കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ മുന്‍ പോലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായ ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. മൂന്ന് ദിവസമായി അദ്ദേഹം ഓഫീസില്‍ വരുന്നില്ലെന്നും അവധിയില്‍ ആണെന്നുമാണ് ഓഫീസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.
ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്റ നാട്ടിലേക്കുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോന്സന് അറസ്റ്റിലായതിന് പിന്നാലെ ബെഹ്റയുമൊത്തുള്ള ഫോട്ടോകളും പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെ കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ബെഹ്റയെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തമായപ്പോഴാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി മെട്രോയുടെ ഓഫീസിലെത്തിയത്.
ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ ബീറ്റ് ബുക്ക് മോന്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്.
സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കുമുന്നില്‍ വെക്കാറില്ല. വിവാദമായതോടെ പോലീസ് ഇതെടുത്തുമാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ബെഹ്റ ഇതുവരെ തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളിലുണ്ട്. എല്ലാം പോലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്ന ന്യായീകരണം മാത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. മോന്സന് മാവുങ്കല്‍ അറസ്റ്റിലായത് മുതല്‍ ബെഹ്റയ്ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
അതിനിടെ ലോക്നാഥ് ബെഹ്റയാണ് മോന്സന് തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞതെന്നു ഇറ്റലിയില്‍ താമസിക്കുന്ന അനിത പുല്ലയില്‍ വെളിപ്പെടുത്തി. താന്‍ ക്ഷണിച്ചതിനെ തുടര്‍ന്നാണ് മോന്‍സന്റെ മ്യൂസിയം കാണാന്‍ രണ്ട് വര്‍ഷം മുമ്പ് ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും പോയതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: