ന്യൂദല്‍ഹി: ദല്‍ഹി ആസ്ഥാനമായി പ്രവര്‍ച്ചിരുന്ന മലയാളി പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് മുസ്ലിങ്ങളെ ഇളക്കിവിട്ടെന്നും വിവിധ പ്രശ്നങ്ങളില്‍ അവരെ ഇരകളാക്കി മനപൂര്‍വ്വം അവതരിപ്പിച്ചെന്നും ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യ സംഘത്തിന്റെ കുറ്റപത്രം.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഒരു ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റത്തിനാണ് ഒരു വര്‍ഷം മുന്‍പ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രാസിലേക്ക് പോകും വഴി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ‘ഒരിയ്ക്കലും ഒരു ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തകനായി സിദ്ദിഖ് കാപ്പന് പ്രവര്‍ത്തിച്ചില്ല. മുസ്ലിങ്ങളെ പ്രകോപിതരാക്കി ഇളക്കിവിടാനും മാവോയിസ്റ്റുകളോടും കമ്മ്യൂണിസ്റ്റുകളോടും അനുകമ്പ പ്രകടിപ്പിക്കാനും മാത്രമാണ് സിദ്ദിഖ് കാപ്പന് പേന ചലിപ്പിച്ചത്,’- ഉത്തര്‍പ്രദേശ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളതായി അറിയുന്നു.
5000 പേജുള്ള കുറ്റപത്രത്തില്‍ 2021, ജനവരി 31ന്റെ ഒരു കേസ് ഡയറിയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ കാപ്പന് മലയാളത്തില്‍ എഴുതിയ 36 ലേഖനങ്ങളുടെ ഭാഗം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ കോവിഡ് രോഗബാധയെത്തുടര്‍ന്നുള്ള നിസാമുദ്ദീന്‍ മര്‍കസ് സമ്മേളനം, പൗരത്വബില്ലിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍, അയോധ്യയിലെ രാമക്ഷേത്രം, രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടക്കപ്പെട്ട ഷര്‍ജീല്‍ ഇമാമിനെക്കുറിച്ചുള്ള കുറ്റപത്രം എന്നീ വിഷയങ്ങളാണ് സിദ്ദിഖ് കാപ്പന് എഴുതിയിട്ടുള്ളത്.
‘അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ നടന്ന പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തെക്കുറിച്ച് എഴുതിയിട്ടുള്ള കാപ്പന്റെ ലേഖനത്തില്‍ മുസ്ലിംങ്ങളെ ഇരകളാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പൊലീസിന്റെ കയ്യില്‍ നിന്നും മര്‍ദ്ദനമേറ്റുവാങ്ങുന്നവരായ അവരോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ഈ ലേഖനത്തില്‍ വ്യക്തമാകുന്ന കാര്യം മുസ്ലിങ്ങളെ പ്രകോപിപ്പിക്കാനെഴുതിയതാണ് ഈ ലേഖനമെന്ന് മനസ്സിലാകും.’- കുറ്റപത്രത്തില്‍ പറയുന്നു.
‘വര്‍ഗ്ഗീയമെന്ന് വിശേഷിപ്പിക്കാവുന്നവയാണ് സിദ്ദിഖ് കാപ്പന്റെ ഈ ലേഖനങ്ങള്‍. ലഹളയ്ക്കിടയില്‍ മുസ്ലിങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചും അവരുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ സൂചിപ്പിച്ചും അദ്ദേഹം വികാരം ഇളക്കിവിടുകയാണ്. ഉത്തരവാദപ്പെട്ട പത്രപ്രവര്‍ത്തകര്‍ ഇങ്ങിനെ ചെയ്യില്ല. കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലിങ്ങളെ ഇളക്കിവിടുനനവയാണ്. അത് പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ അജണ്ട തന്നെയാണ്. ചില ലേഖനങ്ങളാകട്ടെ മാവോയിസ്റ്റുകളെയും കമ്മ്യൂണിസ്റ്റുകളെയും പിന്തുണയ്ക്കുന്നവയുമാണ്,’- കുറ്റപത്രത്തില്‍ പറയുന്നു.
2021 ഏപ്രിലിലാണ് ഈ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഹത്രാസിലേക്ക് പോകും വഴി ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അതികുര്‍ റഹ്മാന്, മസൂദ് അഹമ്മദ് എന്നിവര്‍ അറസ്റ്റിലായി ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. രാജ്യദ്രോഹവും യുഎപിഎയും ചുമത്തിയാണ് അറസ്റ്റ്.
ഹത്രാസിലെ പീഢനത്തിനരയായ ദളിത് പെണ്‍കുട്ടിക്ക് നീതി നല്‍കണമെന്നാവശ്യപ്പെടുന്ന ഭാവേന സമൂഹത്തില്‍ ലഹളയും അസ്വാരസ്യവും സൃഷ്ടിക്കുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്നും പ്രത്യേക അന്വേഷണവിഭാഗം പറയുന്നു. കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട ലേഖനങ്ങളെല്ലാം കാപ്പന്റെ ലാപ്ടോപ്പില്‍ നിന്നും കണ്ടുകിട്ടിയിരുന്നു. ഇത് ഫോറന്‍സിക് ലാബില്‍ അയച്ച് ഇതിന്റെ സത്യാവസ്ഥ ഉറപ്പുവരുത്തിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ബുദ്ധി ജീവി വിഭാഗം (തിങ്ക് ടാങ്ക്) ആയാണ് സിദ്ദിഖ് കാപ്പന് പ്രവര്‍ത്തിച്ചിരുന്നത്. മലയാളം മാധ്യമങ്ങളില്‍ ഹിന്ദു വിരുദ്ധ ലേഖനങ്ങല്‍ പ്രസിദ്ധീകരിക്കാനും കാപ്പന് ശ്രമിച്ചു. ദല്‍ഹി കലാപം ആളിക്കത്തിക്കാനും പദ്ധതികള്‍ ഉണ്ടായിരുന്നു. ഐബി വിഭാഗം പൊലീസുദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെയും ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെയും മരണം ഒളിപ്പിച്ചുവെയ്ക്കാനും കാപ്പനുള്‍പ്പെടെ ശ്രമിച്ചു. അതേ സമയം സസ്പെന്റ് ചെയ്യപ്പെട്ട ആം ആദമി കൗണ്‍സിലര്‍ താഹിര്‍ ഹുസ്സൈ്ന്റെ ലഹളയിലുള്ള പങ്കിനെ ലഘൂകരിച്ച് കാണിക്കാനും ശ്രമിച്ചു.
സിമിയെപ്പോലുള്ള നിരോധിക്കപ്പെട്ട സംഘടനകള്‍ നടത്തിയ ഭീകരവാദപ്രവര്‍ത്തനങ്ങളെ തന്റെ രചനകളിലൂടെ നിഷേധിക്കാനും കാപ്പന് ശ്രമിച്ചെന്നും കുറ്റപത്രം വിശദമാക്കുന്നു. രണ്ട് ദൃക്സാക്ഷികളുടെ വിവരണവും പ്രത്യേക അന്വേഷണം സംഘം ആരോപണങ്ങള്‍ക്ക് അടിത്തറയെന്നോണം നല്‍കിയിട്ടുണ്ട്. ഇതില്‍ പറയുന്നത് കാപ്പനും റഹ്മാനും ചേര്‍ന്ന് ദളിത് പെണ്‍കുട്ടിയുടെ ശവശരീരം ദഹിപ്പിച്ചിനെതുടര്‍ന്ന് ഒരു സംഘമാളുകളെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: