തൃശ്ശൂര്‍: കിഴക്കുംപാട്ടുകര സ്വദേശിയായ യുവാവിന് 2 കോടി രൂപയുടെ യു.കെ. റിസര്‍ച്ച് ഫെലോഷിപ്പ്. ഇംഗ്ലണ്ട് വാര്‍വിക് സര്‍വകലാശാലയില്‍ സയന്‍സ് വിഭാഗത്തിലാണ് കിഴക്കുംപാട്ടുകര പെരുമണ്ണത്ത് അശ്വിനി നിലയത്തില്‍ പി.ഡി. ശ്രീഹരിക്ക് യു.കെ ലിവര്ഹ്യൂം ഏര്‍പ്പെടുത്തിയ ഫെലോഷിപ്പ് ലഭിച്ചത്.
അന്താരാഷ്ട്ര തലത്തില്‍ നല്കുന്ന ഫെലോഷിപ്പ് സയന്‍സില്‍ 40 പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. ഈ അപൂര്‍വ നേട്ടമാണ് ശ്രീഹരി കൈവരിച്ചത്. വാര്‍വിക് സര്‍വകലാശാലയില്‍ മാത്തമാറ്റിക്സ് ഇന്‍സ്റ്റിറ്റിയുട്ടില്‍ തന്മാത്ര തലത്തില്‍ ഐസ് രൂപപ്പെടുന്നത് സംബന്ധിച്ചുളള ഗവേഷണത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്.
ഇന്ത്യയില്‍ നിന്ന് പത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതിനായി യോഗ്യത നേടിയത്. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്ക് പാസായ ശ്രീഹരി ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് തെര്‍മല്‍ സയന്‍സില്‍ എം.ടെക്കും നേടി.
യു.കെയിലെ എഡിന്‍ബറ സര്‍വകലാശാലയില്‍ നാനോ ഫ്ലൂയിഡിക്സില് പിഎച്ച്ഡി എടുത്ത ശേഷം പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ് ആയി ജോലി നോക്കുന്നതിനിടെയാണ് ലിവര്ഹ്യൂം ഫെലോഷിപ്പിന് അര്‍ഹനായത്. തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ പ്രൊഫസറും ഡോക്ടറുമായ പി.കെ. ധര്‍മ്മപാലന്റെയും ടി.എന്‍ സുജാത (ചീഫ് അസോസിയേറ്റ്, എസ്ബിഐ) യുടെയും മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: