തിരുവനന്തപുരം: അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി തിരുവനന്തപുരം കോര്പ്പറേഷന്. 2020 ഡിസംബറില്‍ പുതിയ ഭരണ സമിതി അധികാരമേറ്റ് ഒമ്പത് മാസം തികഞ്ഞപ്പോള്‍ ഒമ്പത് അഴിമതികളാണ് പുറത്തുവന്നത്. ക്രീയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന ബിജെപി ഓരോ അഴിമതിയും പുറത്തുകൊണ്ടു വരുമ്പോഴെല്ലാം തെറ്റ് തിരുത്തുന്നതിന് പകരം ദാര്‍ഷ്ട്യം കൊണ്ട് നേരിടാനാണ് പലപ്പോഴും ഇടത് നേതൃത്വം ശ്രമിച്ചത്. ചരിത്രം സൃഷ്ടിക്കുന്നു എന്ന അവകാശവാദവുമായാണ് 21 കാരിയായ ആര്യാരാജേന്ദ്രനെ മേയറാക്കി നിയമിച്ചത്. എന്നാല്‍ സാമ്പത്തിക തിരിമറിയും അഴിമതിയും നടത്താനാണ് പാവയെ മേയറാക്കിയതെന്ന ബിജെപി വാദത്തെ സാധൂകരിക്കുന്നതാണ് നിലവിലെ സംഭവങ്ങള്‍.
നടക്കാത്ത ആറ്റുകാല്‍ പൊങ്കാലയുടെ മാലിന്യം നീക്കം ചെയ്യാന്‍ വാഹനം വാടകയ്ക്ക് എടുത്തത്, ഹിറ്റാച്ചി അഴിമതി, മൊബൈല്‍ മോര്‍ച്ചറി, ഫിക്സഡ് ഡെപ്പോസിറ്റ്, ഇടയാര്‍ ഭൂമി തട്ടിപ്പ്, ഉറവിട മാലിന്യ സംസ്കരണം, വീട്ടുകരം തട്ടിയെടുക്കല്‍, പട്ടികജാതി ക്ഷേമനിധി തട്ടിയെടുക്കല്‍, വാഹനക്രമക്കേട് തുടങ്ങിയവ ബിജെപി പൊതു ജനസമക്ഷം ഉയര്‍ത്തികൊണ്ടു വരുന്ന അഴിമതികളാണ് . സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ പല അഴിമതികളും മൂടിവയ്ക്കാനാണ് കഴിഞ്ഞ ഒമ്പതു മാസവും കോര്‍പ്പറേഷനിലെ ഭരണ നേതൃത്വം ശ്രമിച്ചത്.
1. ഇല്ലാത്ത പൊങ്കാലമാലിന്യം നീക്കാന്‍ വാടകയ്ക്ക് വാഹനം
പൊതുനിരത്തില്‍ നടത്താത്ത ആറ്റുകാല്‍ പൊങ്കാലയുടെ മാലിന്യം നീക്കം ചെയ്യാനെന്ന വ്യാജേന വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതില്‍ അഴിമതി. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അപ്പാടെ മാനിച്ച് ഭക്തര്‍ വീടുകളില്‍ പെങ്കാലയിട്ടപ്പോഴാണ് മാലിന്യം നീക്കം ചെയ്യാനെന്ന വ്യാജേന വന്‍ തട്ടിപ്പ് നടത്തിയത്. പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്ത് ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കിയത്. 150 മുതല്‍ 200 വരെ ക്യുബിക് അടി ശേഷിയുള്ള അഞ്ചു ടിപ്പറുകളും, 200 മുതല്‍ 300 വരെ ക്യുബിക് അടി ശേഷിയുള്ള 16 ലോറികളും വാടകയ്ക്ക് എടുത്തു. ഒരു ടിപ്പറിന് 13,000 രൂപ വാടക. 5 എണ്ണത്തിനു ചെലവായത് 65,000 രൂപ. ഇതുകൂടാതെ ലോറി ഒരെണ്ണത്തിനു വാടക 18,300 രൂപ. അങ്ങനെ ആകെ ചെലവ് 3,57,800 രൂപയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.
2. ചവര്കൂനയിലെ ഹിറ്റാച്ചി
ചവറു കൂനയില്‍ ഹിറ്റാച്ചികള്‍ തുരിമ്പെടുത്ത് നശിക്കുമ്പോള്‍ വാടകയ്ക്ക് ഹിറ്റാച്ചികള്‍ എടുത്ത് അഴിമതിക്ക് അവസരം ഒരുക്കുകയായിരുന്നു കോര്പ്പറേഷന്. നഗരസഭ 70 ലക്ഷം മുടക്കി സ്വന്തമായി വാങ്ങിയ രണ്ട് ഹിറ്റാച്ചികള്‍ ചവറുകൂനയില്‍ കിടന്ന് തുരുമ്പെടുത്ത് നശിക്കുകയായിരുന്നു. ഹിറ്റാച്ചികള്‍ സ്വന്തമായുള്ള സിപിഎം നേതാക്കളുടെ അടുത്ത് നിന്നും മണിക്കൂറിന് ഉയര്‍ന്ന വില വാടക നല്കി നഗരസഭ എടുക്കുകയായിരുന്നു. ഹിറ്റാച്ചി വാടകയ്ക്കെടുത്തു എന്ന് കണക്കെഴുതി സിപിഎമ്മുകാരെ പരിപോഷിപ്പിക്കുകയായിരുന്നു മേയറുടെ ലക്ഷ്യം. വിവാദമായതോടെ പിന്നീട് ഒരു ഹിറ്റാച്ചി അറ്റകുറ്റപണി നടത്താന്‍ കോര്പ്പറേഷന് നിര്‍ബന്ധിതമാകുകയായിരുന്നു.
3. ഇടത് സംഘടനാ ഓഫീസില്‍ ഒളിപ്പിച്ച മൊബൈല്‍ മോര്‍ച്ചറി
ലക്ഷങ്ങള്‍ നല്കി നഗരസഭ വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികള്‍ മാസങ്ങളായി കാണുന്നില്ലായിരുന്നു. ബിജെപി കൗണ്‍സിലര്‍ കരമന ജയന് ഇക്കാര്യം കൗണ്‍സിലില്‍ അവതരിപ്പിച്ചതോടെയാണ് ഇതേപറ്റി അന്വേഷണം ആരംഭിച്ചത്. നഗരസഭയ്ക്ക് കീഴിലുളള ഓഫീസ് പരിസരങ്ങളിലെല്ലാം നോക്കിയെങ്കിലും കണ്ടെത്തിയില്ല. ഒടുവില്‍ തൈക്കാട് ശ്മശാനത്തിന് സമീപം ഇടത് സംഘടനാ ജീവനക്കാരുടെ ഓഫീസില്‍ പിപിഇ കിറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അതേസമയം നഗരസഭയുടെ ആവശ്യത്തിന് ഇടത് അനുഭാവികളുടെ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് വാടകയ്ക്ക് എടുത്ത് നല്‍കുകയായിരുന്നു. നഗരസഭയ്ക്ക് രണ്ട് മൊബൈല്‍ മോര്ച്ചറിയാണുള്ളത്.
4. ഫിക്സഡ് ഡെപ്പോസിറ്റ്
വര്‍ഷങ്ങളായി കോര്പ്പറേഷന് നിക്ഷേപിച്ചിരുന്ന ഫിക്സഡ് ഡെപ്പോസിറ്റിന്റെ രസീതുകള്‍ നഷ്ടമായി. രണ്ട് എഫ്ഡിയാണ് കോര്‍പ്പറേഷനുള്ളത്. 2007 മുതല്‍ 2021 വരെ 50 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇതിന് ഉത്തരവാദപ്പെട്ട ഒരാള്‍ക്കെതിരെ പോലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
5. വീടുവയ്ക്കാന്‍ അനുമതി, പിന്നാലെ നിഷേധവും
ഇടയാറില്‍ സര്‍ക്കാരിന്റെ ഭവനപദ്ധതി പ്രകാരം സ്ഥലം വാങ്ങിനല്‍കിയ കോര്പ്പറേഷന് തന്നെ പിന്നീട് വീടുവെക്കാന്‍ അനുമതി നിഷേധിച്ചു. വീടുവയ്ക്കാന്‍ തടസ്സങ്ങളുള്ള ഭൂമി ഗുണഭോക്താക്കള്‍ക്കു വാങ്ങിനല്‍കി ഒമ്പതു കുടുംബങ്ങളെ കബളിപ്പിക്കുകയായിരുന്നു. 2017ല്‍ ജനകീയാസൂത്രണത്തിന്റെ ഭാഗമായി നെടുങ്കാട് വാര്‍ഡില്‍ താമസിക്കുന്ന ഒമ്പത് കുടുംബങ്ങള്‍ക്ക് ഇടയാറില്‍ കോര്പ്പറേഷന് സ്ഥലം വാങ്ങിനല്കിയതിലാണ് തട്ടിപ്പ് നടന്നത്. ഇടനിലക്കാര്‍ കണ്ടെത്തിയ 14.25 സെന്റ് സ്ഥലം വീടുവയ്ക്കാന്‍ അനുയോജ്യമെന്നാണ് കോര്‍പ്പറേഷനിലെ പ്രോജക്ട് മാനേജര്‍ സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍, വീടുവയ്ക്കാന്‍ അനുമതി തേടിയപ്പോള്‍ തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി കോര്പ്പറേഷന് ഉദേ്യാഗസ്ഥര്‍ തന്നെ നിഷേധിച്ചു. ഈ ഭരണസമിതിയും മുമ്പേ നടന്ന അഴിമതി മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. കോര്പ്പറേഷന് സെക്രട്ടറി ഗുണഭോക്താക്കളായ ഒമ്പതു കുടുംബങ്ങളുടെ ഹിയറിങ് നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തില്ല.
6. പാളിയ ഉറവിടമാലിന്യ സംസ്കരണം
ഉറവിട മാലിന്യ സംസ്കാരണവുമായി ബന്ധപ്പെട്ട് കിച്ചന് ബിന്‍ വാങ്ങിയതില്‍ അഴിമതി. കുറഞ്ഞ വിലയ്ക്ക് ലഭ്യമാകേണ്ട കിച്ചന് ബിന്നുകള്‍ പാലക്കാടുള്ള സ്വകാര്യ കമ്പനിയില്‍ നിന്നും കൂടിയ തുകയ്ക്ക് ടെന്റര്‍ നല്‍കുകയായിരുന്നു. ടെന്ററില്ലാതെ ക്ഷണിക്കാവുന്ന സര്‍ക്കാര്‍ സ്ഥാപനമുള്ളപ്പോഴാണ് അഴിമതി നടത്തുന്നതിനായി ഇടതു ഭരണസമിതിയുടെ ഇടപെടല്‍. കോര്പ്പറേഷന് നടപ്പിലാക്കിയ ഉറവിടമാലിന്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരാജയപ്പെടുകയായിരുന്നു.
7. കാണാതായ വാഹനത്തിനും ഇന്‍ഷ്വറന്‍സ് അടച്ചു
കോര്‍പ്പറേഷന്റെ 225 വാഹനങ്ങളില്‍ 137 വാഹനങ്ങള്‍ കാണാനില്ല. കാണാതായതും കണ്ടം ചെയ്തതുമായ വാഹനങ്ങള്‍ക്ക് കോര്പ്പറേഷന് ഇന്‍ഷ്വറന്‍സ് പോളിസി എടുത്തത് വലിയ വിവാദമായി. 225 വാഹനങ്ങള്‍ സ്വന്തമായുണ്ടായിരിക്കേ, 137 വാഹങ്ങളുണ്ടെന്നാണ് 2019-2020 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ഭരണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പരിശോധിക്കണമെന്ന് അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
8. പട്ടികജാതിക്കാരുടെ ക്ഷേമ നിധി തട്ടിയെടുത്തു
പട്ടികജാതി വിഭാഗങ്ങള്‍ക്കായി തിരുവനന്തപുരം നഗരസഭ വഴി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ അഴിമതി. പട്ടികജാതി വകുപ്പ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് അഴിമതിയുടെ ചുരുളഴിയുന്നത്. ഇടത് യൂണിയന് നേതാവും കൂട്ടാളികളും ചേര്‍ന്ന് ഒരുകോടി നാല് ലക്ഷം രൂപ 24 അക്കൗണ്ടുകളിലായി തട്ടി എടുക്കുകയായിരുന്നു. നിര്‍ധനരായ പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിര്‍മാണം, ചകിത്സാ സഹായം, വെള്ളപ്പൊക്ക സഹായം എന്നിവയ്ക്ക് നല്‍കിയിരുന്ന പണം ഡെപ്യൂട്ടേഷനിലെത്തിയ ഇടത് നേതാവായ എല്‍ഡി ക്ലര്‍ക്ക് യു.ആര്. രാഹുലും എസ്സി പ്രൊമോട്ടര്‍മാരും ചേര്‍ന്ന് തട്ടിയെടുത്തു. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇതുവരെ 75 ലക്ഷത്തിന്റെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. 11 പ്രതികളാണ് ഉള്ളതെങ്കിലും ഒരാള്‍ക്കെതിരെ മാത്രമാണ് നടപടി എടുത്തത്. ഓഡിറ്റ് റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
9. വീട്ടുകരം പിരിച്ചു; കോര്‍പ്പറേഷനില്‍ എത്തിയില്ല
വിവിധ സോണുകളില്‍ നിന്നും വീട്ടുകരം സ്വീകരിച്ചശേഷം ഇടത് യൂണിയനിലെ ഉദ്യോഗസ്ഥര്‍ പങ്കുവച്ചെടുത്തതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന അഴിമതി. നികുതിപണം സ്വീകരിച്ചതില്‍ അഴിമതി നടന്നതായി ബിജെപി തുടക്കത്തിലെ ആരോപിക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഇടതുയൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവന്നതോടെയാണ് കോര്‍പ്പറേഷനിലെ അഴിമതിയുടെ വ്യാപ്തി പൊതു സമൂഹത്തിന് ബോധ്യമായത്. നേമം, ആറ്റിപ്ര, ഉള്ളൂര്‍ സോണുകളിലാണ് അഴിമതി നടന്നതായി പ്രഥമദൃഷ്ടിയാല്‍ കണ്ടെത്തിയിരിക്കുന്നത്.
വിവാദങ്ങള്‍ വേറെയും
ടിപ്പറിലെ മാലിന്യം അകത്തേക്ക് ഇടിച്ച് അമര്‍ത്തി വയ്ക്കാന്‍ ഒരു കോടി മുടക്കി വാങ്ങിയ കോംപാക്ടര്‍ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. മാലിന്യങ്ങള്‍ കൂടുതല്‍ ഉള്‍കൊള്ളിക്കാനുള്ള കോംപാക്ടര്‍ ഉപയോഗിക്കാതെ ഇരുന്നാല്‍ വാടകയ്ക്കെടുക്കുന്ന ടിപ്പറുകള്‍ക്ക് കൂടുതല്‍ ട്രിപ്പ് ലഭിക്കും. ഇടതുപക്ഷ അനുഭാവികളായ ടിപ്പര്‍ മുതലാളിമാര്‍ക്ക് കൂടുതല്‍ തുക ലഭിക്കുന്നതിന് സഹായകരമാകും.
എല്‍ഇഡി ബള്‍ബ് കെട്ടിക്കിടന്നത്, മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം പാളിയത്, വാക്സിന് യഥാസമയം നല്‍കിയില്ലെന്ന കൗണ്‍സിലര്‍മാരുടെ ആക്ഷേപം, കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ശാന്തികവാടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ്ശ്മശാനം ഉദ്ഘാടനം നിര്‍വഹിച്ചശേഷം മുഖപുസ്തകത്തില്‍ðപോസ്റ്റിട്ടത് ഉള്‍പ്പെടെ നിരവധി വിവാദങ്ങളാണ് മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: