കൊല്ലം: 20 മാസമായി പട്ടിണിയിലായ സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ തീരുമാനം തിരിച്ചടിയായി. തങ്ങളെ വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടുന്ന തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നാണ് അവരുടെ അപേക്ഷ.
നവംബര്‍ ഒന്നുമുതല്‍ സ്കൂളുകള്‍ തുറക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് ജോലിയും വേതനവും ഇല്ലെന്നതാണ് ഇവരെ വിഷമത്തിലാക്കുന്നത്. ഈ വിഭാഗത്തിലെ തൊഴിലാളികള്‍ വിദ്യാഭ്യാസ മന്ത്രിയുടെ അവഗണനാപരമായ പ്രഖ്യാപനത്തില്‍ വിഷമത്തിലാണ്. കൊവിഡ് കാലത്ത് ജോലി ഇല്ലാതെ സംസ്ഥാനമൊട്ടാകെ വിഷമത്തിലായത് 14000 സ്കൂള്‍ പാചകതൊഴിലാളികളാണ്.
കൊവിഡ് ബാധിതരായി 30 ശതമാനം പേര് ദുരിതമനുഭവിച്ചു. മരണപ്പെട്ടത് 15 പേരാണ്. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും മരണപ്പെട്ടവര്‍ക്ക് പോലും ഒരു ധനസഹായവും ലഭിക്കുകയുണ്ടായില്ല. നിലവില്‍ ജോലിയില്ലാത്ത മാസങ്ങളില്‍ കേന്ദ്ര-സംസ്ഥാനവിഹിതം ചേര്‍ത്ത് ആകെ ലഭിക്കുന്നത് 1600 രൂപ സമാശ്വാസമാണ്. ഇതും ജൂണ്‍ മുതല്‍ മുടക്കമാണ്. എല്ലാ മേഖലകളും തുറക്കുകയും ആളുകള്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുമ്പോള്‍ തങ്ങളോടുമാത്രം വിവേചനം കാട്ടരുതെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. ജില്ലയില്‍ ആയിരത്തോളം സ്കൂള്‍ പാചകത്തൊഴിലാളികളാണ് ഉള്ളത്. സാധാരണനിലയില്‍ മാസത്തില്‍ 22 ദിവസം വരെ ജോലി ചെയ്ത് പതിനായിരം രൂപ വരെയാണ് ഇവര്‍ക്ക് വേതനമായി ലഭിക്കുന്നത്.
സ്കൂളില്‍ എത്തിച്ചേരുന്നത് പകുതിയില്‍ താഴെ കുട്ടികള്‍ മാത്രമായിരിക്കും. അവര്‍ക്ക് സ്കൂളില്‍ തന്നെ ആഹാരം കൊവിഡ് മാനദണ്ഡം പാലിച്ച് സുരക്ഷിതമായി ഊട്ടാനാകും. മാതൃവാത്സല്യത്തോടെ പാചകതൊഴിലാളികളായ സ്ത്രീകള്‍ കുട്ടികളെ നോക്കുകയും ചെയ്യും.
നിലവില്‍ സ്കൂള്‍ തുറക്കുന്നതുമുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിദിന വേതനം 600 രൂപ ഉച്ചഭക്ഷണം ആരംഭിക്കുന്നതുവരെ തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം. സ്കൂളിലെ ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും നല്കുമ്പോള് കുട്ടികള്‍ക്ക് അന്നം വിളമ്പുന്ന കൈകള്‍ തല്ലിയൊടിക്കുന്ന നയമാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്വീകരിച്ചതെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മരണമടഞ്ഞ സ്കൂള്‍ പാചക തൊഴിലാളികളുടെ ആശ്രിതര്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ആവശ്യവും സര്‍ക്കാര്‍ അവഗണിക്കുകയാണ്. പ്രായാധിക്യംമൂലം പണ്ടിരിയേണ്ടിവരുന്ന ജീവനക്കാര്‍ക്ക് പ്രതിമാസം പതിനായിരം രൂപ പെന്‍ഷനായി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വര്‍ഷങ്ങളായി സ്കൂളുകളില്‍ ജീവിതം സമര്‍പ്പിച്ചവരാണ് പാചക തൊഴിലാളികള്‍. സ്വന്തം മക്കളെ പോലെയാണ് എല്ലാ കുട്ടികളെയും പരിപാലിക്കുകയും ഊട്ടുകയും ചെയ്യുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലോടെ, മാതൃസഹജമായ സമീപനം സ്വീകരിക്കാന്‍ തൊഴിലാളികള്‍ക്ക് സാധിക്കും. ഒരുനേരത്തെ ഭക്ഷണം പാചകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണം.
ശകുന്തള, പാചകതൊഴിലാളി, കൊല്ലം
പാചക തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിയിടരുത്. വേതനവിഷയത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. തൊഴിലാളികള്‍ ഏറെയും സ്ത്രീകളാണ്. അവര്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. തൊഴിലാളിസൗഹൃദ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ല.
എ. ഹബീബ്സേട്ട്, സ്കൂള്‍ പാചക തൊഴിലാളി സംഘടനാനേതാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: