Categories: Travel

കറുപ്പിനേനഴക്

ലോകം കീഴടക്കിയ പലരും കറുത്ത നിറക്കാരായിരുന്നു. ശ്രീകൃഷ്ണനും മഹാത്മാഗാന്ധിയും നെല്‍സണ്‍ മണ്‍ഡേലയും ഒക്കെ കറുത്തവര്‍. എന്നെ പോലെ കറുത്ത നിറക്കാര്‍ക്ക് ആത്മവിശ്വാസത്തിന് ചൂണ്ടിക്കാണിക്കാവുന്ന മഹാന്മാര്‍. എന്നാലും കറുപ്പ് അഴകിന്റെ നിറമായി ആരും ഗണിച്ചിട്ടില്ലെന്നത് ലോക സത്യം. എന്നാല്‍ ഒരാളേയോ ഒരു സമൂഹത്തേയോ തിരിച്ചറിയാനും സംബോധന ചെയ്യാനും കറുപ്പ് ഉപയോഗിക്കുക. വിളിക്കുന്നവനും വിളിക്കപ്പെടുന്നവനും അതില്‍ കുഴപ്പമില്ലാതിരിക്കുക. അവന്‍ കറമ്പനാണെന്ന് ഒരാളെക്കുറിച്ചും ഞാന്‍ കറമ്പനാണെന്ന് സ്വയവും പറയുന്നതില്‍ ഒരു പ്രശ്‌നമില്ലെന്ന് തിരിച്ചറിഞ്ഞത് അമേരിക്കയിലാണ്.

ആഫ്രിക്കയില്‍ നിന്ന് ജോലിക്കായി അടിമകളായി കൊണ്ടുവന്നവരുടെ പിന്മുറക്കാരാണ് ഇന്നത്തെ അമേരിക്കയിലെ കറമ്പന്‍മാര്‍. നീഗ്രോ എന്നായിരുന്നു ആദ്യകാലത്ത് പറഞ്ഞിരുന്നത്. പിന്നീട് ഈ പദം നിന്ദാസൂചകമായി മാറി. ഇന്ത്യയില്‍ ഹരിജന്‍ എന്ന പദത്തിനു സംഭവിച്ചതു പോലെ. ഇപ്പോള്‍ ആഫ്രിക്കന്‍ അമേരിക്കന്‍ എന്ന പദമാണ് ഇവരെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. അമേരിക്കന്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം വരും കറുപ്പന്‍മാര്‍.

വെര്‍ജീനിയയില്‍ ജയിംസ്ടൗണ്‍ തുറമുഖത്ത് 1619ല്‍ 20 നീഗ്രോ വംശജരെ ജോലിക്കായി കൊണ്ടുവന്നിറക്കിയതോടെയാണ് ആഫ്രിക്കന്‍അമേരിക്കന്‍ വംശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. പോര്‍ച്ചുഗല്‍, ഹോളണ്ട്, സ്‌പെയിന്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് വരുമാനം കൊയ്യാന്‍ പറ്റിയ മാര്‍ഗമായി അമേരിക്കയിലേക്കുള്ള കറുത്ത വര്‍ഗക്കാരുടെ ഇറക്കുമതി. യൂറോപ്പില്‍ നിന്നും തിരിക്കുന്ന കപ്പലുകളില്‍ ചരക്കുകള്‍ നിറച്ച് ആഫ്രിക്കന്‍ തീരത്തെത്തി വില്‍പന നടത്തുന്നു. ആഫ്രിക്കന്‍ ഗോത്ര തലവന്‍മാര്‍ യൂറോപ്യന്‍മാര്‍ക്ക് വില്‍ക്കാനായി ഒരു പറ്റം മനുഷ്യരെ ഒരുക്കി നിര്‍ത്തിയിട്ടുണ്ടാകും. ഇങ്ങനെ പിടിച്ചുവച്ചിട്ടുള്ള അടിമകളെ കപ്പലില്‍ നിറയ്‌ക്കുന്നു. ചങ്ങലകളാല്‍ ബന്ധിച്ച് കുത്തി നിറയ്‌ക്കപ്പെട്ട മനുഷ്യരേയും കൊണ്ട് കപ്പലിന്റെ അടുത്ത യാത്ര പടിഞ്ഞാറോട്ടാണ്. അറ്റ്‌ലാന്റിക് സമുദ്രം കടന്ന് അമേരിക്കന്‍ തുറമുഖത്ത് എത്തുന്നതിനിടയില്‍ നല്ലൊരു ശതമാനം പേരും മരിച്ചു കഴിഞ്ഞിരിക്കും. അവശേഷിക്കുന്നവരെ സ്വീകരിക്കാന്‍ തുറമുഖത്ത് മധ്യവര്‍ത്തികള്‍ കാത്തു നില്‍പുണ്ടാകും. അടിമകളെ അവിടെയിറക്കിയ ശേഷം അമേരിക്കന്‍ കൃഷിത്തോട്ടങ്ങളില്‍ നിന്നുള്ള പരുത്തി, പഞ്ചസാര, പുകയില എന്നിവയും കയറ്റി തിരികെ യൂറോപ്പിലേക്ക്. ത്രികോണ കച്ചവടം.

അമേരിക്കയിലെ വന്‍ കൃഷിത്തോട്ടങ്ങളില്‍ പണിയെടുക്കാനായി ഇത്തരത്തിലെത്തിയവര്‍ നിയോഗിക്കപ്പെട്ടു. കൃഷിയിടങ്ങളും കൃഷിക്കാരും പെരുകിയതനുസരിച്ച് അടിമത്തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചു. ‘അബോളിഷനിസ്റ്റുകള്‍’ എന്നറിയപ്പെടുന്ന അടിമത്ത നിര്‍മാര്‍ജ്ജന സംഘടനകള്‍ 18ാം നൂറ്റാണ്ടില്‍ യു.എസ്സിന്റെ നാനാഭാഗങ്ങളിലും ഉദയം ചെയ്തു തുടങ്ങി. വിമോചന പ്രസ്ഥാനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതോടെ തോട്ടമുടമകളും തങ്ങളുടെ ശക്തിവര്‍ദ്ധിപ്പിക്കാനാരംഭിച്ചു. തെക്കന്‍ സംസ്ഥാനങ്ങള്‍ അടിമത്തം നിലനിര്‍ത്തുന്നതിനായി നിലകൊണ്ടു. പ്രശ്‌നത്തിന് പരിഹാരം സായുധസംഘട്ടനം മാത്രമാണെന്ന നില വന്നു.

അടിമകള്‍ അക്ഷരം അഭ്യസിക്കുന്നത് നിരോധിക്കപ്പെട്ടു. ശരിയായ വിവാഹവും കുടുംബ ജീവിതവും പലയിടത്തും അവര്‍ക്ക് നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസവും സാംസ്‌കാരിക ജീവിതവും അടിമത്തത്തിന് വിരാമമിടും എന്നറിഞ്ഞതുകൊണ്ടാണ് ഇത്തരത്തില്‍ ചട്ടമുണ്ടാക്കിയത്. അനുസരണക്കേടു കാണിക്കുന്ന അടിമകളെ മര്‍ദ്ദിക്കാന്‍ ഉടമകള്‍ക്കും മേല്‍നോട്ടക്കാര്‍ക്കും അനുവാദം നല്‍കിയിരുന്നു. പലപ്പോഴും അടിമകുടുംബങ്ങളിലെ അംഗങ്ങള്‍ പലര്‍ക്കായി വില്‍ക്കപ്പെടുന്നതു മൂലം പലയിടത്തായി ചിതറിക്കപ്പെട്ടു. രക്ഷപ്പെട്ട അടിമകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ‘സ്ലേവ് പട്രോളു’ കളുമുണ്ടായിരുന്നു. 1654 ഓടു കൂടി യു.എസില്‍ അടിമത്തം നിയമപ്രകാരമുള്ളൊരു വ്യവസ്ഥയായി മാറി. ഓരോ സംസ്ഥാനവും വിവിധ രീതിയില്‍ അടിമത്ത നിയമങ്ങള്‍ ആവിഷ്‌കരിച്ചു.

1860ല്‍ ഏബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ പ്രിസഡന്റ് ആയതോടെ അടിമത്തത്തിന്റെ പേരില്‍ ആഭ്യന്തര യുദ്ധവും പുറപ്പെട്ടു. അടിമത്തതിനെതിരെ നിലപാട് എടുത്തവര്‍ക്കായിരുന്നു അന്തിമ വിജയം. 1862ലെ ഭരണഘടനാ ഭേദഗതി വഴി എല്ലാ സംസ്ഥാനങ്ങളിലേയും അടിമത്തം അവസാനിച്ചു.

അടിമവ്യവസ്ഥ അവസാനിച്ചെങ്കിലും കറുത്ത വര്‍ഗ്ഗക്കാരോടുള്ള അസഹിഷ്ണുത പലയിടത്തും തുടര്‍ന്നു. ആഫ്രിക്കന്‍അമേരിക്കന്‍ വര്‍ഗത്തെ ഒറ്റപ്പെടുത്താനുളള പുതിയ നിയമങ്ങളുമായി പല സംസ്ഥാനങ്ങളും രംഗത്തു വന്നു. വെള്ളക്കാരല്ലാത്തവര്‍ക്ക് തുല്യരെങ്കിലും വേര്‍തിരിക്കപ്പെട്ട സമൂഹം എന്ന പദവി ചാര്‍ത്തികൊടുത്തു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, ഗതാഗത സംവിധാനം, ഭക്ഷണശാലകള്‍, വിശ്രമമുറികള്‍ എന്നിവ വ്യവസ്ഥ ചെയ്യപ്പെട്ടു. വോട്ടവകാശം നേടണമെങ്കില്‍ അക്ഷരാഭ്യാസമുണ്ടായിരിക്കണമെന്നും സ്വന്തമായി വീടുവേണമെന്നും തിരഞ്ഞെടുപ്പ് നികുതി നല്‍കിയിരിക്കണമെന്നും വ്യവസ്ഥ വന്നതോടെ കറുത്ത വംശജര്‍ ഏതാണ്ട് പൂര്‍ണ്ണമായും ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. വ്യത്യസ്ത വംശങ്ങള്‍ തമ്മിലുള്ള വിവാഹം നിരോധിച്ചു. അലബാമ, അരിസോണ, മിസിസ്സിപ്പി, വാഷിങ്ടണ്‍ തുടങ്ങി 42 സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്ക് കറുത്തവര്‍ ഇരകളായി. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയും പിഴയും നടപ്പാക്കി.

1965ല്‍ എല്ലാ പൗരന്‍മാര്‍ക്കും തുല്യവോട്ടവകാശം ലഭിച്ചു. അടിച്ചമര്‍ത്തലില്‍ നിന്നും മുഖ്യധാരയിലേക്ക് ആഫ്രിക്കന്‍അമേരിക്കന്‍ വംശജര്‍ സ്വതന്ത്രമായി കടന്നുവന്നു തുടങ്ങിയത് ഇതിനു ശേഷമാണ്. അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ മല്‍സരിക്കാന്‍ 2008 വരെ കാത്തിരിക്കേണ്ടി വന്നു. ബാരക്ക് ഒബാമയാണ് ആദ്യമായി മല്‍സരിച്ചതും. ജയിച്ചതും. ഒബാമ വീണ്ടും ജയിച്ചപ്പോള്‍ ഏഴാം കടലിനക്കരേ അമേരിക്കയിലും കറുപ്പിന് ഏഴ് അഴകുണ്ടാകുകയായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ അടിച്ചമര്‍ത്തലിനെതിരെ പോരാടി കറുത്തവരുടെ ശബ്ദമായി മാറിയ മാര്‍ട്ടിന്‍ ലൂഥര്‍കിങ്, കറുത്ത ജനതയെ കായികലോകത്തിന്റെ നിറുകയിലെത്തിച്ച ജെസ്സി ഓവന്‍സ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രാജ്യതന്ത്രജ്ഞന്‍ ഫെഡറിക് ഡഗ്ലസ്, ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ടെന്നിസ് താരം ആര്‍തര്‍ ആഷ്്, ബോക്‌സിങ് ലോകത്തെ അതികായന്‍ മുഹമ്മദ് അലി, ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം മൈക്കിള്‍ ജോര്‍ഡാന്‍, ഓട്ടത്തിന്റെ രാജാവ് കാള്‍ ലൂയിസ്, ചടുല നൃത്തത്തിന്റെ ലോക പ്രതീകം മൈക്കിള്‍ ജാക്ക്‌സണ്‍ എന്നിവരെപ്പോലെ ലോകം അംഗീകരിച്ച നിരവധി പ്രഗത്ഭര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നവന്നു. എങ്കിലും പൊതുവേ അടിച്ചമര്‍ത്തപ്പെട്ടവരുടെ മാനസികാവസ്ഥയില്‍ നിന്ന് കറുപ്പന്‍മാര്‍ പൂര്‍ണ്ണമായി മോചിപ്പിക്കപ്പെട്ടിട്ടില്ല.

കറുപ്പന്മാരെ നല്ല അയല്‍ക്കാരായി കാണാന്‍ പോലും കഴിയാത്ത സമൂഹങ്ങള്‍ ഇന്നും ഏറെയുണ്ട് അമേരിക്കയില്‍. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സനേഹിക്കുക എന്ന ബൈബിള്‍ വാക്യം പിന്തുടരുന്നവരാണ് വെള്ളക്കാരേറെയെങ്കിലും കറുപ്പന്‍മാരോടുള്ള സമീപനത്തില്‍ ഇത് ദൃശ്യമല്ല.  നിറത്തിന്റെ പേരില്‍ കറുത്തവര്‍ തലമുറയായി ഏറ്റുവന്ന അപമാനങ്ങളുടെ  തുടര്‍ച്ചയായിരുന്നു ജോര്‍ജ് ഫ്‌ളോയിഡ് കൊലപാതകം. സിഗരറ്റ് വാങ്ങാന്‍  കള്ളനോട്ട് കൊടുത്തുവെന്ന ആരോപണത്തിലാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് പിടികൂടുന്നത്. റോഡില്‍ കിടത്തി ഡെറക് ഷോവീനെന്ന പൊലീസുകാരന്‍ കാല്‍മുട്ട് ഫ്‌ളോയിഡിന്റെ കഴുത്തില്‍ അമര്‍ത്തി. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് ഫ്‌ളോയിഡ് പലവട്ടം വിളിച്ചു പറയഞ്ഞു. ഒന്ന് ശ്വസിക്കാനാവാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ഫ്‌ളോയിഡ്  കൊല്ലപ്പെട്ടു. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന് നിസഹായനായി പറയുന്ന ഫ്‌ളോയ്ഡിന്റെ ശബ്ദം അമേരിക്കയുടെ തെരുവുകളെ പിടിച്ചുലച്ചു. ആയിരങ്ങള്‍ തെരുവിലിറങ്ങി. കറുത്ത വര്‍ഗക്കാരന്റെ ജീവന് വിലയുണ്ടെന്ന് അവര്‍ വിളിച്ചു പറഞ്ഞു. പലയിടങ്ങളിലും പ്രക്ഷോഭം അക്രമാസക്തമായി. അറസ്റ്റ് ചെയ്ത പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഫ്ബിഐ അന്വേഷണം ഏറ്റെടുത്തു. പക്ഷേ പ്രതിഷേധക്കാര്‍ അടങ്ങിയില്ല. തെരുവുകള്‍ കത്തി. ലോകമെങ്ങും വംശീയ വെറിക്കെതിരെ പ്രതിഷേധമുയര്‍ന്നു.

ഫ്‌ളോയിഡിനു സമാനമായി കറുത്തകൊല അമേരിക്ക നടത്തിയ കറുത്തകൊലയാണ്  1944 ജൂണ്‍ 16ന്് സ്റ്റിന്നി ജോര്‍ജെന്ന 14 കാരനെ ക്രൂരമായി  ഷോക്കടിപ്പിച്ച് കൊന്നത്. വെള്ളക്കാരായ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസിലാണ് സ്റ്റിന്നിയെ പോലീസ് പിടിച്ചത്. കാര്യമായ തെളിവില്ലാതിരുന്നിട്ടും സ്റ്റിന്നിയാണ് കൊലപാതകി എന്ന് പോലീസ് സ്ഥാപിച്ചെടുത്തു. നിരപരാധിയാണെന്ന്് അറിയാമായിരുന്നുവെങ്കിലും കേസ് നടത്താനാവശ്യമായ പണം സ്റ്റിന്നിയുടെ കുടുംബത്തിനുണ്ടായിരുന്നില്ല. പെണ്‍കുട്ടികളെ സ്റ്റിന്നി ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊന്നുവെന്ന് കോടതി  കണ്ടെത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെങ്ങും ബലാല്‍സംഗം നടന്നതായി രേഖപ്പെടുത്തിയിട്ടില്ലായിരുന്നിട്ടം  സ്റ്റിന്നിയെ വൈദ്യുതക്കസേരയിലിരുത്തി കൊന്നു കളയാന്‍ വിധിച്ചു.  70 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ സ്റ്റിന്നിയുടെ സഹോദരങ്ങള്‍ കോടതിയെ സമീപിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളാണ് പൊലീസ് ഉയര്‍ത്തിയതെന്നും കൊല നടന്നെന്ന് പൊലീസ് പറയുന്ന സമയത്ത് സ്റ്റിന്നി തനിക്കൊപ്പമായിരുന്നുവെന്നും സഹോദരി കോടതിയില്‍ തെളിയിച്ചു.സ്റ്റിന്നിയാണ് കൊല നടത്തിയതെന്ന് സാധൂകരിക്കുന്ന  തെളിവുകളും പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. ഭരണ ഘടനാ അവകാശങ്ങള്‍ ഹനിക്കപ്പെട്ടു എന്നതിനപ്പുറം ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം കേസില്‍ നടന്നതായി കോടതി കണ്ടെത്തുകയും ചെയ്തു.

ഇന്ന് ആത്മ ബോധവും സ്വാതന്ത്ര്യ ദാഹവും ഏറെയുള്ളത് കറുത്തവര്‍ഗ്ഗക്കാരിലാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. കറുമ്പന്‍മാരുടെ ഉന്നമനത്തിനായി നിരവധി ഇളവുകളും സഹായങ്ങളും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കാറുണ്ട്. വരുമാനമില്ലാത്ത കറുമ്പന്‍മാര്‍ക്ക് എവിടെ നിന്നും ആഹാരം കഴിക്കാവുന്ന ഫുഡ് കാര്‍ഡ്, അച്ഛനാരെന്ന് അറിയാത്ത കറമ്പി പ്രസവിക്കുന്ന കുഞ്ഞിന്റെ പൂര്‍ണ്ണ ചെലവ് സര്‍ക്കാര്‍ വക. തുടങ്ങിയ സഹായങ്ങളുണ്ട്. കറമ്പന്‍മാരുടെ അലസതയും മുഖ്യധാരയിലേക്ക് വരാനുള്ള താല്‍പര്യമില്ലായ്മയും തടയിടാന്‍ ഇതൊന്നും കാര്യമായി ഗുണം ചെയ്തിട്ടില്ല.

നിങ്ങളുടെ പൂര്‍വികര്‍ പണിയെടുക്കാതെ ഞങ്ങളുടെ പൂര്‍വികരെ കൊണ്ട് പണി ചെയ്യിച്ചില്ലേ. ഇപ്പോള്‍ നിങ്ങള്‍ ജോലി ചെയ്യ്. ഞങ്ങള്‍ ജീവിതം ആസ്വദിച്ച് തീര്‍ക്കട്ടെ. എന്ന് ചിന്തിക്കുന്ന കറുത്തവരുടെ യുവ തലമുറയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് അമേരിക്ക.

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്‌ച്ചകള്‍ 

09- വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം 

10-ക്യാപിറ്റോള്‍ കുന്നും വെണ്‍സൗധവും

11-വിഗ് പാര്‍ട്ടി ഭരിച്ച അമേരിക്ക

12-വാഷിങ്ടണ്‍ സ്തൂപവും സ്വാതന്ത്ര്യ സമരവും

13- ആഭ്യന്തരയുദ്ധവും അടിമത്തവും

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts