ശ്ലോകം 358
ഉപാധിഭേദാത് സ്വയമേവ ഭിദ്യതേ
ചോപാധ്യപോഹേ സ്വയമേവ കേവലഃ
തസ്മാദുപാധേര് വിലയായ വിദ്വാന്
വസേത് സദാകല്പ സമാധിനിഷ്ഠയാ
ഉപാധികളുടെ ഭേദത്താല്‍ ആത്മാവ് പലതായി കാണുന്നു. ഉപാധികളെ നിരസിച്ചു കഴിഞ്ഞാല്‍ ആത്മാവ് സ്വയം കേവല ഭാവത്തില്‍ വിളങ്ങും. അതിനാല്‍ ഉപാധികളുടെ വിലയത്തിനായി സാധകന് സദാ നിര്വികല്പ സമാധിയെ പരിശീലിക്കണം.
പരമാത്മാവ് ഏകവും അദ്വിതീയവുമാണ് എന്നാല്‍ പലത് കാണാന്‍ കാരണം ഉപാധികളുടെ ഭേദം കൊണ്ടാണ്. ഏകമായ പരമാത്മാവ് ശരീരം, മനസ്സ്, ബുദ്ധി എന്നീ ഉപാധികളിലൂടെയാണ് പലതെന്ന പോലെ പ്രകടമാകുന്നത്. ഉപാധികളെ നീക്കിയാല്‍, ഉപാധികളിലെ താദാത്മ്യം ഇല്ലാതായാല്‍ കേവലമായ ഏകവും അദ്വിതീയവുമായ പരമാത്മാവിനെ സാക്ഷാത്കരിക്കാം.
ഉപാധികളിലെ താദാത്മ്യത്തെ നീക്കാനായി സാധകന് നിരന്തരം നിര്വികല്പ സമാധി പരിശീലിക്കണം. മനസ്സിനെ
പൂര്‍ണ്ണമായും സമാഹിതമാക്കണം. മനസ്സ് നിത്യവും പ്രശാന്തമായിരിക്കണം. ഇതിന് വേണ്ടി യത്നിക്കുക തന്നെ വേണം. ലോക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഉള്ളിലെ ശാന്തിനിലനിര്ത്തണം. ഇത് ഒറ്റയടിക്ക് പറ്റിയെന്ന് വരില്ല. ക്രമത്തില്‍ സമാധിയെ ശീലിക്കണം. അതു തന്നെ സമാധി നിഷ്ഠ.
നിര്വികല്പ സമാധി കൊണ്ട് മനസ്സിന്റെ വിക്ഷേപ രൂപത്തിലുള്ള വിഷമ സ്ഥിതി മുഴുവനായും ഇല്ലാതാക്കാനാവണം. നിരന്തരമായ അഭ്യാസം മാത്രമാണ് ഇതിനുള്ള വഴി.
ശ്ലോകം 359
സതിസക്തോ നരോ യാതി
സദ്ഭാവം ഹ്യേക നിഷ്ഠയാ
കീടകോ ഭ്രമരം ധ്യായന്
ഭ്രമരത്വായ കല്പതേ
സത്തായ ബ്രഹ്മത്തില്‍ ഏകനിഷ്ഠയോടെ ചിത്തമുറപ്പിച്ചയാള് ബ്രഹ്മമായിത്തീരുന്നു. പുഴു ഇടതടവില്ലാതെ വണ്ടിനെത്തന്നെ ധ്യാനിച്ച് വണ്ടായിത്തീരുന്നു. പരമ പ്രേമത്തോടെ പരമാത്മാവിനെത്തന്നെ ഏകനിഷ്ഠയോടെ നിരന്തരം ധ്യാനിക്കുന്നയാള്‍ പരമാത്മാവായിത്തീരും. ഇതിനെ മനസ്സിലാക്കാന്‍ ‘ഭ്രമരകീട ന്യായ’ ത്തെ പറയുന്നു.
വേട്ടാളന്‍ അഥവാ വേട്ടാവളിയന് എന്ന പ്രാണിയെക്കുറിച്ചാണ് ഭ്രമരകീട ന്യായം പറയുന്നത്. ഈ പ്രാണി .വീടുകള്‍ക്കകത്തും അലമാര .മേശ, വാതില്‍, ജനല്‍ തുടങ്ങിയ സ്ഥലങ്ങളിലുമൊക്കെ മണ്ണ് കൊണ്ട് കൂട് കൂട്ടും. എന്നിട്ട് അതില്‍ മുട്ടയിടും. നിരന്തരം കൂട്ടില്‍ വന്ന് തന്റെ കൂര്‍ത്ത കൊമ്പ് കൊണ്ട് കുത്തി നിരീക്ഷിച്ചു കൊണ്ടിരിക്കും. കൂട്ടിനുളളില്‍ മുട്ട വിരിഞ്ഞ പുറത്ത് വരുന്ന ലാര്‍വ (കീടം) തന്നെ എല്ലായ്പ്പോഴും ഉറ്റുനോക്കുകയും പലപ്പോഴും കുത്തുകയും ചെയ്യുന്ന വേട്ടാളനെ ഭയന്ന് സദാ അതിനെ തന്നെ ചിന്തിക്കുന്നു. പിന്നീട് നിരന്തര ധ്യാനത്താല്‍ അത് വേട്ടാളനായി മാറുന്നു.
കീടം പോലെ നിസ്സാരനായ ജീവന് ബ്രഹ്മധ്യാനനിഷ്ഠയാല് ബ്രഹ്മമായിത്തീരുന്നു. മറ്റൊന്നിലും ആസക്തമാകാതെ ബ്രഹ്മത്തില്‍ മാത്രം ചിത്തം സമാഹിതമാകുമ്പോള് ഏകാഗ്ര ധ്യാനത്തിലൂടെ സാധകന് ബ്രഹ്മഭാവത്തിലേക്ക് ഉണരും.ഇത് വെറും ആയിത്തീരലല്ല. അജ്ഞാന ദശയില്‍ ജീവനെന്ന് തോന്നിയിരുന്നത് സമാധിയില്‍ ബ്രഹ്മം തന്നെയെന്ന് അനുഭവമാകും.
കീടം വാസ്തവത്തില്‍ ഭ്രമരം തന്നെയാണ് എന്നതുപോലെ ഓരോ ജീവനും ബ്രഹ്മമാണ്. അതിന് നല്ല തപസ്സ് വേണം. അച്ചടക്കത്തോടെ ആദ്ധ്യാത്മിക സാധന ചെയ്യണം. എല്ലാ കീടവും ചിലപ്പോള്‍ ഭ്രമരമാകില്ല.എന്നാല്‍ ഭ്രമരമായിത്തീരാനുള്ള സാധ്യത കീടത്തിനുണ്ട്.
ഭ്രമരത്തെ തന്നെ നിനച്ചിരിക്കുന്ന കീടത്തിന് തന്റെ വികാസം പൂര്‍ത്തിയാവാന്‍ നിശ്ചിത കാലം കാത്തിരിക്കണം. അതുപോലെ ഓരോ ജീവനും പരമാത്മാവായി മാറാന്‍ ഏറെ നാളത്തെ സാധനയും ധ്യാനവുമൊക്കെ വേണ്ടി വരും. കീടത്തില്‍ ഭ്രമരത്തിന്റെ ലക്ഷണമൊന്നും കണ്ടേക്കില്ല. അത് വികാസം പൂര്‍ത്തിയാവാത്ത ഭ്രമരം തന്നെയാണ്. അല്പനായ ജീവനില്‍ ദിവ്യത്വം കാണാന്‍ കഴിയില്ലെങ്കിലും സാധനയുടെ ഫലമായി ഉപാധികളിലെ തന്മയീ ഭാവം വെടിഞ്ഞ് ധ്യാനത്തിലൂടെ പരമാത്മാവാകും. കീടം തന്റെ കീടാവസ്ഥ വെടിഞ്ഞ് ഭ്രമരമായിത്തീരുന്നതുപോലെ നമ്മളും ജീവഭാവം വെടിഞ്ഞ് പരമാത്മഭാവത്തിലേക്ക് ഉണരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: