ലക്ഷദ്വീപില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയുടെ അനാച്ഛാദനം, ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ ജമ്മു കാശ്മീര്‍ സന്ദര്‍ശനം, ഗാന്ധിജയന്തിദിനത്തില്‍ രാജ്യം ദര്‍ശിച്ച രണ്ട് മനോഹരകാഴ്ചകളായിരുന്നു ഇവ. ഏതു ദേശസ്നേഹിയുടേയും മനസ്സില്‍ അഭിമാനവും ആനന്ദവും ഉളവാക്കുന്ന വാര്‍ത്തകള്‍. രാജ്യം എങ്ങോട്ട് എന്നതിന് വ്യക്തമായ സൂചന നല്കുന്ന പരിപാടികള്‍.
നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഡോ. മോഹന്‍ ഭാഗവത് ജമ്മു കാശ്മീരില്‍ എത്തിയത്. ശ്രീനഗറില്‍ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്ത സമ്മേളനത്തില്‍ അദ്ദേഹം മുന്നോട്ടു വച്ചത്, വ്യവസ്ഥാപരിവര്‍ത്തനത്തിനൊത്ത് സമാജപരിവര്‍ത്തനം സാധ്യമാക്കേണ്ടതിന്റെ ചുമതല ജമ്മു കാശ്മീരിലെ പ്രബുദ്ധ ജനത ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശമാണ്. ‘370-ാം വകുപ്പ് റദ്ദാക്കിയത് വ്യവസ്ഥാപരിവര്‍ത്തനമാണ്. ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രക്ഷോഭത്തിന്റെയും ബലിദാനത്തിന്റെയും സാഫല്യമാണ് അത്. പക്ഷേ വ്യവസ്ഥ മാറിയതു കൊണ്ട് മാത്രം കാര്യമില്ല. സമാജ പരിവര്‍ത്തനം ഉണ്ടാകണം. സമാനമായ ലക്ഷ്യത്തോടെയുള്ള ഒത്തുചേരലാണത്. സമാജ പരിവര്‍ത്തനം നടപ്പാക്കുന്നതില്‍ ഓരോ വ്യക്തിക്കും സുപ്രധാനപങ്കുണ്ട് ‘. ലോകത്തിലെ ഏറ്റവും വലിയ വ്യക്തിനിര്‍മ്മാണ പ്രസ്ഥാനത്തിന്റെ സാരഥിക്ക് കശ്മീര്‍ മണ്ണില്‍ നിന്ന് ഇത് പറയാന്‍ സാഹചര്യമൊരുക്കിയത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 (എ), 370 എന്നിവ റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ചരിത്ര തീരുമാനമാണ്. രണ്ടു വര്‍ഷം മുമ്പ് നടന്ന ആ നടപടിയിലൂടെ ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയാണ് ഇല്ലാതായത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അതിര്‍ത്തി പങ്കിടുന്ന മേഖലകളും പരിഗണിച്ചു ജമ്മു – കശ്മീരും ലഡാക്കും വേര്‍പിരിച്ച് ഭരണസംവിധാനം ശക്തമാക്കി. ജമ്മുകശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശമായി അംഗീകരിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വൈകാരിക വിഷയമായി ആളിക്കത്തിക്കാന്‍ തീവ്രവാദികളും ഭീകരവാദികളും കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകളും ശ്രമിച്ചു. ശത്രുരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ‘ആസാദി’ മുദ്രാവാക്യങ്ങള്‍ സര്‍വ്വകലാശാലകളിലൂടെയും പത്രമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ദേശീയതയുടെ ആധാരശിലകളെ തള്ളിപ്പറഞ്ഞു. രാജ്യത്തുടനീളം പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തികൊണ്ടുവരാന്‍ പ്രതിപക്ഷ പാര്‍ട്ടികളും അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും തീവ്രമായി ശ്രമിച്ചു.
എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതം പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം കശ്മീരില്‍ കണ്ടത്. മുസ്ലീം തീവ്രവാദത്തിന്റെ വിളനിലമായി കശ്മീരിനെ ഉപയോഗിച്ചു വന്നിരുന്ന പാക്കിസ്ഥാന്റെ ഗൂഢതന്ത്രത്തിന് കനത്ത തിരിച്ചടിയായിരുന്നു അത്. ഭരണാധികാരികളും ഭീകരവാദികളും ഒരേ തൂവ്വല്‍ പക്ഷികളായിരുന്ന കാലത്ത് ,
അവഗണനയും അവജ്ഞയും പീഡനവും അനുഭവിച്ച കശ്മീരി ജനത, അവശേഷിക്കുന്ന ജീവിതമെങ്കിലും സന്തുഷ്ടമാക്കുന്നതിനുള്ള പ്രത്യാശാകിരണങ്ങള്‍ക്കായി തിരിച്ചു ചിന്തിക്കാന്‍ തുടങ്ങി. കശ്മീര്‍ പ്രശ്നത്തില്‍ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും വ്യാഖ്യാനങ്ങളും അനാവശ്യവും വസ്തുതാ വിരുദ്ധവും ചരിത്ര സത്യങ്ങളെ തമസ്കരിക്കുന്നതുമാണെന്ന് ജനം തിരിച്ചറിയാന്‍ തുടങ്ങി. കഴിഞ്ഞ 70 വര്‍ഷക്കാലമായി വഞ്ചിക്കപ്പെട്ടതിന്റെ നേര്‍ചിത്രങ്ങള്‍ ആ ജനത ഈറനോടെ ഓര്‍ക്കുന്നു. കശ്മീരിനെ സംബന്ധിച്ച് ഭാരതത്തിന്റെ തീരാകണ്ണീരായിരുന്ന ആ പ്രദേശത്ത് ശാന്തിയും സമാധാനവും പുലരാന്‍ തുടങ്ങി. ദേശീയോദ്ഗ്രഥനം മരീചികയായിരുന്ന കാലം മാറി. ഇന്ത്യന്‍ ഭരണസംവിധാനത്തിനകത്ത് നിന്നുകൊണ്ട് കശ്മീര്‍ പരിവര്‍ത്തന വിധേയമാവുകയാണ്. ഈ പരിവര്‍ത്തനത്തിന് ആക്കം കുട്ടുന്നതാണ് ആര്‍എസ്എസ് സര്‍സംഘചാലകിന്റെ ആഹ്വാനം. അത് ഒരു രാഷ്ട്രതന്ത്രജ്ഞന്റെ സുചിന്തിതമായ ഉപദേശം കൂടിയാണ്.
ഗാന്ധിജയന്തി ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുക എന്നതില്‍ വലിയ വാര്‍ത്തയൊന്നുമില്ല. ഭാരതത്തില്‍ മാത്രമല്ല പ്രമുഖ ലോകരാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ ഗാന്ധി പ്രതിമകള്‍ ഉണ്ട്. ലക്ഷദ്വീപിലെ പ്രതിമ സ്ഥാപനം വാര്‍ത്തയില്‍ നിറഞ്ഞത് അവിടെ പ്രതിമ സ്ഥാപിക്കാന്‍ ചിലര്‍ അനുവദിക്കാതിരുന്നതുകൊണ്ടാണ്. രാജ്യത്ത് ഗാന്ധിജിക്ക് പ്രതിമ ഇല്ലാത്ത ഏക പ്രദേശം കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപിലായിരുന്നു. കുറവു നികത്താന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് അവിടേയക്ക് ഗാന്ധിജിയുടെ മനോഹര പ്രതിമ കൊണ്ടു പോയി. കരയില്‍ ഇറക്കാന്‍ പോലും പ്രതിമ ഹറാമായി പ്രഖ്യാപിച്ചിരുന്നു ചിലര്‍ സമ്മതിച്ചില്ല. ഗാന്ധിജിയുടെ പിതൃത്വവും പേരും പേറുന്നവരായിരുന്നു അന്ന് അധികാരസ്ഥാനങ്ങളില്‍. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ സമഗ്ര വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ക്കെതിരെ വിവാദം ഉണ്ടാക്കിയപ്പോള്‍ ഗാന്ധി പ്രതിമ പ്രശ്നവും ഉയര്‍ന്നു. അതിനൊക്കെ ദ്വീപ് നിവാസികള്‍ നല്കിയ മറുപടിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലക്ഷദ്വീപിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തതോടെ കണ്ടത്. രാജ്നാഥ് സിങ്ങിനെ നാട്ടുകാര്‍ ഭാരത് മാതാ കീ ജയ് വിളികളോടെയായിരുന്നു എതിരേറ്റത്. ‘ലക്ഷദ്വീപിന്റെ രാജ്യസ്നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ട. ലോകത്തിലെ ഒരു ശക്തിക്കും അതിനെ സംശയിക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. തീവ്രവാദം, വിഘടനവാദം എന്നിവ ലക്ഷദ്വീപില്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ നിലപാട് മൂലം പരാജയപ്പെട്ടു’ എന്ന പ്രതിരോധമന്ത്രിയുടെ വാക്കുകളില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുന്ന രാജ്യവിരുദ്ധ ശക്തികള്‍ക്കുള്ള മറുപടി കൂടിയാണ് ജമ്മു കശ്മീരിലേയും ലക്ഷദ്വീപിലേയും ഗാന്ധിജയന്തിദിന കാഴ്ചകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: