കാഞ്ഞാര്‍: ഇലവീഴാപൂഞ്ചിറയ്‌ക്ക് സമീപം ചക്കിക്കാവ് മലനിരയില്‍പ്പെട്ട ആലുങ്കപ്പാറ ഹില്‍സില്‍ നീലക്കുറിഞ്ഞി പൂവിട്ടു. ഹൈറേഞ്ച് മേഖലയിലെ ഉയര്‍ന്ന മലമുകളില്‍ കാണുന്ന നീലക്കുറിഞ്ഞി ലോ റേഞ്ചില്‍ പൂക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നത് അടുത്തകാലത്ത് ഇതാദ്യം.
കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സര്‍ക്കാര്‍ ഭൂമിയാണ് ആലുങ്കപ്പാറ ഹില്‍സ്. ചക്കിക്കാവില്‍ നിന്ന് മേച്ചാല്‍ റൂട്ടില്‍ പൂണ്ടിക്കുളം നിരപ്പില്‍ എത്തിയ ശേഷം ഉദ്ദേശം രണ്ട് കി.മീറ്ററോളം മലഞ്ചെരുവിലൂടെ കാല്‍നടയായി സഞ്ചരിച്ചാല്‍ സ്ഥലത്തെത്താം. ഇവിടെ 20ല്‍ അധികം സ്ഥലങ്ങളിലായിട്ട് വ്യാപകമായിട്ട് നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട്. പൂണ്ടിക്കുളം നിരപ്പില്‍ വരെ വാഹനമെത്തും. ചെങ്കുത്തായ മലനിരകളില്‍ വിവിധയിടങ്ങളിലാണ് നിലക്കുറിഞ്ഞി പൂത്ത് നില്‍ക്കുന്നത് പ്രദേശവാസിയായ കോഴിമലക്കുന്നേല്‍ രാഹുല്‍ ആണ് ആദ്യം കാണുന്നത്. രണ്ട് ദിവസം മുമ്പ് സ്ഥലത്തെത്തിയപ്പോള്‍ ഇവ മൊട്ടിട്ട നിലയിലായിരുന്നു. പിന്നീട് വീണ്ടും എത്തിയപ്പോള്‍ വിരിഞ്ഞ് നില്‍ക്കുകയാണ്. പിന്നീട് ഇവയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഇതോടെയാണ് നീലക്കുറിഞ്ഞയാണെന്ന് സ്ഥിരീകരിക്കുന്നത്.
ലോ റേഞ്ചില്‍ നീലക്കുറിഞ്ഞി പൂവിട്ടതായി ഇതുവരെ റിപ്പോര്‍ട്ടില്ല. സമുദ്ര നിരപ്പില്‍ നിന്ന് 915 മീറ്റര്‍ (3000 അടി) ഉയരത്തിലാണ് മേഖല സ്ഥിതി ചെയ്യുന്നത്. ചക്കിക്കാവില്‍ നീലക്കുറുഞ്ഞി പൂത്ത പ്രദേശത്തേക്ക് വാഹന സൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം നടന്ന് ചെന്നാല്‍ മാത്രമേ നയന മനോഹരമായ ഈ ദൃശ്യം കാണുവാന്‍ സാധിക്കൂ. പശ്ചിമഘട്ട മലനിരകളില്‍ 1500 മീറ്ററിന് മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന പുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. മൂന്നാര്‍, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, ശാന്തമ്പാറ, കൊളുക്കുമല എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്.
സ്ഥലം സന്ദര്‍ശിക്കും
ചക്കിക്കാവില്‍ നീലക്കുറിഞ്ഞി കെണ്ടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പഠനത്തിനായി എത്തുമെന്ന് പാലാ സെന്റ് തോമസ് കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. പ്രൊഫ. ജോമി അഗസ്റ്റിന്‍ ജന്മഭൂമിയോട് പറഞ്ഞു. ചിത്രങ്ങളിലൂടെ നീലക്കുറിഞ്ഞിയാണെന്നത് വ്യക്തമാണ്. ഇവിടെ ഏത് സാഹചര്യത്തിലാണ് ചെടികള്‍ വന്നതെന്നത് വ്യക്തമല്ലെങ്കിലും ഇലവീഴാപൂഞ്ചിറയുടെ പരിസര പ്രദേശമായതിനാല്‍ നീലക്കുറിഞ്ഞി പൂക്കാന്‍ സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: