തൃശ്ശൂര്‍: വിവാദമായ പട്ടണം ഉത്ഖനനത്തിനുള്ള അനുമതി റദ്ദാക്കിയെങ്കിലും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ ഖനനം നടത്തുന്ന സ്വകാര്യ ഏജന്‍സിയെ സഹായിക്കുന്ന നിലപാട് രഹസ്യമായി തുടരുന്നതായി മുതിര്‍ന്ന ആര്‍എസ്എസ് സൈദ്ധാന്തികനും പ്രജ്ഞാപ്രവാഹ് ദേശീയ കണ്‍വീനറുമായ ജെ. നന്ദകുമാര്‍. ഉത്ഖനനത്തിന് പിന്നിലെ വിദേശ ബന്ധങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഗുരുതരമായ കുറ്റങ്ങളും ആരോപണങ്ങളുമുണ്ടായിട്ടും, പാമ എന്ന സ്വകാര്യ ഏജന്‍സിയുടെ ലൈസന്‍സ് റദ്ദ് ചെയ്തുകൊണ്ട് എഎസ്ഐ പുറത്തിറക്കിയ ഉത്തരവില്‍ ഇതൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. പാമയുടെ പേര് പോലും പരാമര്‍ശിക്കാതെയാണ് ലൈസന്‍സ് റദ്ദാക്കല്‍ ഉത്തരവ്. കോടതിയെ സമീപിച്ച് എളുപ്പത്തില്‍ അനുമതി തേടാനുള്ള സൗകര്യമൊരുക്കാനായിരുന്നു ഇതെന്നും നന്ദകുമാര്‍ പറഞ്ഞു. ഇംഗ്ലീഷ് വാരികയായ ദി ഓര്‍ഗനൈസറിലെഴുതിയ ലേഖനത്തിലാണ് ജെ. നന്ദകുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 2019ല്‍ സ്വകാര്യ ഏജന്‍സി ഉത്ഖനനത്തിന് അനുമതി നേടിയതും ദുരൂഹമാണ്.
എഎസ്ഐയുടെ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ എം. നമ്പിരാജനാണ് ലൈസന്‍സ് റദ്ദാക്കി ഉത്തരവ് പുറത്തിറക്കിയത്. പാമ ഡയറക്ടര്‍ ഡോ.പി.ജെ. ചെറിയാനുമായി ഒരു പതിറ്റാണ്ടിലേറെയായി അടുപ്പം പുലര്‍ത്തുന്നയാളാണ് നമ്പിരാജന്. 2008 മുതല്‍ 2016 വരെ പി.ജെ. ചെറിയാന്റെ നേതൃത്വത്തില്‍ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തിയ പട്ടണം ഉത്ഖനനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചയാളുമാണ് നമ്പിരാജന്.
ചെറിയാനും നമ്പിരാജനുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ നിരവധി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുമുണ്ട്. എന്നാല്‍ അക്കാദമിക് സമൂഹം അതെല്ലാം തള്ളിക്കളയുകയാണുണ്ടായതെന്നും നന്ദകുമാര്‍ വിശദീകരിക്കുന്നു. എഎസ്ഐയുടെ തൃശ്ശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടായിരുന്നു അക്കാലത്ത് നമ്പിരാജന്.
ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉത്ഖനനത്തിനുള്ള കെസിഎച്ച്ആറിന്റെ ലൈസന്‍സ് 2015ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റദ്ദാക്കി. 2016ല്‍ വിദേശത്ത് നിന്ന് അനധികൃതമായി പണം സ്വീകരിക്കുന്ന 20 എന്‍ജിഒകളുടെ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതില്‍ കെസിഎച്ച്ആറും ഉള്‍പ്പെടുന്നു. ഇതേ ആളുകള്‍ തന്നെയാണ് പിന്നീട് 2019ല്‍ പാമ എന്ന പേരില്‍ എഎസ്ഐയുടെ ലൈസന്‍സ് സമ്പാദിച്ച് ഉത്ഖനനത്തിന് നീക്കം നടത്തിയത്. ഇതിന് നമ്പിരാജന്റെ സഹായം ലഭിച്ചിട്ടുണ്ട്. എഎസ്ഐ ഉപദേശക സമിതിയംഗമായ ഡോ.കെ. രാജന്റെ സഹായവും ലഭിച്ചിട്ടുണ്ട്.
2020 ഫെബ്രുവരി മൂന്നിന് ചേര്‍ന്ന കെസിഎച്ച്ആര്‍ യോഗത്തില്‍ പാമ എന്ന സംഘടനയുടെ പേരില്‍ ഉത്ഖനനത്തിന് വീണ്ടും ലൈസന്‍സ് ലഭിച്ചതായി ചെറിയാന് അറിയിക്കുകയായിരുന്നു. ഉത്ഖനനത്തിന്റെ പേരില്‍ വിദേശഫണ്ട് കൈപ്പറ്റിയെന്നതടക്കമുള്ള ഗുരുതരമായ കേസില്‍ അന്വേഷണം നേരിടുന്ന സംഘടനയ്ക്കും ആളുകള്‍ക്കും പേര് മാറ്റിയതോടെ നാല് വര്‍ഷത്തിനുള്ളില്‍ വീണ്ടും ലൈസന്‍സ് നല്‍കിയത് ദുരൂഹമാണെന്നാണ് ജെ. നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സിഎജി ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കൊന്നും ഇതുവരെ കെസിഎച്ച്ആര്‍ വിശദീകരണം നല്‍കിയിട്ടില്ല. കെസിഎച്ച്ആറിന്റെയും ഇപ്പോള്‍ പാമയുടെയും ഉത്ഖനനത്തിന് പിന്നില്‍ ഇന്ത്യാവിരുദ്ധരായ അന്താരാഷ്ട്ര ഏജന്‍സികളുണ്ട്. ഇന്ത്യന്‍ ദേശീയ മുന്നേറ്റത്തെ ശക്തമായി എതിര്‍ക്കുകയും കശ്മീര്‍ വിഘടനവാദത്തെയുള്പ്പെടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ഇടപാടുകളുള്ള കോടീശ്വരന് ജോര്‍ജ് സോറോസിന് പാമയുമായി ബന്ധമുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നും നന്ദകുമാര്‍ ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: