ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളിലും ബോര്‍ഡ്-കോര്‍പ്പറേഷനുകളിലും നിയമനം നടത്തുന്നതിന് പോലീസ് വെരിഫിക്കേഷന് വേണമെന്ന് മന്ത്രിസഭയോഗം തീരുമാനമെടുത്തത് ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രം. ഇത്തരം സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം വരെ പിന്‍വാതില്‍ നിയമനവും പുനര്‍നിയമനവും തകൃതിയായി നടത്തിയതിന് ശേഷമാണ് സര്‍ക്കാരിന്റെ കബളിപ്പിക്കല്‍ തന്ത്രം.
കയര്‍ഫെഡ് ആസ്ഥാനത്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്. നാസറിന്റെ ഭാര്യക്കും യൂണിയന് നേതാവിനും പുനര്‍നിയമനം നല്‍കിയത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിവാദമായിരുന്നെങ്കിലും ഉയര്‍ന്ന ശമ്പളത്തില്‍ ഇവരെ ഇപ്പോഴും തുടരാന്‍ അനുവദിച്ചിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപങ്ങള്ക്കിടയാക്കിയിരിക്കയാണ്.
അരലക്ഷത്തോളം രൂപ ശമ്പളത്തിലാണ് കയര്‍ ഫെഡ് ആസ്ഥാനത്ത് പേഴ്സണല്‍ മാനേജരായി നാസറിന്റെ ഭാര്യ ഷീല ജോലിയില്‍ തുടരുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ വിരമിച്ചപ്പോള്‍ ഓണക്കാലത്ത് ഓഫീസ് നടപടികളില്‍ പോരായ്മ ഉണ്ടാകാതിരിക്കുന്നതിനാണ് പുനര്‍നിയമനം നടത്തിയതെന്നും പിഎസ്സി നിയമനമാണ് നടക്കാനുള്ളതെന്നുമാണ് ചെയര്മാന് പറഞ്ഞിരുന്നത്.
ഇതേ സമയം തന്നെ എംപ്ലോയീസ് യൂണിയന് സെക്രട്ടറി എം.പി. നാരായണനും പുനര്‍നിയമനം നല്കി. ഇതുകൂടാതെ പിഎസ് സിയെ നോക്കുകുത്തിയാക്കിയും തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചും കയര്‍ഫെഡിന്റെ ഹെഡ്ഓഫീസിലടക്കം പതിനഞ്ചോളം അനധികൃത നിയമനങ്ങളും നടത്തി. പെന്ഷന് പറ്റിയവരെ ഒരു കാരണവശാലും പുനര്‍നിയമിക്കരുതെന്ന കേരള സഹകരണ ചട്ടം മറികടന്നാണ് പുനര്‍നിയമനം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: