മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് അടക്കമുള്ളവര്‍ കോടികളുടെ ലഹരിമരുന്ന് പാര്‍ട്ടി നടത്തിയ കപ്പല്‍ മുംബൈയില്‍ എത്തിയത് കൊച്ചിയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് കോര്‍ഡിലിയ ക്രൂസ് കപ്പല്‍ മുംബൈയില്‍ എത്തിയത്. കപ്പലിന്റെ ഉള്ളില്‍ നിന്ന് കണ്ടെത്തിയ കൊക്കെയ്ന്‍, ഹഷീഷ്, എം.ഡി.എം.എ എന്നിവ കൊച്ചിയില്‍ നിന്നാണോ എത്തിച്ചതെന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പരിശോധിക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും കപ്പലില്‍ കയറിയവരുടെയും ഇറങ്ങിയവരുടെയും യാത്രവിവരങ്ങള്‍ എന്‍സിബി ശേഖരിച്ചിട്ടുണ്ട്. ഇവരെ വേണ്ടിവന്നാല്‍ ചോദ്യം ചെയ്തേക്കുമെന്നും അന്വേഷണ സംഘം ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച്ച കൊച്ചിയില്‍ എത്തിയ കോര്‍ഡേലിയ ക്രൂയിസിന് കേരള സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു. വേലകളി, പഞ്ചവാദ്യം, താലപ്പൊലി എന്നിവയോടെയാണ് 399 ആഭ്യന്തര വിനോദ സഞ്ചാരികളുമായി എത്തിയ കപ്പലിന് സ്വീകരണം നല്‍കിയത്. കേരള ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ. രാധാകൃഷ്ണന്, ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ജി. അഭിലാഷ് തുടങ്ങിയവര്‍ നേരിട്ടെത്തിയാണ് കപ്പലിലുണ്ടായിരുന്ന സഞ്ചാരികളെ വരവേറ്റത്. കേരള ടൂറിസം വകുപ്പ് ഔദ്യോഗികമായി സ്വീകരണം നല്കി തിരിച്ച് അയച്ച കപ്പലില്‍ നിന്നാണ് കോടികളുടെ വിലയുള്ള ലഹരി പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
800 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന കൂറ്റന്‍ കോര്‍ഡിലിയ കപ്പലില്‍ 794 റൂമുകളുണ്ട് . കൊച്ചിയിലെത്തിയ സമയത്ത് 1200 യാത്രക്കാരെ കൂടാതെ 692 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു .ഫൈവ്സ്റ്റാര്‍ ഹോട്ടലിന് സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണിത് .കെല്‍റ്റിക് ഭാഷയില്‍ കടലിന്റെ മകളെന്നാണ് ‘കൊര്‍ഡെലിയ’യുടെ അര്‍ത്ഥം. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലെ ഐആര്‍സിടിസിയാണ് കൊര്‍ഡെലിയ ക്രൂയിസ് കപ്പല്‍ സര്‍വീസ് നടത്തുന്നത്.
നീന്തല്‍ക്കുളം, മൂന്ന് റെസ്റ്റോറന്റുകള്‍, ഫിറ്റ്നസ് സെന്ററുകള്‍, സ്പാ, തിയേറ്ററുകള്‍, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാര്‍ട്ടികള്‍, അഞ്ച് ബാറുകള്‍, ലൈവ് ബാന്‍ഡുകള്‍, ഷോപ്പിംഗ് സൗകര്യങ്ങള്‍ എന്നിവ കൊര്‍ഡെലിയയിലുണ്ട് .. നൂറിലധികം വിഭവങ്ങള്‍ ഉള്‍പ്പെടുന്ന മെനുകളാണ് റെസ്റ്റോറന്റുകളില്‍ ഉള്ളത് . കുട്ടികള്‍ക്കായുള്ള വലിയ പ്ലേ ഏരിയയും ലിഫ്റ്റുകളുമുണ്ട്. ലൈവ് മ്യൂസിക് ഷോ, ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കപ്പിലില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് എന്‍സിബി അപ്രതീക്ഷിത പരിശോധന നടത്തുന്നത്. നിരോധിത ലഹരി മരുന്നുകള്‍ കണ്ടെടുത്തതോടെ കപ്പലിലുണ്ടായിരുന്ന എല്ലാവരെയും കസ്റ്റഡിയിലെടുത്തു. ആര്യനെ ലഹരി പാര്‍ട്ടിക്ക് സംഘാടകര്‍ അതിഥിയായി എത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആര്യനെ കൂടാതെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായുടെ മക്കളും പാര്ട്ടിയിലുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്യന് ഖാന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്മുന് ധമേച്ച എന്നിവരെയും എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് കോര്‍ഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. ‘
കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. ആര്യന് ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുംബൈയിലെ പയ കേന്ദ്രങ്ങളിലും എന്‍.സി.ബി. സംഘം റെയ്ഡ് നടത്തുകയാണ്.
എക്സ്റ്റസി, കൊക്കെയ്ന്‍, എംഡി (മെഫെഡ്രോണ്‍), ചരസ് തുടങ്ങിയ മരുന്നുകള്‍ കപ്പലില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കപ്പല്‍ മുംബൈയില്‍ നിന്ന് കടലില്‍ പോയതിന് ശേഷമാണ് പാര്‍ട്ടി ആരംഭിച്ചത്. ”പ്രതികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും പ്രതികളെ എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കുകയും ചെയ്യും,” ഒരു മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. കപ്പലിലെ ലഹരിപാര്‍ട്ടിയെ സംബന്ധിച്ച് 15 ദിവസം മുമ്പ് തന്നെ എന്‍.സി.ബിക്ക് രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കപ്പലില്‍ പാര്‍ട്ടി നടക്കുമെന്നും നിരോധിത ലഹരിമരുന്നുകള്‍ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ടായിരുന്നു. തുടര്‍ന്നാണ് എന്‍.സി.ബി. സംഘം യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: