‍മ്മിച്ച വിളക്കുകള്‍ ധാരാളം ആളുകള്‍ വാങ്ങിയിട്ടുണ്ടെന്ന് രാജേന്ദ്രന് പറയുന്നു. ഇപ്പോള്‍ ദൃശ്യങ്ങളില്‍ കാണുന്ന ഈ വിളക്ക് തന്റെ നിര്‍മിതിയാണെന്നും രാജേന്ദ്രന് ഉറപ്പിച്ച് പറയുന്നു. 100 രൂപയ്ക്കാണ് ഈ വിളക്ക് ഇവിടെ നിന്ന് വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: