മസ്കറ്റ്: ഒമാനില്‍ ആഞ്ഞടിച്ച ഷഹീന് ചുഴലിക്കാറ്റില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു. രണ്ട് പേരെ കാണാതായി.
അല്‍ അമേരത്ത് വിലായത്തില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കുട്ടി ഒഴുകിപ്പോയി. മറ്റൊരാളെ കാണാതായി. വ്യവസായ സോണില്‍ ഒരു മലയിടിഞ്ഞ് വീടിന് മുകളില്‍ വീണ് രണ്ട് ഏഷ്യന്‍ സ്വദേശികള്‍ മരിച്ചു. ചുഴലിക്കാറ്റിന്റെ ശക്തിയിലാണ് മല ഇടിഞ്ഞുവീണത്.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശി. കടലില്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടായി. എ സുവൈഖിലായിരുന്നു ചുഴലിക്കാറ്റ് വന്നിറങ്ങിയത്. അവിടെ ശക്തമായ കാറ്റും ഇടിമിന്നലും മണല്‍ക്കാറ്റും ഉണ്ടായി. ഒമാനിലെ അരുവികള്‍ കരകവിഞ്ഞൊഴുകി. തലസ്ഥാന നഗരിയായ മസ്കത്ത് ഉള്‍പ്പെടെ തെരുവുകള്‍ വെള്ളത്തിനടിയിലായി.
വടക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്‍പ്പെട്ട ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുകയായിരുന്നു. നേരത്തെ ഷഹീന് ചുഴലിക്കാറ്റിനെ നേരിടാന്‍ ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി എല്ലാവധി തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ചുഴലിയുടെ ശക്തി കൂടിയതോടെ തീരപ്രദേശങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഒഴിപ്പിച്ച് അടിയന്തര അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ബര്‍ക, സഹാം, മസ്കറ്റ് എന്നിവിടങ്ങളില്‍ നിന്നായി 2700 പേരെ ഒഴിപ്പിച്ചു. ഒമാനിലേക്കുള്ള വിമാനസര്‍വ്വീസ് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. ഒമാനില്‍ ഞായറും തിങ്കളും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: