കൊച്ചി : സംസ്കാര ടിവിയുടെ ചെയര്മാന് എന്ന പേരില്‍ തട്ടിപ്പ് നടത്തിയതിനും മോന്സന് മാവുങ്കലിനെതിരെ കേസെടുത്തു. ചാനല്‍ ചെയര്‍മാനാണെന്ന പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സംസ്കാര ടിവി നല്കിയ പരാതിയിലാണ് പടി. ഇത് നാലാമത്തെ തട്ടിപ്പ് കേസാണ് മോന്‍സനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു.
പുരാവസ്തു ഇടപാടില്‍ മോന്സന് വസ്തുക്കള്‍ കൈമാറിയ ഇടനിലക്കാരന് സന്തോഷ് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരായി. സന്തോഷാണ് പഴയ വസ്തുക്കള്‍ മോന്സന് കൈമാറിയത്. ഈ വസ്തുക്കളാണ് പിന്നീട് അപൂര്‍വ്വ പുരാവസ്തു ശേഖരമെന്ന് വരുത്തി തീര്‍ത്ത് പണം തട്ടാന്‍ ഉപയോഗിച്ചത്.
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കല്‍ വ്യാജരേഖകള്‍ ചമച്ചതായി ബാങ്കുകള്‍ സ്ഥിരീകരിച്ചെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മോന്‍സനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്. വിശദമായ അന്വേഷണങ്ങള്‍ക്കും തെളിവെടുപ്പിനുമായി വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂന്നു ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ തുടരും.
മോന്സന് മാവുങ്കലിനെതിരെ നാല് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഷെമീര്‍, യാക്കൂബ് എന്നിവരുടെ പരാതികള്‍, ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പാലാ സ്വദേശി രാജീവിന്റെ പരാതി, ചാനല്‍ ചെയര്മാന് ചമഞ്ഞതിനെക്കുറിച്ച് ‘സംസ്കാര ടിവി’ ഉടമകളുടെ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് നാല് കേസുകള്‍.
അതിനിടെ മോന്‍സന്റെ പക്കല്‍ ബോളീവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറുള്ളതായും കണ്ടെത്തല്‍. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്നാണ് കാര്‍ പോലീസ് പിടിച്ചെടുത്തതോടെയാണ് ഇക്കാര്യം കണ്ടെത്തിയത്. ചേര്‍ത്തല പോലീസ് സ്റ്റേഷന് കോംപൗണ്ടിലുള്ള പോര്ഷെകാറിന്റെ വിശദാംശങ്ങളിലാണ് ഇത് കരീന കപൂറിന്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയത്. ഒരുവര്‍ഷമായി ഇത് ചേര്‍ത്തലയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ വാഹനത്തിന്റെ രേഖകള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും മോന്സന് ഹാജരാക്കിയില്ലെന്നും പോലീസ് വ്യക്തമാക്കി.
2007ല്‍ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വാഹനം. കരീന കപൂറിന്റെ മുംബൈയിലുള്ള വിലാസത്തിലാണ് കാറിന്റെ രജിസ്ട്രേഷനുള്ളത്. ശ്രീവത്സം ഗ്രൂപ്പുമായുള്ള കേസിനേത്തുടര്‍ന്ന് ഇരുപയോളം കാറുകളാണ് മോണ്‍സണിന്റെ പക്കല്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള പോര്‍ഷെ കാറിന്റെ രജിസ്ട്രേഷന് ഇത് വരെ മാറ്റാത്തത് സംബന്ധിച്ചും വാഹനം മോണ്‍സണിന്റെ പക്കല്‍ എങ്ങനെ എത്തി എന്നത് സംബന്ധിച്ചും വ്യക്തതയില്ല.
തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്സണ് മാവുങ്കലിന് എത്ര വാഹനങ്ങളുണ്ടെന്ന കാര്യത്തിലും പോലീസിന് വ്യക്തയയില്ല. വീട്ടിലും ചേര്‍ത്തല പോലീസ് സ്റ്റേഷനിലും കലൂരിലുമടക്കം കിടക്കുന്ന വാഹനങ്ങള്‍ എല്ലാം തന്നെ പല സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: