ലണ്ടന്‍: ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമം മൂലം ഇന്ധനം നിറച്ച ട്രക്കുകള്‍ ഓടാത്തതിനാലുണ്ടായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ തല്ക്കാലം സൈനികര്‍ ട്രക്കോടിച്ചു തുടങ്ങും. പ്രതിസന്ധി പരിഹരിക്കാനുള്ള അടിയന്തര നടപടിയെന്ന നിലയ്ക്കാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ധനം നിറച്ച ട്രക്കുകള്‍ പെട്രോള്‍ സ്റ്റേഷനിലെത്തിക്കാന്‍ സൈനികരെ ഇറക്കുന്നത്.
ബിസിനസ് മന്ത്രി ക്വാസി ക്വാര്‍ടെങ് പറഞ്ഞത് 150 സൈനികരെ ട്രക്കോടിക്കാനായി ഒരുക്കിയിട്ടുണ്ടെന്നാണ്. ഇവര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചുമതല ഏറ്റെടുക്കും.
പെട്രോള്‍ ക്ഷാമം മൂലം ആയിരക്കണക്കിന് പെട്രോള്‍ സ്റ്റേഷനുകളാണ് അടച്ചുപൂട്ടിയത്. ബ്രെക്സിറ്റിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായിരുന്ന 25,000 ട്രക്ക് ഡ്രൈവര്‍മാര്‍ ബ്രിട്ടന് വിട്ടുപോയതാണ് ട്രക്കോടിക്കാന്‍ ഡ്രൈവര്‍മാരില്ലാത്ത സ്ഥിതി വരുത്തിവെച്ചത്. വിവിധമേഖലകളിലായി ഒരു ലക്ഷത്തോളം ഡ്രൈവര്‍മാരുടെ കുറവാണ് ഇപ്പോള്‍ ബ്രിട്ടന് അനുഭവിക്കുന്നത്. പകരം ഡ്രൈവര്‍മാരെ നിയമിക്കാന്‍ ബ്രിട്ടനിലെ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും കോവിഡും ലോക്ഡൗണും കാരണം നടന്നില്ല. അതോടെയാണ് ഡ്രൈവര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ പട്ടാളം ട്രക്കോടിച്ച് തുടങ്ങിയത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോട് കൃത്യമായ ഉത്തരം നല്കാനാവാതെ കുഴങ്ങുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും സര്‍ക്കാരും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെട്രോള്‍ സ്റ്റേഷനുകള്‍ക്ക് മുന്പില് വാഹനങ്ങളുടെ നീണ്ട നിരയാണ്. പെട്രോള്‍ ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താല്‍ മിക്ക പമ്പുകളിലും വാഹനങ്ങളുടെ വന്‍ തിരക്കാണ്. ഉള്ളവര്‍ തന്നെ ആവശ്യമുള്ളതിനേക്കാള്‍ അധികം പെട്രോള്‍ വാങ്ങിയതും പെട്രോള്‍ സ്റ്റേഷനുകള്‍ കാലിയാകാന്‍ കാരണമായി. വാഹനമുടമകളോട് യാത്ര തിരിക്കുന്നതിനു മുന്‍പായി പെട്രോള്‍ ടാങ്കില്‍ കാല്‍ഭാഗം പെട്രോള്‍ എങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പെട്രോള്‍ റീടെയ്ലേഴ്സ് അസ്സൊസിയേഷന്‍.
ഇന്ധന ക്ഷാമം കാരണം ഇന്ധന ഭീമന്മാരായ ബ്രിട്ടീഷ് പെട്രോളിയം കമ്പനി ലിമിറ്റഡ് യുകെയില്‍ 100ഓളം പെട്രോള്‍ സ്റ്റേഷനുകള്‍ താല്‍ക്കാലികമായി പൂട്ടി. മക്ഡൊണാള്‍ഡ്, നാന്‍ഡോസ് ചിക്കന്‍, ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്കോ എന്നിവിടങ്ങളിലും ലോറി ഡ്രൈവര്‍മാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നു.
പെട്രോള്‍ സ്റ്റേഷനുകള്‍ കാലിയാകുന്നതും മക്ഡൊണാള്‍ഡ്സില്‍ ആവശ്യമുള്ളത്ര ഉല്പന്നങ്ങള് കിട്ടാത്തതും ഐക്കിയയില്‍ കിടക്കകള്‍ തീര്‍ന്നതും നാന്‍ഡോസ് കടകള്‍ പൂട്ടിയതും യുകെയില്‍ വ്യാപക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അടുക്കളയിലെ ഗ്യാസ് ക്ഷാമം മുതല്‍ ബ്രിട്ടനില്‍ സുലഭം ആയിരുന്ന പാലിനും മുട്ടയ്ക്കും ഇറച്ചിയ്ക്കും വരെ ദൗര്‍ലഭ്യം ഉണ്ടാകുകയാണ്.
ശൈത്യകാലം എപ്പോഴും ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം മധുരമുള്ള ഓര്‍മ്മയാണെന്നും. ക്രിസ്മസ് ആഘോഷവും പിന്നാലെയെത്തുന്ന പുതുവത്സരാഘോഷവും തന്നെ കാരണം. എന്നാല്‍ ഇക്കുറി ഉല്പന്നങ്ങളുടെയും വിദഗ്ധത്തൊഴിലാളികളുടെയും ക്ഷാമം ബ്രിട്ടീഷുകാരുടെ ശൈത്യകാലത്തിന്റെ നിറം കെടുത്തും. കുതിച്ചുയരുന്ന ഇന്ധനവില, ഇന്ധന ക്ഷാമം, ഇതിനുപുറമേ സൂപ്പര്‍മാര്‍ക്കറ്റുകളിലെ കാലിയായ ഷെല്‍ഫുകള്‍ എല്ലാം കൂടി ബ്രിട്ടീഷ് ജനതയെ കടുത്ത പ്രതിസന്ധിയിലാക്കും.
കോവിഡ് പ്രതിസന്ധിയും പല മേഖലകളെയും തകര്‍ത്തു. കോവിഡ് മഹാമാരി മൂലം ആഗോള സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്നറുകളുടെ സുഗമമായ പോക്കുവരവ് തടസ്സപ്പെട്ടു. ഇത് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഉല്പന്നങ്ങളുടെ കാര്യത്തില്‍ ക്ഷാമം ഉണ്ടാക്കി. സൂപ്പര്‍മാര്‍ക്കറ്റുകളിലും കണ്‍വീനിയന്‍സ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി. കാര്‍ നിര്‍മ്മാണത്തിലെ അവശ്യവസ്തുവായ മൈക്രോ ചിപ്പുകള്‍ക്ക് കടുത്ത ക്ഷാമം കാരണം പുതിയ കാറുകള്‍ വിപണിയില്‍ എത്തുന്നതിന് തടസ്സമാകുകയാണ്. ഇത് കാറുകള്‍ കിട്ടാക്കനിയാവുന്ന അവസ്ഥ സൃഷ്ടിക്കുകയാണ്. പുതിയ കാറുകള്‍ നാലു ടയറുകളില്‍ ഓടുന്ന മിനി കമ്പ്യൂട്ടറുകള്‍ ആയതോടെ ഘടകവസ്തുക്കള്‍ (സ്പെയര്‍പാര്‍ട്സുകള്‍)ക്ക് വന്‍ ക്ഷാമമാണ്. കോവിഡ് കാലത്ത് കാര്‍ നിര്‍മ്മാണഫാക്ടറികള്‍ അടഞ്ഞപ്പോള്‍ ചിപ്പ് നിര്‍മ്മാതാക്കള്‍ മറ്റ് ഉല്പാദനമേഖലയിലേക്ക് തിരിഞ്ഞതാണ് കാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്.
കോവിഡ് പ്രതിസന്ധിയേക്കാള്‍ ബ്രെക്സിറ്റിനെ തുടര്‍ന്നുള്ള ആസൂത്രണം പാളിയതാണ് പ്രതിസന്ധിക്കുള്ള യഥാര്‍ത്ഥ കാരണമെന്ന് പറയപ്പെടുന്നു. യൂറോപ്യന്‍ യൂണിയനില്‍ നി്ന്നും ബ്രിട്ടന് വിട്ടുപോകുന്നതോടെ ഉല്പന്നങ്ങളുടെയും വിദഗ്ധതൊഴിലാകളുടെയും കാര്യത്തില്‍ ഉണ്ടാകാന്‍ പോകുന്ന ദൗര്‍ലഭ്യം പരിഹരിക്കാന്‍ വേണ്ടത്ര വേഗത്തില്‍ ബദല്‍ നടപടിയെടുക്കുന്നതില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇന്ധനം നിറച്ച ലോറികള്‍ ഡ്രൈവര്‍മാര്‍ ഇല്ലാത്തതിനാല്‍ റിഫൈനറികളിലും ഇന്ധനടെര്‍മിനലുകളിലും കുടുങ്ങി. ഇവ പെട്രോള്‍ സ്റ്റേഷനിലേക്കെത്തിക്കാന്‍ വേണ്ടത്ര ഡ്രൈവര്‍മാരില്ല. പെട്രോള്‍ നിറച്ച വാഹനം ഓടിക്കാന്‍ പ്രത്യേക വൈദഗ്ധ്യം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: