കോട്ടയം : രണ്ടുവര്‍ഷമായുള്ള പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിടിയിലായ പ്രതി അഭിഷേക്. നിതിനയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ല. സ്വയം ഞരമ്പ് മുറിക്കാനാണ് തീരുമാനിച്ചാണ് കത്തി കൊണ്ടുവന്നതെന്നും അഭിഷേക് പോലീസിന് മുമ്പാകെ മൊഴി നല്കി.
സംസാരത്തിനിടെ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വെക്കുകയുമായിരുന്നു. കൊലപാതകത്തിനുശേഷം യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പ്രതി കൊല നടത്തിയ സ്ഥലത്തുതന്നെ ഇരിക്കുകയായിരുന്ന പ്രതിയെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ നിതിനയെ തൊട്ടടുത്തുള്ള മരിയന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന്ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
രോഗ ബാധകളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന അമ്മയുടെ ഏക പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കല്‍ ബിന്ദുവിന്റെ ഏക മകളാണ് നിതിന മോള്. അമ്മയും മകളും മാത്രമേ വീട്ടിലുള്ളൂ. അച്ഛന് ഏറെ വര്‍ഷങ്ങളായി അകന്നുകഴിയുകയാണ്.
ശാരീരിക അവശതകള്‍ ഏറെയുള്ള അമ്മ ജോലിക്ക് പോവുന്നതില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചാണ് മകളുടെ പഠനവും മറ്റ് ചെലവുകളും നോക്കുന്നത്. അമ്മയെ സഹായിക്കാനായി നിഥിനയും പാര്‍ട്ട് ടൈം ജോലി നോക്കിയിരുന്നു. പഠനം പൂര്‍ത്തിയാക്കി മകള്‍ നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്നായിരുന്നു ബിന്ദുവിന്റെ പ്രതീക്ഷ.
രാവിലെ അമ്മയ്ക്കൊപ്പമാണ് നിതിന പരീക്ഷയ്ക്കായി വീട്ടില്‍നിന്ന് ഇറങ്ങിയത്. അമ്മ മറ്റൊരു ആവശ്യത്തിനായി കോട്ടയത്തേക്കും നിതിന കോളേജിലേക്കും വന്നു. മകളുടെ മരണവിവരമറിഞ്ഞ് അമ്മ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. മകളുടെ മരണമറിഞ്ഞ് പൊട്ടിക്കരയുന്ന അമ്മയുടെ ദൃശ്യം ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: