തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിക്കണമെന്ന് റെയില്‍വേയോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമാണ് ട്രെയിന്‍ യാത്ര അനുവദിച്ചിരിക്കുന്നത്. ഇതുമാറ്റി പഴയപടി പുനസ്ഥാപിക്കണമെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാസഞ്ചര്‍ ട്രെയിനിലടക്കം ഏര്‍പ്പെടുത്തിയ റിസര്‍വേഷന്‍ പിന്‍വലിക്കുക, യാത്രക്കാര്‍ക്ക് വീണ്ടും സീസണ് ടിക്കറ്റ് ഏര്‍പ്പെടുത്തുക എന്നിവയും റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് റെയില്‍വേ ബോര്‍ഡ് ആണ്. അതിനാല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡിനു സമര്‍പ്പിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതോടൊപ്പം തിരുവനന്തപുരം സെന്‍ട്രലില്‍ രാവിലെ എത്തുന്ന വഞ്ചിനാട്, ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനുകള്‍ 9.45 ന് എത്തിച്ചേരുന്ന വിധം ക്രമീകരിക്കുന്ന കാര്യവും റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 2 ലിഫ്റ്റുകള്‍ പണിയുന്ന നടപടി ഉടന്‍ ആരംഭിക്കും. പ്രീ പെയ്ഡ് ഓട്ടോ,ടാക്സി നടപ്പിലാക്കുന്നത് കലക്ടറുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. നിലമ്പൂര്‍ – കോട്ടയം, കോട്ടയം – നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര, പൈങ്കുളം റെയില്‍വേ മേല്പാലങ്ങളുടെ നിര്‍മാണം ത്വരിതപ്പെടുത്തും.
അതേസമയം നിലമ്പൂര്‍- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചറുകളെ സംയോജിപ്പിച്ച് നിലമ്പൂരില്‍ നിന്നു കോയമ്പത്തൂരിലേക്ക് നേരിട്ടു കണക്ടിവിറ്റി നല്‍കുന്നതും കൊച്ചുവേളി- നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നു തുടങ്ങുന്നതും പരിഗണിക്കാന്‍ കഴിയില്ലെന്നു റെയില്‍വേ അറിയിച്ചു. പാത ഇരട്ടിപ്പിക്കലിനു സ്ഥലമേറ്റെടുക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി വി.അബ്ദുറഹ്മാന് സഹകരണം ഉറപ്പുനല്‍കി.
എന്നാല്‍ കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലുള്ള സംസ്ഥാനം കേരളമാണ്. പ്രതിദിന കോവിഡ് കേസുകളില്‍ ഭൂരിഭാഗവും സംസ്ഥാനത്താണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുമോ എന്ന ആശങ്ക കൂടി ഉയരുന്നതുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: