ഗുവാഹട്ടി: ആസാമിലെ തേയിലത്തോട്ടങ്ങള്‍ക്കും തേയിലത്തൊഴിലാളികള്‍ക്കും ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും കഠിനാധ്വാനവും വിയര്‍പ്പും കൊണ്ട് ‘രാഷ്ട്ര നിര്‍മാതാക്കള്‍’ എന്ന പദവിയിലേക്ക് ഉയര്‍ന്ന വിഭാഗമാണിതെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ടീ ട്രൈബല്‍ ഗോത്രവര്‍ഗക്കാരുടെ ദേശീയ മഹാസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ എല്ലാ കോണുകളിലേക്കും ഈ വിയര്‍പ്പിന്റെ ഫലം എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശകാലഘട്ടത്തില്‍ ആസാം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ച തേയില ഗോത്രസമൂഹത്തിന്റെ ചരിത്രം ഐതിഹാസികമാണ്. ട്രിനിഡാഡിലും ഗയാനയിലും മറ്റും തൊഴിലെടുക്കാനായി അയയ്ക്കപ്പെട്ടവര്‍ എണ്ണമറ്റ വെല്ലുവിളികള്‍ക്കിടയിലും അവരുടെ സംസ്കാരവും ധര്‍മ്മവും മറന്നില്ല.
അതാണ് ഗോത്രവര്ഗസംസ്കൃതിയുടെ സൗന്ദര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുവാഹത്തിയിലെ മദ്ഹബ് ദേവ് ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി രാമേശ്വര്‍ തെലി, വിവിധ തേയില ഗോത്രവിഭാഗങ്ങളുടെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: