തൃശൂര്‍: കൊവിഡ്-19 മഹാമാരി പ്രതിസന്ധിയ്ക്കിടയിലും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിവസവും നൂറുക്കണക്കിന് ഗര്‍ഭിണികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിലുള്ളത് ഏഴ് ഡോക്ടര്‍മാര്‍ മാത്രം. ഇവരില്‍ ഒരാള്‍ ഡെപ്യൂട്ടേഷനിലാണ് ജോലി ചെയ്യുന്നത്.
കൊവിഡ് കാലത്തും ജനറല്‍ ആശുപത്രിയില്‍ പ്രസവങ്ങള്‍ക്ക് ഒട്ടും കുറവില്ല. പ്രതിമാസം 350 പ്രസവങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഒപിയില്‍ ഒരു ദിവസം 300ഓളം ഗര്‍ഭിണികളാണ് ചികിത്സ തേടി എത്തുന്നത്. കൊവിഡ് കാരണം ഇപ്പോള്‍ ഒപിയിലെ സേവനം രണ്ടാക്കി തരം തിരിച്ചിരിക്കുകയാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴും മതിയായ ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
ഡോക്ടര്‍മാരുടെ കുറവ് കാരണം ഇപ്പോഴുള്ള എഴു പേരും മാറി മാറിയുള്ള ദിവസങ്ങളില്‍ 24 മണിക്കൂറും ജോലി ചെയ്യുകയാണ്. ആശുപത്രിയില്‍ മൊത്തം 80 നേഴ്സുമാരുണ്ടെങ്കിലും ഒമ്പത് പേരുടെ തസ്തിക നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ബാക്കിയുള്ള 71 പേര് റോട്ടേഷനടിസ്ഥാനത്തിലാണ് ഗൈനക്കോളജിയടക്കം എല്ലാ വിഭാഗങ്ങളിലും ജോലി ചെയ്യുന്നത്. ഇവര്‍ മാറി മാറി കൊവിഡ് ഡ്യൂട്ടിയും ചെയ്യേണ്ടതുണ്ട്.
കൊവിഡ് പോസിറ്റീവ് ഗര്‍ഭിണികള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും ലേബര്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.
നേഴ്സുമാരുടെ കുറവുമുണ്ട്
മിനിമം സ്റ്റാഫിനെ വെച്ചാണ് ജനറല്‍ ആശുപത്രിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. ഗൈനക്കോളജി വിഭാഗത്തില്‍ ഇപ്പോഴുള്ള ഏഴ് ഡോക്ടര്‍മാര്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നുണ്ട്. പരിമിതിയ്ക്കിടയിലും ഡോക്ടര്‍മാര്‍ മികച്ച സേവനമാണ് നല്‍കുന്നത് രോഗികള്‍ക്ക് ആശ്വാസമാണ്.. ആശുപത്രിയില്‍ നേഴ്സുമാരുടെ കുറവുമുണ്ട്. എന്‍എച്ച്എം കുറച്ച് നഴ്സുമാരെ തന്നിട്ടുണ്ടെങ്കിലും ഷോര്‍ട്ടേജ് തന്നെയാണ്. -ഡോ.ടി.പി ശ്രീദേവി (സൂപ്രണ്ട്, ജനറല്‍ ആശുപത്രി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: