മുംബൈ: ആഡംബരക്കപ്പലില്‍ നിശാപാര്‍ട്ടിയില്‍ മയക്കമരുന്ന് ഉപയോഗിച്ചതിന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ട് മുംബൈ കോടതി ഉത്തരവിട്ടു. കൂടെ പ്രതികളായ രണ്ട് പേരെയും കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.
ഒക്ടോബര്‍ നാല് തിങ്കളാഴ്ച വരെയാണ് എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എന്‍സിബിക്ക് വേണ്ടി കേസ് വാദിച്ച അദ്വൈത് സെത്ന പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇന്നലെ രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ പാര്‍ട്ടിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് താരപുത്രനെ അറസ്റ്റ് ചെയ്തത്. ലഹരിമാഫിയകളുമായുള്ള ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് ഖാന്റെ 23-കാരനായ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്. റെയ്ഡിന് ശേഷം ചോദ്യം ചെയ്യപ്പെട്ട എട്ട് പേരില്‍ ഒരാളായിരുന്നു ആര്യന്‍ ഖാന്‍.
ആര്യന്‍ ഖാന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച്ച എന്നിവരെയും എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് കോര്‍ഡേലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ റെയ്ഡ് നടത്തി ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുംബൈയിലെ പയ കേന്ദ്രങ്ങളിലും എന്‍.സി.ബി. സംഘം റെയ്ഡ് നടത്തുകയാണ്. എക്സ്റ്റസി, കൊക്കെയ്ന്‍, എംഡി (മെഫെഡ്രോണ്‍), ചരസ് തുടങ്ങിയ മരുന്നുകള്‍ കപ്പലില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക