കോഴിക്കോട്: ന്യൂദല്‍ഹിയില്‍ നടന്ന പ്രഥമ അണ്ടര്‍ 23 ദേശീയ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ഇരട്ട സ്വര്‍ണം നേടിയപ്പോള്‍ കോഴിക്കോടിനും അഭിമാനം. വനിതകളുടെ നൂറു മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയ തിരുവമ്പാടി കൂടരഞ്ഞി ഓവേലില്‍ റോയ്-മേരി ദമ്പതികളുടെ മകള്‍ അപര്‍ണ റോയ് ആണ് നാടിന്റെ താരമായത്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് ബി.കോം. അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അപര്‍ണ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ അംഗമാണ്. ടോമി ചെറിയാനാണ് കോച്ച്.
എല്‍പി സ്കൂളില്‍ പഠിക്കുമ്പഴേ സ്പോര്‍ട്സ് അക്കാദമിയില്‍ പരിശീനത്തിന് പോകാറുണ്ടായിരുന്നതായി പിതാവ് വേനപ്പാറ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ പ്രധാനാധ്യാപകന് കൂടിയായ റോയ് ഓവേലില്‍ പറഞ്ഞു. മാതാവ് പി.ജെ. മേരി മുന്‍ കായികതാരം കൂടിയാണ്. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂള്‍ അധ്യാപികയായ ഇവരുടെ പ്രോല്‍സാഹനമാണ് ഏകമകള്‍ അപര്‍ണയുടെ താരോദയം. ബെംഗളൂരുവില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ അര്ജുന് റോയ് സഹോദരനാണ്.
കഴിഞ്ഞ ആഴ്ച ന്യൂദല്‍ഹിയില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും അപര്‍ണ വെള്ളി മെഡല്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: