ചരിത്രവും പുരാവസ്തുക്കളും എന്നും കൗതുകമുണര്‍ത്തുന്ന കാര്യങ്ങളാണ്. ഈ കൗതുകമാണ് മോന്സണ് മാവുങ്കല്‍ എന്ന തട്ടിപ്പുകാരന് കേരളത്തിലെ ഉന്നത രാഷ്ട്രീയ പോലീസ് മേധാവികളെ വലയിലാക്കാന്‍ തുണയായതും. രണ്ടു ദിവസമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ലജ്ജിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമാണ്.
ശബരിമലയിലെ കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ മോന്‍സണിന്റെ വ്യാജ പുരാവസ്തു ശേഖത്തിലെ രേഖ സിപിഎമ്മും സര്‍ക്കാരും ഉപയോഗിച്ചുവെന്നത് നടുക്കമുണ്ടാക്കുന്ന കാര്യമാണ്. കേരള ചരിത്രത്തെത്തന്നെ തെറ്റായി സ്വാധീനിക്കാവുന്നതും സമുദായസ്പര്ദ്ധക്ക് വരെ കാരണമാകാവുന്നതുമായ വ്യാജരേഖകള്‍ സര്‍ക്കാരും ഭരണകക്ഷിയും തന്നെ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരിക്കയാണ്. മോന്‍സണിന്റെ തട്ടിപ്പുകള്‍ പുറത്തുവരികയും തങ്ങള്‍ ചെയ്തത് വലിയ തെറ്റായി എന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടും സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവുന്നില്ല.
ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച പന്തളം കൊട്ടാരത്തിന്റെ 351 വര്‍ഷം പഴക്കമുള്ള ചെമ്പോല എന്ന പേരിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ശബരിമല മൂന്നര നൂറ്റാണ്ടു മുന്‍പ് ദ്രാവിഡ ക്ഷേത്രമായിരിന്നുവെന്നും അവിടെ വൈദിക ചടങ്ങുകളൊന്നും നിര്വ്വഹിക്കപ്പെട്ടിരുന്നില്ലെന്നും ഈ ചെമ്പോലയെ അടിസ്ഥാനമാക്കിയാണ് സിപിഎമ്മും സര്‍ക്കാരും വാദിച്ചത്.
ഇതേ വാദങ്ങള്‍ സത്യവാങ്മൂലമായി സര്‍ക്കാര്‍ കോടതിയിലും നല്കി. ചരിത്ര രേഖകളുടെ കാലപ്പഴക്കവും ആധികാരികതയും നിര്‍ണയിക്കാന്‍ രാജ്യത്ത് ഒട്ടേറെ കേന്ദ്രങ്ങളും ആധുനിക സൗകര്യങ്ങളുമുള്ളപ്പോഴാണ്, അതിനൊന്നും തയ്യാറാകാതെ ഈ രേഖ കേരള സര്‍ക്കാരും സിപിഎം നേതൃത്വവും തൊണ്ടതൊടാതെ വിഴുങ്ങിയത്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കടുത്ത ജനരോഷത്തിനിരയായ സര്‍ക്കാരും സിപിഎമ്മും ഈ ചെമ്പോലയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള തത്രപ്പാടാണ് നടത്തിയത്. രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. അതിനര്‍ത്ഥം സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് തട്ടിപ്പിന് കളമൊരുക്കുകയായിരുന്നുവെന്ന് തന്നെയാണ്.
പ്രതിഷേധമുയര്‍ത്തുന്ന മറ്റൊരു കാര്യം ഇതേ ചെമ്പോലയെ അടിസ്ഥാനമാക്കി ചില മാധ്യമങ്ങള്‍ കാണിച്ച അമിതാവേശവും നുണപ്രചാരണവുമാണ്. ഹിന്ദു വിശ്വാസത്തെ തകര്‍ക്കാന്‍ വീണുകിട്ടിയ വടിയായാണ് ചിലര്‍ ഇത് ഉപയോഗിച്ചത്.
സിപിഎം മുഖപത്രമായ ദേശാഭിമാനിയായിരുന്നു അതില്‍ മുന്പില്. 24 ന്യൂസ് ചാനലും ഇതേ വാര്‍ത്ത ആധികാരികമെന്ന രീതിയില്‍ ആവേശപൂര്‍വ്വം പ്രചരിപ്പിച്ചു. കയ്യിലെത്തുന്ന വസ്തുതകളുടേയും തെളിവുകളുടേയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിവേണം വാര്ത്തനല്കാനെന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ ബാലപാഠം പോലും മറന്നാണ് ഇക്കൂട്ടര്‍ ആവേശപൂര്‍വ്വം ചാടിവീണത്.
തങ്ങള്‍ നല്കിയ വാര്‍ത്തകള്‍ കെട്ടുകഥകളായിരുന്നുവെന്ന് ബോധ്യം വന്ന സാഹചര്യത്തില്‍ നിഷ്പക്ഷ മാധ്യമങ്ങളെന്ന് നടിക്കുന്നവരെങ്കിലും തിരുത്താന്‍ തയ്യാറാകേണ്ടതാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അത് അനിവാര്യമാണ്.
രാജ്യത്ത് നിലവിലുള്ള പുരാവസ്തു നിയമമനുസരിച്ച് നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള വസ്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും അവ സൂക്ഷിക്കാന്‍ രേഖാമൂലം അനുമതി വാങ്ങുകയും വേണം.സര്‍ക്കാര്‍ അതിന്റെ ആധികാരികതയും കാലപ്പഴക്കവും ശാസ്ത്രീയമായി നിര്‍ണയിക്കുകയും വേണം. ചെമ്പോല പോലയുള്ള രേഖകളാവുമ്പോള് 75 വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കില്‍ത്തന്നെ പുരാവസ്തുവായി കണക്കാക്കും.
മോന്സണ് എന്ന വ്യക്തിയുടെ സ്വകാര്യ ശേഖരത്തിലുള്ള ചെമ്പോല ആധികാരിക രേഖയായി കോടതിയിലും പൊതു സമൂഹത്തിന് മുന്നിലും അവതരിപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാരോ സിപിഎം നേതൃത്വമോ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളോ ഇക്കാര്യം പരിശോധിച്ചില്ല.
ശബരിമലക്കും ഹിന്ദു വിശ്വാസത്തിനുമെതിരായ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. മോന്സണ് മാവുങ്കലിനെപ്പോലൊരാളെ കൂട്ടുപിടിച്ച് ശബരിമല ക്ഷേത്രത്തിനും വിശ്വാസത്തിനും എതിരെ കേരള സര്‍ക്കാരും സിപിഎമ്മും ഒരു സംഘം മാധ്യമങ്ങളും നടത്തിയ ഗൂഢാലോചന പുറത്തുവരാന്‍, ഉചിതമായ അന്വേഷണവും നടപടികളുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: