ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിടുമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. അപമാനം സഹിച്ച് ഇനിയും കോണ്‍ഗ്രസില്‍ തുടരാനാകില്ലെന്ന് അമരീന്ദര്‍ വ്യക്തമാക്കി. ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും സന്ദര്‍ശിച്ച ശേഷമാണ് അമരീന്ദറിന്റെ പ്രഖ്യാപനം.
കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തി അമരീന്ദറിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് സൂചന. നാളെ ഗാന്ധി ജയന്തിയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് വിടുമെന്നും എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്നുമുള്ള അമരീന്ദറിന്റെ പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്.
തന്നെ വിശ്വസിക്കാത്ത, അപമാനിക്കുന്ന, പാര്‍ട്ടിയില്‍ തുടരാനാവില്ലെന്ന് അമരീന്ദര്‍ പറഞ്ഞു. ഇതുവരെ കോണ്‍ഗ്രസുകാരനായിരുന്നു. ഇനി കോണ്‍ഗ്രസില്‍ തുടരില്ല. ഒരു പ്രശ്നം ഉന്നയിച്ചാല്‍ അത് പരിഹരിക്കാന്‍ നേതൃത്വം തയ്യാറാവുന്നില്ല. 52 വര്‍ഷത്തിലേറെയായി പാര്‍ട്ടിക്കൊപ്പമുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള ഇടപെടലല്ല പ്രതീക്ഷിക്കുന്നത്. രാവിലെ 10.30ന് ഫോണ്‍ ചെയ്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവയ്ക്കാന്‍ പറഞ്ഞു. ഒരു ചോദ്യവുമുന്നയിക്കാതെ വൈകിട്ട് നാലിന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്കി. രാജിവയ്ക്കേണ്ട സാഹചര്യമെന്തെന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് വ്യക്തമാക്കിയില്ല. തന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടത്. പഞ്ചാബില്‍ കോണ്‍ഗ്രസ് തകരുകയാണ്. പാര്‍ട്ടിയിലെ ഗൗരവമുള്ള സ്ഥാനം സിദ്ധുവിനെപ്പോലെ ബാലിശമായി പെരുമാറുന്നയാള്‍ക്കാണ് നല്‍കിയതെന്നും അമരീന്ദര്‍ തുറന്നടിച്ചു.
തന്റെ ട്വിറ്റര്‍ ബയോയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും അമരീന്ദര്‍ നീക്കം ചെയ്തു. ആര്‍മി വെറ്ററന്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി, സംസ്ഥാനത്തെ സേവിക്കുന്നത് തുടരുന്നു എന്നു മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ബയോയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: