കോഴിക്കോട്: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്, പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രചരിപ്പിച്ച യൂട്യൂബ് വീഡിയോ, നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി വരുമെന്നായപ്പോള്‍ ഒഴിവാക്കി. കെഎസ്ഇബിയില്‍ സംഭവിക്കുന്നത് എന്ത്? എന്ന പേരിലായിരുന്നു വീഡിയോ. വീണ്ടും പിണറായി അധികാരത്തില്‍വന്നത് വൈദ്യുതി രംഗത്തെ നേട്ടങ്ങള്കൊണ്ടാണെന്ന് പറയുന്ന വീഡിയോ, അത് ബോര്‍ഡിലെ സഖാക്കളുടെ പ്രവര്‍ത്തനംകൊണ്ടാണെന്ന് പറയാതെ പറയുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം വരെ കെഎസ്ഇബി അടക്കി വാണ സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ യൂണിയനായ ഓഫീസേഴ്സ് അസോസിയേഷന് ബോര്‍ഡില്‍ ഇപ്പോള്‍ പിടിയില്ല. ഇതിന് കാരണക്കാരായ സംസ്ഥാന നേതാക്കള്‍ക്കെതിരേ ഉള്‍പ്പെടെ സംഘടനയ്ക്കുള്ളിലെ കടുത്ത ഭിന്നതകള്‍ക്കിടയിലാണ് അസോസിയേഷന്റെ യുട്യൂബ് ചാനലില്‍ വീഡിയോ വന്നത്. സംഘടനാ നേതാക്കള്‍ കൂടിയിരുന്ന് നടത്തുന്ന ചോദ്യോത്തര ചര്‍ച്ചയായിരുന്നു. സംഘടന ഒന്നാണെന്ന് കാണിക്കാന്‍ നടത്തിയ പരിശ്രമം വന്‍ ബാധ്യതയായി.
സംസ്ഥാന അധ്യക്ഷന്‍ എം.ജി. സുരേഷ്, തിരുവനന്തപുരം ജില്ലാ അധ്യക്ഷ സുമാ ശേഖര്‍, വര്‍ക്കിങ് പ്രസിഡന്റ് ബാബു എന്നിവരാണ് 40 മിനിറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തത്. വൈദ്യുതി ബോര്‍ഡിന്റെ സ്ഥിതി, പ്രവര്‍ത്തനം, നേട്ടം, പുതിയ സ്ഥലംമാറ്റം, സ്ഥാനമാറ്റം, മറ്റ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം, സ്വഭാവ വിമര്‍ശനം ഒക്കെയായിരുന്നു വിഷയം. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞത് മുഴുവന്‍ പിണറായി വിജയന് സര്‍ക്കാരിന്റെ വിമര്‍ശനമായിരുന്നു.
കെഎസ്ഇബിയുടെ നേട്ടമായി സുരേഷ് വിവരിച്ചതെല്ലാം കേന്ദ്രപദ്ധതികളാണ്. ദ്യുതി, പവര്‍ ഗ്രിഡ്, സൗര എന്നീ പദ്ധതികളിലൂടെ വന്‍ നേട്ടം ഊര്‍ജ്ജ രംഗത്ത് ഉണ്ടാക്കിയതായി വിവരിച്ചു. സൗര എന്ന സോളാര്‍ ഊര്‍ജ്ജ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ട തോതില്‍ പൂര്‍ത്തിയാക്കിയില്ലെങ്കിലും ഊര്‍ജ്ജോല്‍പ്പാദനത്തിലെ കുതിപ്പായി ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് സൗരോര്‍ജ്ജ ഉല്‍പ്പാദന വികസനം.
സമ്പൂര്‍ണ വൈദ്യുതീകരണമാണ് മറ്റൊന്ന്. ഇതും മോദി സര്‍ക്കാരിന്റെ പദ്ധതിയാണ്. സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കാനായത് ബോര്‍ഡിന്റെ വലിയ നേട്ടമായാണ് ചര്‍ച്ചയില്‍ അവതരിപ്പിച്ചത്.
വൈദ്യുതി എന്ന പേരില്‍ ബോര്‍ഡ് നടത്തിയ എല്‍ഇഡി ബള്‍ബ്-ട്യൂബ് വിതരണത്തിന്റെ വിജയവും പ്രശംസിക്കപ്പെട്ടു. കേന്ദ്രത്തിന്റെ ഉജ്ജ്വല പദ്ധതിയാണ് ബോര്‍ഡ് പേരുമാറ്റി നടപ്പാക്കിയത്. ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടുമില്ലാതെ ബോര്‍ഡ് സേവനം ചെയ്തുവെന്നും അതിന് പവര്‍ ഗ്രിഡ് ആണ് സഹായകമായതെന്നും ചര്‍ച്ച വിശദീകരിച്ചു. ഇതും കേന്ദ്ര നേട്ടമാണ്.
വീഡിയോയില്‍ വിവരിച്ചതു മുഴുവന്‍ മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ വൈദ്യുതി ബോര്‍ഡ് എങ്ങനെ വിജയകരമായി നടപ്പാക്കിയെന്നാണ്. പിണറായി സര്‍ക്കാരിന്റെ എന്തെങ്കിലും നേട്ടങ്ങള്‍ പറയാനുണ്ടായില്ല. രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിന് ശേഷം ബോര്‍ഡില്‍ നടക്കുന്നതെല്ലാം തോന്ന്യവാസമാണെന്നും പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരേ പ്രചാരണം നടത്തിയവരെയും പ്രവര്‍ത്തിച്ചവരെയും പ്രധാന പദവികളില്‍ നിയമിച്ചുവെന്നായിരുന്നു ആക്ഷേപം.
നിയമനം രാഷ്ട്രീയപക്ഷം നോക്കിയാണെന്നും വിമര്‍ശിച്ചു. വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ആവിഷ്കരിച്ച കെ ഫോണ്‍ പദ്ധതിയെ വിമര്‍ശിച്ചവരെയാണ് ഇപ്പോള്‍ അതേ പദ്ധതിയുടെ നടത്തിപ്പ് ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്. ഇത് അമ്പരപ്പിക്കുന്നതും സംശയം ജനിപ്പിക്കുന്നതുമാണ്, എന്നാണ് ആരോപണം. ബോര്‍ഡാണ് നിയമനം നടത്തിയത്, സംസ്ഥാന സര്‍ക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഈ നിയമനം. അങ്ങനെ നിയമിക്കപ്പെട്ടവര്‍ അയോഗ്യരോ സര്‍ക്കാര്‍ പദ്ധതിക്ക് തടസ്സം നിന്നവരോ ആണെന്ന വിമര്‍ശനം തത്ത്വത്തില്‍ മുഖ്യമന്ത്രിക്കുതന്നെയാണ് കൊള്ളുന്നത്.
ഓഫീസേഴ്സ് അസോസിയേഷനും സിപിഎമ്മും തമ്മില്‍ തെറ്റിയിരിക്കുകയാണ്. കിട്ടുന്ന അവസരങ്ങളിലെല്ലാം പരസ്പരം വിമര്‍ശനവുമുണ്ട്. ഈ സാഹചര്യത്തില്‍ ഏറെ ആസൂത്രിതമായാണ് ചര്‍ച്ച നടത്തി, യൂ ട്യൂബില്‍ ചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: