ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലൂടെ 2011ല്‍ ആവേശപൂര്‍വ്വം രാഹുല്‍ഗാന്ധിയെ പിന്നിലിരുത്തി മോട്ടോര്‍ സൈക്കിളോടിച്ച കര്‍ഷക നേതാവ് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
കര്‍ഷകനേതാവും കോണ്‍ഗ്രസ് ഭക്തനുമായിരുന്ന ധീരേന്ദ്രസിങ് ആണ് അന്ന് രാഹുലിനെ പിന്നിലിരുത്തി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത്. ഇപ്പോള്‍ 10 വര്‍ഷം കഴിയുമ്പോള്‍ ധീരേന്ദ്ര സിങിന്റെ വിപരീത മുഖമാണ് തെളിയുന്നത്. കോണ്‍ഗ്രസിന്റെ പുറംപൂച്ചുകള്‍ തിരിച്ചറിഞ്ഞ ഈ ഉത്തര്‍പ്രദേശ് കര്ഷകന് ഇന്ന് മോദിയുടെ ആരാധകനും ജെവാര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎല്‍എയുമാണ്. മോദിയുടെ കാര്‍ഷിക നിയമങ്ങളെ അങ്ങേയറ്റം ആരാധിക്കുകയും ചെയ്യുന്നു ധീരേന്ദ്രസിങ്. 2017ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ധീരേന്ദ്ര സിങ് ജയിച്ചു.
നഷ്ടം പറ്റിയ, കടങ്ങളുള്ള കര്‍ഷകരെയും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ചില കര്‍ഷക സംഘടനകളും ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ധീരേന്ദ്ര സിങ് പറയുന്നു. കാര്‍ഷിക നിയമങ്ങളുടെ ഗുണം അറിയാതെയാണ് ചിലര്‍ ഈ നിയമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതെന്നും ധീരേന്ദ്ര സിങ് എന്ന കര്‍ഷകനായ എംഎല്‍എ പറയുന്നു.
‘ഷിംല മുളക് എന്റെ ഗ്രാമത്തില്‍ അഞ്ച് രൂപയ്ക്കാണ് വില്കുന്നത്. ഇതിന് ബെംഗളൂരുവില്‍ കിലോയ്ക്ക് 20 രൂപ കിട്ടും. എന്തുകൊണ്ട് ഈ ഡിജിറ്റല്‍ യുഗത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ മുളക് ബെംഗളൂരുവില്‍ നേരിട്ട് വിറ്റുകൂടാ? എന്തിനാണ് ലോക്കല്‍ ചന്തകള്‍ (മാണ്ഡികള്‍) കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് വില തീരുമാനിക്കുന്നത്?’- അദ്ദേഹം ചോദിക്കുന്നു.
‘മോദി പ്രധാനമന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹം സ്വാമിനാഥന് റിപ്പോര്‍ട്ട് അഴുക്കുകൂടയില് നിന്നും പോടിതട്ടിയെടുത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാര്ഷികോല്പന്നങ്ങളുടെ താങ്ങുവില കൂട്ടിയത്. തന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതിന് സ്വാമിനാഥന് തന്നെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചിരുന്നു,’ ധീരേന്ദ്രസിങ് പറയുന്നു.
കാര്‍ഷിക വൃത്തിയെ ലാഭകരമായ തൊഴിലാക്കി മാറ്റാനാണ് മോദി ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയാകട്ടെ ഇതിനെ എതിര്‍ത്ത് ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള ചേഷ്ടകള്‍ കാണിക്കുന്നു. കര്‍ഷകരെ സഹായിക്കാനല്ല, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ഈ നീക്കം.- ധീരേന്ദ്ര സിങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: