ന്യൂദല്‍ഹി: റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. അതിര്‍ത്തികളില്‍ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ ദല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണെന്ന് കോടതി വിമർശിച്ചു. ഈ രീതിയില്‍ അനിശ്ചിതകാലം സമരം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനമുണ്ടായത്. “മുഴുവന്‍ നഗരത്തെയും നിങ്ങൾ ശ്വാസം മുട്ടിച്ചു, ഇപ്പോള്‍ നിങ്ങള്‍ക്ക് നഗരത്തിനകത്തേക്ക് പ്രവേശിക്കണം. സമീപവാസികള്‍ ഈ പ്രതിഷേധത്തില്‍ സന്തുഷ്‌ടരാണോ? ഇത് നിങ്ങൾ അവസാനിപ്പിക്കണം,” ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കറും സിടി രവികുമാറും ഉള്‍പ്പെട്ട ബെഞ്ച് പ്രതികരിച്ചു. കേസില്‍ തിങ്കളാഴ്‌ച്ച വീണ്ടും വാദം കേള്‍ക്കും.
ജനങ്ങള്‍ക്കും സഞ്ചരിക്കാന്‍ അവകാശമുണ്ട്. കർഷകരുടെ സമരം കാരണം ജനങ്ങളുടെ വസ്‌തുക്കള്‍ക്ക് കേടുപാടുവരുന്നു, സഞ്ചാര സ്വാതന്ത്ര്യം നഷ്‌ടപ്പെടുന്നു കൂടാതെ കര്‍ഷകര്‍ സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നിട്ട് പ്രതിഷേധം സമാധാനപരമാണെന്ന് പറയുകയാണെന്നും കോടതി പറഞ്ഞു. ജന്തര്‍ മന്ദറില്‍ കുറഞ്ഞത് 200 കര്‍ഷകര്‍ക്ക് ഇടം നല്‍കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.
നേരത്തെ ഷെഹീന്‍ ബാഗ് സമരത്തില്‍ റോഡ് പൂര്‍ണമായി ഉപരോധിച്ചുള്ള സമരം അനുവദിക്കാനാകില്ലെന്നും മൂന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമേ സമരം നടത്താനാകൂവെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇന്നലെ, കര്‍ഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ നിയമപരമായ ഇടപെടല്‍ വഴിയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കാണണമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിനൊപ്പം പ്രശ്നത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണമെന്ന് കേന്ദ്രസര്‍ക്കാരിനോടും, യുപി, ഹരിയാന സര്‍ക്കാരുകളോടും കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: