അഭിവാദന ശീലസ്യ
നിത്യംവൃദ്ധോപസേവിനാ
ചത്വാരിതസ്യ വര്‍ദ്ധന്തേ
ആയുര്‍ വിദ്യ യശോ ബലം
വൃദ്ധജനങ്ങളോടും ഗുരുജനങ്ങളോടും ആദരപൂര്‍വ്വം കുശലം പറയണം. അവര്‍ക്ക് ആവശ്യമായ ശ്രദ്ധയും ശുശ്രൂഷയും നല്കുന്നതു ശീലമാക്കുകയും വേണം. അങ്ങനെ ചെയ്യുന്നവര്‍ക്കു നാലു കാര്യങ്ങള്‍ വര്‍ദ്ധിച്ചു വരും എന്നാണ് ഈ നീതിസാരശ്ലോകത്തിന്റെ സാരം. ഏതാണ് നാലുകാര്യങ്ങള്‍ എന്നല്ലേ? ദീര്‍ഘായുസ്സുതന്നെയാണു ആദ്യത്തേത്. വിദ്യയും യശസ്സും ബലവുമാണ് ബാക്കി മൂന്നെണ്ണം.
വൃദ്ധജന- ഗുരുജന സേവനത്തിന്റെ മേന്മകള്‍ക്കു പാത്രമാവാന്‍ പുതിയ തലമുറയോടു പറഞ്ഞാല്‍ അവര്‍ കേട്ടെന്നു വരില്ല. പണം കിട്ടുമോ? സുഖം കിട്ടുമോ? എന്നൊക്കെയാവും അവരുടെ ചോദ്യം. നീതിസാരത്തില് പണം കിട്ടുന്ന കാര്യം എടുത്തു പറഞ്ഞിട്ടില്ലെന്നതു ശരിയാണ്. പണം പക്ഷെ, അതില്‍ ഒളിച്ചുവെച്ചിട്ടുണ്ട്. വിദ്യയും കീര്‍ത്തിയും ബലവുമുള്ള ഒരാള്‍ക്കു ധനം തനിയേ വന്നുചേരും എന്നാണ് ധ്വനി.
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന മറ്റൊരു നീതിസാരവാക്യം കൂടി ഒപ്പം ഓര്‍മ്മിക്കണം. എല്ലാ ധനങ്ങളിലും വെച്ചു ഏറ്റവും വലിയ ധനം വിദ്യയാണ്. അങ്ങനെയുള്ള വിദ്യയെ ഗുരുശുശ്രൂഷകൊണ്ടുവേണം നേടാന്‍. ഗുരുവിന്റെ സന്തോഷവും അനുഗ്രഹവും ശിഷ്യനെ കൂടുതല്‍ ശക്തനും
കീര്‍ത്തിമാനുമാക്കിത്തീര്‍ക്കും മറിച്ചു ഗുരുശാപമാണ്, ഗുരുവിന്റെ മനോവിഷമമാണ് ഒരാള്‍ നേടുന്നതങ്കിലോ? നന്നായി പഠിച്ചുറച്ച വിദ്യയും വേണ്ട സമയത്തു ഉപയോഗിക്കാന്‍ കഴിയാതെ അപകടത്തിലും പരാജയത്തിലും വീഴുവാന്‍ ഇടയാക്കും. ഇത്തരത്തിലുള്ള അനുഗ്രഹ-ശാപകഥകള്‍ നമ്മുടെ പുരാണങ്ങളില്‍ സുലഭമാണ്.
എന്നാല്‍, യഥാര്‍ത്ഥ ജ്ഞാനത്തിന്റെയും ഗുരുശിഷ്യബന്ധങ്ങളുടേയുമായ പഴങ്കഥകളൊന്നും പുതുതലമുറയോടു പറഞ്ഞിട്ടു കാര്യമില്ല. അവര്‍ സാങ്കേതികജ്ഞാനത്തെ ഏറ്റവും വിലപ്പെട്ടതായും മനുഷ്യബന്ധങ്ങളെയെല്ലാം വിലകുറഞ്ഞതായും കാണുന്നു. പെട്ടുന്നു കിട്ടുന്ന വിദ്യ പെട്ടെന്നുകിട്ടുന്ന ധനം, പെട്ടെന്നു കിട്ടുന്ന ഭക്ഷണം, സുഖം തുടങ്ങിയവയിലേക്കാണ് അവരുടെ നോട്ടം. ഒടുവില്‍ പെട്ടെന്നു കിട്ടുന്ന മരണമാവും നേട്ടം! ആധുനിക സാങ്കേതിക സങ്കീര്‍ണ്ണതകളിലും അപകടങ്ങളിലും അകപ്പെട്ടു അവര്‍ അല്പായുസ്സുകളാകുന്ന വാര്‍ത്തകള്‍ ഇന്നു സുലഭം
ആധുനിക വിജ്ഞാനം വേണ്ടെന്നല്ല പറയുന്നത്. അവയുടെ പിറകെ അന്ധമായി ഓടരുത് എന്നാണ്; സ്വാഭാവിക വളര്‍ച്ചയും ശീലഗുണങ്ങളും മാനുഷികബന്ധങ്ങളും മറക്കരുതെന്നാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതത്രെ വൃദ്ധജനപരിപാലനം. നാം കുട്ടിയായിരുന്നപ്പോള്‍ കളിപ്പിച്ചും, ചിരിപ്പിച്ചും, വിസര്‍ജ്ജ്യങ്ങള്‍ മാറ്റി കുളിപ്പിച്ചും എടുത്തുനടന്നു കൊഞ്ചിച്ചും, കൈപിടിച്ചു ഓരോന്നു ചെയ്യിച്ചും നമ്മെ വളര്‍ത്തിയവരാണവര്‍. പല വിധത്തിലുള്ള ത്യാഗങ്ങള്‍ സഹിച്ചവര്‍. ഇപ്പോള്‍ പുതിയ കാലത്തിന്റെ അറിവുകളോ കഴിവുകളോ ഇല്ലെന്നു കരുതി അവരെ അവഗണിക്കുന്നതു ശരിയല്ല. പണ്ടു നമ്മളോടു ചെയ്തതെല്ലാം നാം അവരോടു ചെയ്യണം. വൃത്തിയാക്കി കുളിപ്പിച്ചും കൈപിടിച്ചു ഓരോന്നു ചെയ്യിച്ചും കുശലം പറഞ്ഞു രസിപ്പിച്ചും അവരുടെ അനുഗ്രഹങ്ങള്‍ നേടണം.
ഒരു വ്യക്തി സ്വന്തം ജീവിതത്തില്‍ മുന്നോട്ടും പിന്നോട്ടും നോക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളേയും വൃദ്ധരേയും ഒരേ പോലെ പരിചരിക്കേണ്ടതുണ്ട്. ഏതാണ്ടു ഒരേ അവസ്ഥയിലായിരിക്കുന്ന അവരെ യൗവനത്തികവുള്ളവര്‍ മദ്ധ്യസ്ഥരായി നിന്നു സന്തോഷിപ്പിക്കണം. ഒരുതരത്തിലുള്ള കടംകൊടുക്കലും കടംവീട്ടലുമാണത്. യൗവനമാകുന്ന ധനം കുഞ്ഞുങ്ങള്‍ക്ക് അല്പാല്പം കടമായി നല്കുന്നു; പിന്നീട് അവര്‍ തങ്ങളുടെ പ്രായമാകുമ്പോള്‍ തിരിച്ചു നല്‍കുമെന്ന വിശ്വാസത്തോടെ. മുതിര്‍ന്നവരെ പരിചരിക്കുന്നതാകട്ടെ, താന്‍ കുട്ടിയായിക്കെ അവരില്‍ നിന്നു ലഭിച്ച സേവന ധനം തിരിച്ചു നല്‍കലുമാണ്, തനിക്കും ഇങ്ങനെ മക്കളില്‍ നിന്നും തിരിച്ചുകിട്ടുമല്ലോ എന്ന പ്രതീക്ഷയോടെ. ഈ കൊടുക്കലും വാങ്ങലുമാണ് യഥാര്‍ത്ഥ ജീവിതം. മനുഷ്യസമൂഹത്തെ മുഴുവന്‍ ഒന്നായിക്കാണുന്നവര്‍ക്കു എന്റെ മക്കള്‍ എന്റെ മാതാപിതാക്കള്‍ എന്ന ചിന്തയുണ്ടാവില്ല. മുതിര്‍ന്നവരെല്ലാം ഗുരുജനങ്ങള്‍, പ്രായം കുറഞ്ഞവരെല്ലാം ബന്ധുജനങ്ങളും!
ശാസ്ത്രീയമായ പല കണ്ടുപിടുത്തങ്ങളിലൂടെ ആരോഗ്യമേഖലയിലുണ്ടായ വളര്‍ച്ച വിസ്മയകരമാണ്. ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വളരെ കൂടിയിട്ടുണ്ട്. കേരളത്തില്‍ വിശേഷിച്ചും. അതിനാല്‍ വൃദ്ധജനങ്ങള്‍ പെരുകിയിരിക്കുകയാണ്. അവര്‍ നേരിടുന്ന പ്രശ്നങ്ങളും അങ്ങനെ തന്നെ. അവഗണന, ചൂഷണം, കബളിപ്പിക്കല്‍, ഉപേക്ഷിക്കല്‍, ഉപദ്രവിക്കല്‍ എന്നതിനപ്പുറം കൊല ചെയ്യപ്പെടലിന്റെയും വാര്‍ത്തകള്‍ നാം നിത്യവും കാണുന്നു. ഭരണകൂടത്തിനും നിതിപീഠത്തിനും
കാര്യമായി ഇടപെടേണ്ടിയും വരുന്നു. ഇതൊരു നല്ല സംസ്കാരമല്ല. യുവജനങ്ങള്‍ മുതിര്‍ന്നവരുടെ അറിവും കഴിവും സഹായവും പ്രയോജനപ്പെടുത്തി സ്നേഹപരിചരണങ്ങളിലൂടെ അവരുടെ സന്തോഷവും അനുഗ്രഹവും നേടിക്കൊണ്ടുവേണം മുന്നേറുവാന്‍. അതായിരിക്കും ഏവര്‍ക്കും ശ്രേയസ്കരമെന്നു പറയുന്ന നീതിസാരശ്ലോകത്തെ മലയാളത്തിലെ മൊഴിമാറ്റിയും ഓര്‍മ്മിപ്പിക്കട്ടെ:
വൃദ്ധരെ നിത്യവും മാനിച്ചു സേവിച്ചു
ശുദ്ധരായ് ജീവിതം നീക്കുവോരില്‍
വര്‍ദ്ധിച്ചിടും നാലു നല്ലതാം കാര്യങ്ങള്‍
ആയുസ്സ്, വിദ്യാ, യശസ്സു, ശക്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: