എടത്വ: വിഭാഗിയതയെ തുടര്‍ന്ന് തലവടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള നീരേറ്റുപുറം ബ്രാഞ്ച് സമ്മേളനം നിര്‍ത്തി വെച്ചു. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട് യുവനേതൃത്വം രംഗത്തുവന്നതാണ് പ്രശ്നത്തില്‍ കലാശിച്ചത്.
13 അംഗങ്ങളാണ് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തത്. ജില്ല കമ്മറ്റി അംഗം കെ.കെ അശോകന് നിരീക്ഷകനായി എത്തിയിരുന്നു. ഏറെ കാലമായി ബ്രാഞ്ച് സെക്രട്ടറിയായി തുടരുന്നയാളെ മാറ്റി യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് യുവനേതൃനിര വാശിപിടിച്ചതോടെ സമ്മേളനം തെരഞ്ഞെടുപ്പിലേക്ക് എത്തി.
പ്രശ്നം രൂക്ഷമായതോടെ ജില്ല കമ്മറ്റി അംഗം അറിയിച്ചതിനെ തുടര്‍ന്ന് സമ്മേളനം നിര്‍ത്തിവെയ്ക്കാന്‍ ജില്ല സെക്രട്ടറി നിര്‍ദ്ദേശം നല്കി. രാമങ്കരി പഞ്ചായത്തിലെ രണ്ട് ബ്രാഞ്ച് കമ്മറ്റിയിലും സമാന സംഭവം ആവര്‍ത്തിച്ചതോടെ ഇവിടെയും ബ്രാഞ്ച് സമ്മേളനം നിര്‍ത്തി വെച്ചിട്ടുണ്ട്. തലവടി നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സമ്മേളനത്തിലും ഇതേ വിഷയം ഉന്നയിക്കാന്‍ ഒരു വിഭാഗം രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മറ്റിയിലെ കൊമ്മാടി ലോക്കല്‍ കമ്മറ്റി പരിധിയിലെ കളപ്പുരയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങള്‍ ഭിന്നതയെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: