ഭഗവാന്റെ കഥകള്‍കേട്ട് പരീക്ഷിത്തിന് ഒരു സംശയം ജനിച്ചു. വിഷ്ണുഭഗവാന്‍ ലക്ഷ്മീസമേതനാണ്. എന്നാല്‍ വിഷ്ണുഭക്തന്മാര്‍ ദരിദ്രകുക്ഷികളും. ശിവനാകട്ടെ സര്‍വ്വസംഗപരിത്യാഗി. ശിവഭക്തന്മാരോ സമ്പല്‍സമൃദ്ധരും ഇതെന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്?
ഈ ചോദ്യത്തിനു ഉത്തരമായി വൃകാസുര കഥയാണ് പറഞ്ഞത്. പണ്ടൊരസുരനുണ്ടായിരുന്നു. വൃകന്‍ എന്നാണ് പേര്. അവന് ലോകജേതാവാകണമെന്ന് ആഗ്രഹം ജനിച്ചു. അതിനു വരബലം വേണം. വരം നല്‍കുന്ന മൂര്‍ത്തിത്രയത്തില്‍ ശിവനാണ് ക്ഷിപ്രപ്രസാദി. അതിനാല്‍ തപസ്സ് ശിവനെക്കുറിച്ചായി.
ഉഗ്രതപസ്സാണ് വൃകന്‍ അനുഷ്ഠിച്ചത്. തന്റെ ശരീരഭാഗം മുറിച്ച് ആ മാംസം അഗ്നിയിലിട്ടായിരുന്നു തപസ്സ്. ആറു ദിവസം അപ്രകാരം തപസ്സു ചെയ്തു. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും മാംസം ഇതുപോലെ അരിഞ്ഞെടുത്ത് അഗ്നിയിലിട്ടു. ഏഴാം ദിവസവും തപസ്സു തുടര്‍ന്നു. ഏഴാം ദിവസം സ്വന്തം തല തന്നെ വെട്ടി തീയിലിടാന്‍ വൃകന്‍ നിശ്ചയിച്ചു.
തല വെട്ടാനായി വൃകന്‍ വാളോങ്ങി. ഉടന്‍ ശിവന്‍ പ്രത്യക്ഷനായി. അതോടെ വൃകന്റെ ശരീരത്തിലെ എല്ലാ വ്രണങ്ങളും അപ്രത്യക്ഷമായി. പൂര്‍വ്വാധികം ശക്തനും ശരീരകാന്തിയുള്ളവനുമായി. എന്തുവരമാണ് നിനക്കുവേണ്ടത് എന്ന ശിവഭഗവാന്റെ ചോദ്യത്തിന് വൃകന്‍ പറഞ്ഞു: ‘ഞാന്‍ ആരുടെ ശിരസ്സില്‍ തൊടുന്നുവോ അവന്‍ ഉടന്‍ ഭസ്മമായിത്തീരണം.’
ശിവന്‍ ‘തഥാസ്തു’ (അങ്ങനെ ഭവിക്കട്ടെ) എന്നു പറഞ്ഞ് വൃകനെ അനുഗ്രഹിച്ചു.
അനുഗ്രഹം വാങ്ങിയ വൃകന് തന്റെ വരബലം ഒന്ന് പരീക്ഷിച്ചറിയണമെന്നു പറഞ്ഞു. ‘ആരുടെ തലയില്‍ കൈ വച്ചു ഞാന്‍ പരിശോധിക്കും.’ അടുത്തൊന്നും ആരുമില്ല. അതിനാല്‍ അങ്ങയുടെ തലയില്‍ തൊട്ടു വരബലം പരിശോധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങു തന്നെ വരബലം അങ്ങയില്‍ത്തന്നെ പരിശോധിക്കുമല്ലോ.
നീല പാത്രത്തിലെ വരദാന ഫലം ശിവന്‍ അനുഭവിച്ചു. വൃകാസുരന്റെ വക്രബുദ്ധി കണ്ട പരമശിവന്‍ ഓടി സ്ഥലം വിട്ടു. പക്ഷേ പിന്നാലെ വൃകാസുരനും കൂടി. ഓടിഓടി ബഹുദൂരം ചെന്നപ്പോള്‍ ശ്രീഹരി സഹായത്തിനെത്തി. വൃകാസുരനെ വഴിക്കു തടഞ്ഞു. വടുരൂപിയായ വിഷ്ണു പറഞ്ഞു.
ഹേ! വൃകാസുരാ അങ്ങു ഓടിത്തളരുന്നതെന്തിന്?
വൃകാസുരന്‍ പറഞ്ഞു. ‘എനിക്ക് പരമശിവന്‍ ഒരു വരം തന്നു. ആ വരത്തിനു ശക്തിയുണ്ടോ എന്നറിയാന്‍ അദ്ദേഹത്തില്‍ത്തന്നെ പ്രയോഗിച്ചുനോക്കാനാണ്.’
ശ്രീഹരി ചോദിച്ചു. പരമശിവന്റെ വരത്തിനു ശക്തിയുണ്ടെന്നു അങ്ങു കരുതുന്നുണ്ടോ? ആ വരബലത്തെക്കുറിച്ചു സംശയിക്കുന്നതു തന്നെ വരബലത്തെ നഷ്ടമാക്കുന്നതാണ്. കൂടാതെ ശിവന്‍ ദക്ഷശാപത്താല്‍ ദുര്‍ബ്ബലനുമാണ്. അങ്ങക്കു വേണമെങ്കില്‍ ആരുടെ തലയിലും കൈ വച്ചു നോക്കാം. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സംശയമുണ്ടെങ്കില്‍ തലയന്വേഷിച്ചു ഓടേണ്ട ഒരു കാര്യവുമില്ല. സ്വന്തം തല തന്നെയില്ലെ?
വിഷ്ണുവിന്റെ മായയിലും വാക്കിലും വൃകന്‍ വീണു. ശരിയാണല്ലോ ശിവനു ശക്തിയുണ്ടെങ്കില്‍ സതീദേവിക്ക് ജീവഹാനി വരുമോ? ഞാന്‍ തപസ്സു ചെയ്തത് സ്വന്തം ജന്മം പാഴാക്കാനായിരുന്നു എന്നു പറഞ്ഞു സ്വന്തം തലയില്‍ത്തന്നെ കൈ വച്ചു. തലയില്‍ കൈവച്ചതും വൃകാസുരന്‍ ഒരു ചാരക്കൂമ്പാരമായി. അവന്‍ ഭസ്മാസുരന്‍ എന്ന പേരിനും അര്‍ഹനായി.
ശ്രീഹരി അത്രവേഗം പ്രസാദിക്കില്ല. പ്രസാദിച്ചാലും ഭക്തന് ഹിതമായ വരദാനം മാത്രമേ നല്‍കൂ. അനുഗ്രഹിക്കാനുള്ളവരുടെ സകല സമ്പത്തും ആദ്യം നശിപ്പിക്കും. അവരുടെ അഹന്ത പരിപൂര്‍ണമായിട്ടും അകറ്റും. അതിനുശേഷം അനുഗ്രഹം ചൊരിയും. മഹാബലിക്കും അതുതന്നെയല്ലെ ഉണ്ടായത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക