ആര്‍. സഞ്ജയന്‍
(ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍)
152-ാം ജയന്തി വര്‍ഷത്തിലും ഗാന്ധിജി ഇന്നും ലോകത്തിന് വിസ്മയമാണ്. പോയ നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നേതാക്കളില്‍ ഒരാള്‍ ഗാന്ധിജിയായിരുന്നു. മഹാത്മാവിന്റെ ജീവിതവും ഉപദേശങ്ങളും കര്‍മമാര്‍ഗങ്ങളും ലോകത്തെ എപ്പോഴും പല പ്രകാരേണ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. നെല്‍സണ്‍ മണ്ഡേ മുതല്‍ ജര്‍മ്മനിയിലെ ഗ്രീന്‍പാര്‍ട്ടി നേതാവ് പെട്രാ കെല്ലിവരെയുള്ളവര്‍ക്ക് ഗാന്ധിജി മാര്‍ഗദര്‍ശകനായിരുന്നു.
ഗാന്ധിജി മാതൃഭൂമിയെ സേവിക്കാനായി ഭാരതത്തിലേക്കുവന്നത് 1915 ഓടുകൂടിയാണ്. അതിനുമുന്‍പ് ഏതാണ്ട് രണ്ടുപതിറ്റാണ്ടിലധികം കാലം അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിച്ചു. അവിടുത്തെ ഭാരതീയരായ കുടിയേറ്റക്കാര്‍, ഭരണം കയ്യാളിയിരുന്ന വെള്ളക്കാരുടെ വര്‍ണവെറിക്ക് വിധേയരായി നരകതുല്യമായ പീഡനങ്ങളും അധിക്ഷേപങ്ങളും സഹിച്ച് ജീവിച്ചിരുന്ന കാലത്താണ് 1893-ല്‍ തന്റെ നിയമ സംബന്ധമായ തൊഴിലിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം എത്തപ്പെടുന്നത്. ഈ വര്‍ണവെറിയുടെ നീചമായ സാഹചര്യങ്ങളിലൂടെ അദ്ദേഹത്തിന് വ്യക്തിപരമായി തന്നെ കടന്നുപോകേണ്ടിവന്നു. ആഫ്രിക്ക വിടാന്‍ പെട്ടെന്ന് തൊഴില്‍ സംബന്ധമായ കരാര്‍ തടസമായതുകൊണ്ടദ്ദേഹം അവിടെ തുടര്‍ന്നു. അവിടുത്തെ ഭാരതീയരായ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നാലാവുന്നതുചെയ്യാനും തീരുമാനിച്ചു. അങ്ങനെ ലോകശ്രദ്ധ നേടുന്ന തരത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ അവിടെ സാധ്യമാക്കിയതിന് ശേഷമാണ് ഗാന്ധിജി ഭാരതത്തിലേക്ക് മടങ്ങിയത്.
സാമൂഹ്യപരിവര്‍ത്തനത്തിന് അദ്ദേഹം രൂപപ്പെടുത്തിയ പ്രശസ്തമായ ഉപകരണമാണ് സത്യഗ്രഹം എന്ന ആശയം. സത്യത്തെ മുറുകെ പിടിക്കുക, പിന്തുടരുക എന്നതാണ് അതിന്റെ വാച്യാര്‍ത്ഥം. സത്യം, അഹിംസ എന്നീ ആശയങ്ങളെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് സമ്പൂര്‍ണ സമാജത്തില്‍-സര്‍വ ജീവിത മണ്ഡലങ്ങളിലും-പരിവര്‍ത്തനം സാധ്യമാണെന്നും അതിലൂടെ അഭികാമ്യമായ ഒരു സമൂഹസൃഷ്ടി സാധ്യമാക്കാമെന്നും ഗാന്ധിജി വിശ്വസിച്ചു. 1909 ല്‍ അദ്ദേഹം ഗുജറാത്തി ഭാഷയില്‍ രചിച്ച ഹിന്ദ്‌സ്വരാജ് എന്ന പ്രബന്ധത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയത്. 1910 ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയെങ്കിലും അത് ഇന്ത്യയില്‍ പ്രചരിച്ചത് വളരെ വൈകിയാണ്. ആധുനിക-പാശ്ചാത്യ സംസ്‌കൃതിയെ സമ്പൂര്‍ണമായും തള്ളിപ്പറയുന്നു എന്നതാണ് ആ ഗ്രന്ഥത്തിന്റെ സവിശേഷത. ഗാന്ധിജിയുടെ ആ സമീപനത്തിന്റെ പൊരുള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ അത്, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് നിഗൂഢമായ ഒരു രചനയായി ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിന്റെ മുഖ്യവശം ഗാന്ധിജി ഭാരത സംസ്‌കൃതിയെ വലിയ ആരാധനയോടെ വീക്ഷിക്കുന്നു എന്നതാണ്.
നൂറുവര്‍ഷത്തില്‍ അധികമായി പാശ്ചാത്യ സംസ്‌കൃതിയുടെ നീരാളിപ്പിടിത്തത്തില്‍ അകപ്പെട്ട വര്‍ത്തമാനകാലത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ അത്രയും കാലത്തെ തന്നെ പരിശ്രമം വേണമെന്ന് ഗാന്ധിജി വിശ്വസിച്ചു. ഹിന്ദ്‌സ്വരാജില്‍ ഗാന്ധിജി മുന്നോട്ടുവയ്‌ക്കുന്ന ആശയങ്ങള്‍ പില്‍ക്കാലത്ത് ഒരിക്കലും അദ്ദേഹം മാറ്റംവരുത്താന്‍ കൂട്ടാക്കിയില്ല എന്നത് അര്‍ത്ഥവത്താണ്. സത്യവും ധാര്‍മിക മൂല്യങ്ങളും പരിലസിക്കുന്ന അഹിംസയില്‍ അഥവാ സ്‌നേഹത്തില്‍ അധിഷ്ഠിതമായ സാമൂഹ്യക്രമം അദ്ദേഹം വിഭാവനം ചെയ്യുകയും പില്‍ക്കാലത്ത് അതിന്”രാമരാജ്യം’ എന്ന് പ്രസിദ്ധി ലഭിക്കുകയും ചെയ്തു.
ഗാന്ധിജി ‘രാമരാജ്യം’ എന്ന് പറയുമ്പോള്‍ മതാധിഷ്ഠിതരാഷ്‌ട്രമല്ല എന്ന് അന്നേ ലോകം തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ഗാന്ധിജിക്കറിയാമായിരുന്നു അത് വിദൂരമായ ഒരു ആദര്‍ശമാണെന്ന്. ഹിന്ദ്‌സ്വരാജില്‍ ഗാന്ധിജി വിഭാവനം ചെയ്ത ആശയങ്ങള്‍ അതേപടി നടപ്പാക്കുവാനുള്ള ശാഠ്യം അദ്ദേഹം പ്രകടമാക്കിയില്ല. മറിച്ച്, സമകാലിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഘട്ടംഘട്ടമായി, ആശയങ്ങളെ പരീക്ഷിക്കാനുള്ള പരിശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്. ഗാന്ധിജിയുടെ മാര്‍ഗം സ്വാതന്ത്ര്യാനന്തരം ഭാരതം ആത്മാര്‍ത്ഥതയോടെ പിന്തുടര്‍ന്നോ എന്ന ചോദ്യം പ്രസക്തമാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങളെ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണാധികാരികള്‍ പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല എന്നത് വസ്തുതയാണ്. ഗാന്ധിജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുമായി നാല്‍പതുകളില്‍ ഇതുസംബന്ധിച്ച ചില കത്തിടപാടുകള്‍ നടന്നതും നെഹ്‌റുവിനെ പൊതുസംവാദത്തിന് ഗാന്ധിജി ക്ഷണിച്ചതുമെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. എങ്കിലും പ്രധാനമന്ത്രിപദത്തിലെത്തുവാന്‍ നെഹ്‌റുവിനെ ഗാന്ധിജി സഹായിച്ചു.
ഗാന്ധിജി പ്രായോഗികബുദ്ധി പ്രകടമാക്കിയ കര്‍മ്മയോഗിയായിരുന്നു. ഇന്ത്യക്ക് രാഷ്‌ട്രീയ സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് സുവിദിതമാണ്. ദീര്‍ഘകാലം അടിമത്തത്തില്‍ ജീവിച്ച ജനതയെക്കൊണ്ട്, സര്‍വസാധാരണക്കാരായ സ്ത്രീ പുരുഷന്മാരെ കൊണ്ട്, നിശ്ചയദാര്‍ഢ്യത്തോടെ സാമ്രാജ്യത്വശക്തി ഇന്ത്യ വിട്ടുപോകണമെന്ന് പറയിപ്പിച്ചത് ഗാന്ധിജിയാണ്. സ്വാതന്ത്ര്യബോധം സര്‍വസാധാരണക്കാരിലേക്ക് എത്തിച്ചത് അദ്ദേഹമാണ്. ആ ആദര്‍ശത്തിന്റെ പേരില്‍ ജനതയെ കോര്‍ത്തിണക്കിയതും അദ്ദേഹമാണ്. ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരജീവിതത്തിന് മുമ്പുള്ള കാലത്തെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍, തിലകയുഗം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഗാന്ധിജി വ്യാപകമായി പ്രചരിപ്പിക്കുകയും വിപുലപ്പെടുത്തുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്ത പല ആശയങ്ങളും പ്രത്യേകിച്ച് സ്വദേശി, ദേശീയ വിദ്യാഭ്യാസം, പാവപ്പെട്ടവരുടെ മോചനം, സ്ത്രീജനോദ്ധാരണം, സഹനസമരം, ഇങ്ങനെ നിരവധി ആശയങ്ങള്‍ അതിനുമുന്‍പും പ്രയോഗത്തില്‍ വരുത്തി തുടങ്ങിയതാണ്. അതെല്ലാം തിലകന്റെ ആശയങ്ങളായിരുന്നു. ഗാന്ധിജിയുടെ ദരിദ്രനാരായണ സങ്കല്പം സ്വാമി വിവേകാനന്ദനില്‍ നിന്ന് പകര്‍ന്നുകിട്ടിയതാണ്.
ഗാന്ധിജിയുടെ സവിശേഷത അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുക എന്നതല്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വയം പരീക്ഷിച്ച് സത്യത്തെ, ജ്ഞാനത്തെ തേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വഴി. സത്യാന്വേഷണത്തിന്റെ പാതയില്‍ അപ്രതീക്ഷിത തിരിച്ചടികളോ അക്രമങ്ങളോ അച്ചടക്കരാഹിത്യമോ ഒക്കെ സംഭവിക്കുന്നതിനും കാരണമാകുന്നു എന്നുകാണുമ്പോള്‍ അദ്ദേഹം തന്റെ പ്രസ്ഥാനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുകയോ പിന്‍വാങ്ങുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ പ്രായോഗികബുദ്ധിയുടെ ഉദാഹരണമായി തിരിച്ചറിഞ്ഞിട്ടുള്ളവര്‍ വിരളമാണ്.
ഭാരതത്തിന്റെ സമ്പൂര്‍ണ പരിവര്‍ത്തനം എന്നതായിരുന്നു ലക്ഷ്യം. അതിനാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം വിപുലമായിരുന്നു. രാഷ്‌ട്രീയ പ്രക്ഷോഭത്തില്‍ മാത്രമല്ല, അധഃസ്ഥിത ജനങ്ങളുടെ ഉന്നമനം, അയിത്തോച്ചാടനം, സ്വദേശി മനോഭാവം വളര്‍ത്തല്‍, ദേശീയ വിദ്യാഭ്യാസം രൂപപ്പെടുത്തല്‍, മാതൃഭാഷാ പ്രചാരണം, ഹിന്ദിയുടെ പ്രചാരണം, സാമ്പത്തിക സ്വാവലംബത്തിന്റെ പ്രതീകമായി ഖാദി പ്രചാരണം, സ്ത്രീ വിദ്യാഭ്യാസം, അവശ ജനവിഭാഗങ്ങളെ പൊതു മണ്ഡലത്തില്‍ എത്തിക്കല്‍, ഹിന്ദു-മുസ്ലീം സാമുദായിക ഐക്യം എന്നിങ്ങനെ തന്റെ മുന്നില്‍ വരുന്ന എല്ലാ പ്രശ്‌നങ്ങളും അദ്ദേഹം അഭിസംബോധന ചെയ്യുകയും മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു. സമരാത്മകവും രചനാത്മകവുമായ രണ്ട് മാര്‍ഗങ്ങളും ഗാന്ധിജി അവലംബിച്ചിരുന്നു എന്ന് സാരം.
ഗാന്ധിജിയുടെ നാനാവിധ പരിശ്രമങ്ങള്‍ക്കും ആധാരം മനുഷ്യനിലുള്ള വിശ്വാസമാണ്. പരിവര്‍ത്തനത്തിന്റെ ഉപാധിയും മനുഷ്യനാണ്. അനുശാസനത്തിന്റെയും ആത്മസംയമനത്തിന്റെയും ത്യാഗത്തിന്റെയും ക്ലേശ സഹനത്തിന്റെയും എല്ലാം സംസ്‌കാരം സ്വായത്തമാക്കിയ ആളാണ് സത്യഗ്രഹി. എല്ലാ പരിവര്‍ത്തനങ്ങളും സാധ്യമാകുന്നത് അത്തരം ലളിതജീവിതവും ഉന്നതാദര്‍ശവും മുറുകെ പിടിക്കുന്ന വ്യക്തികളിലൂടെയാണെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. അത്തരം വ്യക്തികളെ രൂപപ്പെടുത്താനുള്ള പരിശ്രമം, അദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ തന്നെ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തി സബര്‍മതിയിലും വാര്‍ധയിലും സേവാഗ്രാമിലും ഒക്കെയുള്ള ആശ്രമസ്ഥാപനങ്ങളുടെ പിന്നില്‍ വ്യക്തികളെ രൂപപ്പെടുത്താനുള്ള പരിശ്രമമായിരുന്നു. സ്വയം മാതൃക ആവുകയും മറ്റുള്ളവര്‍ക്ക് പരിവര്‍ത്തനത്തിന് സഹായകമായ പരിശീലനം സിദ്ധിക്കുന്നതിനും അദ്ദേഹം ശ്രമിച്ചു. ഇങ്ങനെ ധാരാളം നവീനതകള്‍ ഉള്‍ക്കൊള്ളുന്നതും ഭാരതീയ പാരമ്പര്യത്തില്‍ വേരുള്ളതുമായ ആദര്‍ശങ്ങളും കര്‍മ്മപദ്ധതികളുമാണ് ഗാന്ധിജി സ്വാംശീകരിച്ച് സ്വയം പരീക്ഷിച്ചറിഞ്ഞ് ലോകത്തിന് മുമ്പില്‍ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെയാണ് ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ഇന്നും പ്രസക്തമാകുന്നത്. ഭാരതത്തിന്റെ രാഷ്‌ട്രീയ സ്വാതന്ത്ര്യം മാത്രമല്ല, സദ്ഭരണവും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ഒരു നവഭാരതം ഏഷ്യക്കും ലോകത്തിനു തന്നെയും മാര്‍ഗദര്‍ശകമാകുമെന്ന് അദ്ദേഹം കരുതി.
ഗാന്ധിയന്‍മാര്‍ എന്ന വിശേഷണത്തോടെ പ്രവര്‍ത്തിച്ചിരുന്നവര്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ക്രമേണ സ്വാധീനം ഇല്ലാത്തവരായെങ്കിലും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഇപ്പോഴും ഭാരതത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. 2014 മുതല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പല പദ്ധതികളും ഗാന്ധിമാര്‍ഗത്തിന്റെ സ്പര്‍ശമുള്ളതാണ്. അതില്‍ ഏറ്റവും ശ്രദ്ധനേടിയ ഒരു പരിപാടിയാണ് സ്വച്ഛഭാരത് മിഷന്‍. ശുചിത്വം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഗാന്ധിജിയുടെ 150-ാം ജയന്തിവര്‍ഷത്തോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ സ്വച്ഛഭാരത് അഭിയാന്‍ ലോകത്തിന്റെ മുഴുവന്‍ പ്രശംസനേടി. കഴിഞ്ഞ കൊറോണക്കാലത്ത് ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കംകൂടി സജീവമായ ഘട്ടത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പദ്ധതിയുടെ പ്രഖ്യാപനം സ്വാശ്രയ ഭാരതം എന്ന ആശയവുമായി ബന്ധപ്പെട്ടതും സാമ്പത്തിക വികാസത്തിന് ഊന്നല്‍ നല്‍കുന്നതുമായിരുന്നു. ഇതും ഗാന്ധിമാര്‍ഗത്തിന്റെ സ്മരണ ഉണര്‍ത്തുന്നതാണെന്നതില്‍ സംശയമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എടുത്തുപറയേണ്ട സവിശേഷത ഏറ്റവും പാവപ്പെട്ടവരുടെ ക്ഷേമത്തില്‍ അദ്ദേഹത്തിനുള്ള താല്പര്യമാണ്. താഴേത്തട്ടിലുള്ള അവസാന വ്യക്തിക്കുവരെ സഹായമെത്തിക്കാനുള്ള പദ്ധതികളാവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. സര്‍വോദയം എന്ന ഗാന്ധിയന്‍ സങ്കല്പം ഊന്നല്‍ നല്‍കുന്നതും സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തെ സാധ്യമാക്കുന്നതിനാണ്. ആ അര്‍ത്ഥത്തില്‍ നിലവിലുള്ള സര്‍ക്കാരിന് ഗാന്ധിമാര്‍ഗത്തില്‍ ഒരു കാഴ്ചപ്പാടുണ്ട് എന്നത് പ്രകടമാണ്. രാഷ്‌ട്രീയാന്ധത കൊണ്ട് ചിലരത് തിരിച്ചറിയാന്‍ വിസമ്മതിക്കും എന്നത് വസ്തുതയുമാണ്.
സ്വാമി വിവേകാനന്ദനും മഹാത്മാഗാന്ധിജിയും പറഞ്ഞ രാഷ്‌ട്രപരിവര്‍ത്തനത്തിന് വ്യക്തികളെ രൂപപ്പെടുത്തുക എന്ന കര്‍മ്മ പദ്ധതിയുമായി മുന്നേറിയിട്ടുള്ള പ്രസ്ഥാനമാണ് രാഷ്‌ട്രീയ സ്വയം സേവക സംഘം. അച്ചടക്കവും രാഷ്‌ട്ര ഭക്തിയും ത്യാഗമനോഭാവവും എല്ലാം ഊട്ടി വളര്‍ത്തുകയും രാഷ്‌ട്രത്തിന്റെ പുനരുദ്ധാരണമെന്ന വലിയ സങ്കല്പത്തെ മുന്നില്‍വച്ച് ഒന്‍പത് പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞ സംഘത്തിന്റെ പ്രവര്‍ത്തനവും ഉള്ളടക്കത്തില്‍ ഗാന്ധിമാര്‍ഗത്തോടടുത്തുനില്‍ക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ മാത്രമല്ല, ലോകത്ത് ഗാന്ധിജിയുടെ ചിന്തകളും കര്‍മ്മപദ്ധതികളും ഓരോനിമിഷവും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി വിനാശം മുതല്‍ ആണവ യുദ്ധവും സാങ്കേതികവിദ്യാ വിസ്‌ഫോടനവും എല്ലാം സൃഷ്ടിച്ചിരിക്കുന്ന ആശങ്കകളെ കൈകാര്യം ചെയ്യുന്നതില്‍ സമീപകാലത്ത് മാനവരാശിയുടെ മുന്നില്‍ ഉയരുന്ന ധാര്‍മികവും ആത്മീയവുമായ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ക്കും സത്യാന്വേഷണങ്ങള്‍ക്കും വലിയ പ്രസക്തിയുണ്ട് എന്ന് വിവേകശാലികള്‍ തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഗാന്ധിജിയിലേക്ക് ശ്രദ്ധ തിരിക്കുക എന്നത് കാലമാവശ്യപ്പെടുന്ന കര്‍ത്തവ്യമാണ്. ഗാന്ധിയുഗത്തിലെ ചരിത്ര സംഭവങ്ങളുടെ ഓര്‍മ്മകളില്‍ കുരുങ്ങിക്കിടക്കുന്നതല്ല ഗാന്ധിജിയുടെ പ്രസക്തി. അത് കാലത്തെ അതിവര്‍ത്തിച്ചുനില്‍ക്കുന്നു എന്നതിലേക്കാണ് നമ്മുടെ ശ്രദ്ധ പോകേണ്ടത്. അതിന്റെയടിസ്ഥാനത്തില്‍വേണം ഗാന്ധിജിയെ കൂടുതല്‍ മനസിലാക്കേണ്ടതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: