കൊച്ചി: ശബരിമലയ്ക്കും ഹിന്ദുവിശ്വാസങ്ങള്‍ക്കുമെതിരെ നുണപ്രചാരണത്തിന് സിപിഎം ഉപയോഗിച്ചത് കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നുള്ള ചെമ്പോല.
ടിപ്പുവിന്റെ സിംഹാസനവും ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത് യൂദാസ് വാങ്ങിയ വെള്ളിക്കാശും കണ്ടെത്തി സൂക്ഷിച്ചെന്ന് അവകാശപ്പെട്ട അതേ മോന്സണ് മാവുങ്കലിന്റെ ചെമ്പോലയില്‍ നിന്നാണ് ദേശാഭിമാനി ശബരിമല സംബന്ധിച്ച് ആധികാരിക കണ്ടെത്തലുകള്‍ നടത്തിയത്. ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തോടൊപ്പം സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയും ഇതാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
2018 ഡിസംബര്‍ 8ന് ‘ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രം: 351 വര്‍ഷം പഴക്കമുള്ള രേഖ തെളിവ്’ എന്ന തലക്കെട്ടിലാണ് തട്ടിപ്പ് വീരന്റെ ചെമ്പോലയുമായി ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. മോന്സണ് കാട്ടിയ 351 മലയാളവര്‍ഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയാണ് ദേശാഭമാനിക്ക് ആധികാരിക ചരിത്രരേഖയായത്.
വാര്‍ത്ത ഇങ്ങനെ: ശബരിമല മൂന്നരനൂറ്റാണ്ട് മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തി. കലൂരിലെ ഡോ. മോന്സണ് മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ് ഈ രേഖയുള്ളത്.
പന്തളം കോവിലധികാരി മകരവിളക്കിനും അനുബന്ധചടങ്ങുകള്‍ക്കും പണം അനുവദിച്ച് ‘ചവരിമല’ കോവില്‍ അധികാരികള്‍ക്ക് കൊല്ലവര്‍ഷം 843ല്‍ എഴുതിയ ചെമ്പോല തിട്ടൂരമാണ് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്.
വായനക്കാര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ശബരിമലയ്ക്ക് കോലെഴുത്തില്‍ ചവരിമല എന്നാണ് എഴുതിയിരുന്നത് എന്ന പത്രം വക കൂട്ടിച്ചേര്‍ക്കലുമുണ്ട്.
മോശയുടെ വടി കാട്ടിക്കൊടുത്ത അതേ മോന്സണ് മാവുങ്കലിന്റെ ചെമ്പോല നോക്കിയാണ് ശബരിമലയില്‍ യുവതീപ്രവേശന വിലക്കില്ലായിരുന്നുവെന്ന് ദേശാഭിമാനിയും സിപിഎം നേതാക്കളും പ്രസംഗിച്ചു നടന്നത്. തന്ത്രിമാരെക്കുറിച്ചും ബ്രാഹ്മണശാന്തിമാരെക്കുറിച്ചുമൊന്നും മോന്‍സണിന്റെ ചെമ്പോലയില്‍ പരാമര്‍ശമില്ലാത്തതും പത്രത്തിന് ആവേശമായി.
ഇതുകൊണ്ടും മതിയാകാതെ 2019 ജനുവരി 10ന് ഇതേ വാര്‍ത്ത ദേശാഭിമാനി വീണ്ടും ഓണ്‍ലൈനില്‍ നല്കി എന്നതാണ് കൗതുകകരം. ‘തന്ത്രി കുടുംബത്തിന്റെ പരാമര്‍ശം: വാദം പൊളിച്ച് ചെമ്പോല തിട്ടൂരം’ എന്നായിരുന്നു പുതിയ വാര്‍ത്തയുടെ തലക്കെട്ട്. ‘ആധികാരിക’ രേഖ മോന്സണ് മാവുങ്കലിന്റെ ചെമ്പോല തന്നെ. തൃപ്പൂണിത്തുറ ഹില്‍പാലസ് പൈതൃക പഠന കേന്ദ്രം ഡയറക്ടറായിരുന്ന ചരിത്രകാരന് ഡോ. എം.ആര്. രാഘവവാര്യരുടെ അഭിപ്രായം വാര്‍ത്തയ്ക്ക് വിശ്വാസ്യത കൂട്ടാന്‍ ഉള്‍പ്പെടുത്തിയിരുന്നു.
ചെമ്പോല വസ്തുനിഷ്ഠവും ആശ്രയിക്കാന്‍ കഴിയുന്നതുമായ രേഖയാണെന്ന് രാഘവ വാര്യര്‍ പറഞ്ഞതായാണ് ദേശാഭിമാനി പറയുന്നത്. എന്നാല്‍ ഇത് ഡോ. രാഘവ വാര്യര്‍ നിഷേധിച്ചു. അതിന്റെ ആധികാരികത താന്‍ പരിശോധിച്ചിട്ടില്ലെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: