Categories: Kannur

ആറളം ഫാമിലെ കാട്ടാന പ്രതിരോധ സംവിധാന നിര്‍മ്മാണം: വനം-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്ത പരിശോധന 4ന്

കാട്ടാന പ്രതിരോധത്തിന് വളയം ചാല്‍ മുതല്‍ പൊട്ടിച്ചി പാറ വരെ സംരക്ഷണ ഭിത്തി പണിയുന്നതിന് 22 കോടി രൂപയുടെ പ്രവ്യത്തിക്ക് രണ്ട് വര്‍ഷം മുന്‍മ്പ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു.

Published by

ഇരിട്ടി: കാട്ടാനക്കൂട്ടം ജനവാസ മേഖലയില്‍ ഇറങ്ങുന്നത് തടയുന്നതിനായി ആറളം വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ 14 കിലോമീറ്റില്‍ സ്ഥാപിക്കുന്ന പ്രതിരോധ സംവിധാനം സമയബന്ധിതമായി  പൂര്‍ത്തിയാക്കുന്നതിന് വനാതിര്‍ത്തിയില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ നാലിന് സംയുക്ത പരിശോധന നടത്തും. 

കാട്ടാന പ്രതിരോധത്തിന് വളയം ചാല്‍ മുതല്‍ പൊട്ടിച്ചി പാറ വരെ സംരക്ഷണ ഭിത്തി പണിയുന്നതിന് 22 കോടി രൂപയുടെ പ്രവ്യത്തിക്ക് രണ്ട് വര്‍ഷം മുന്‍മ്പ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. 10.5കിലോമീറ്റര്‍ ആനമതിലും 3.5 കിലോമീറ്റര്‍ റെയില്‍ ഫെന്‍സിംങ്ങിനുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഊരാളുങ്കല്‍ സൊസൈറ്റി എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ടെണ്ടര്‍ ഇല്ലാതെ നിര്‍മാണം കൈമാറാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ അവര്‍ പിന്‍മാറി. ഇതോടെയാണ് പ്രവ്യത്തി പൊതുമരാമത്ത് കെട്ടിടനിര്‍മാണ വിഭാഗത്തെ ഏര്‍പ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. 

മതില്‍ നിര്‍മാണം 18 മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രവ്യത്തിക്കുള്ള മൊത്തം അടങ്കല്‍ തുകയില്‍ 50 ശതമാനമായ 11 കോടിയോളം രൂപ മുന്‍കൂറായി ഡെപോസിറ്റ് ചെയ്യുന്നതിന് ധനകാര്യ വകുപ്പ് അനുമതി നല്‍കുകയും ആവശ്യമെങ്കില്‍ എസ്റ്റിമേറ്റ് പുതുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്കും അനുമതി നല്‍കിയിരുന്നു. ഇന്നലെ സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോക യോഗത്തിലാണ് സംയുക്ത പരിശോധന ഉടന്‍ നടത്താനും ആവശ്യമെങ്കില്‍ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സങ്കേതികാനുമതി വാങ്ങി ടെന്‍ഡര്‍ ചെയ്യാനും നിര്‍ദ്ദേശിച്ചത്. പ്രവ്യത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എയ്‌ക്കൊപ്പം ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയി കുര്യനും മററ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. മേഖലയിലെ പ്രശ്‌നത്തിന്റെ ഗൗരവും ചീഫ് സെക്രട്ടറിയേയും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറേയും മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും നേരിട്ട് ബോധ്യപ്പെടുത്താനും തീരുമാനിച്ചു.

യോഗത്തില്‍ എഡിഎം കെ.കെ. ദിവാകരന്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, ആറള്ം പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, ആറളംവൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി സന്തോഷ് കുമാര്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍. അനല്‍കുമാര്‍, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ പി.പി. ഗിരീഷ്, കൊട്ടിയൂര്‍ റെയിഞ്ചര്‍ സുധീര്‍ നരോത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: foraaAralam