വാഷിംഗ്ടണ്‍: താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ബില്ലവതരിപ്പിച്ച് 22 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍.
യുഎസ് സെനറ്റില്‍ ഈ ബില്‍ അവതരിപ്പിച്ച 22 പേരില്‍ മുന്‍ പ്രസിഡന്റ് നോമിനി മിറ്റ് റോംനിയും ഉള്‍പ്പെടും.
“അഫ്ഗാനിസ്ഥാന് ഭീകരവിരുദ്ധതാനീക്കം, മേല്‍നോട്ടം, ഉത്തരവാദിത്വ നിയമം 2021” എന്ന പേരിലുള്ള ബില്ലിലാണ് താലിബാനുമായി ബന്ധപ്പെട്ട് ഉപരോധം ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് വിശദമാക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ഭീകരവാദ സംഘടനകളെ സഹായിക്കുന്ന വ്യക്തികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഈ ബില്‍ ആവശ്യപ്പെടുന്നു.
ഈ ബില്‍ നിയമമാക്കുന്ന അന്ന് മുതല്‍ 180 ദിവസങ്ങള്‍ക്കുള്ളില്‍ പാകിസ്ഥാന് താലിബാന് നല്കുന്ന പിന്തുണയെക്കുറിച്ച് യുഎസ് കോണ്‍ഗ്രസ് സമിതിയ്ക്ക് മുമ്പാകെ യുഎസ് ആഭ്യന്തര സെക്രട്ടറി നിര്‍ബന്ധമായും റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വരും. പാകിസ്ഥാനിലെ സര്‍ക്കാരോ മറ്റ് ശക്തികളൊ 2001 മുതല്‍ 2020 വരെ താലിബാന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം ഈ റിപ്പോര്‍ട്ടില്‍ വിശദീകരിക്കേണ്ടതുണ്ട്. അതായത് താലിബാന് തീവ്രവാദികള്‍ക്ക് അഭയം , സാമ്പത്തിക സഹായം , രഹസ്യസേന പിന്തുണ, പോക്കുവരവിന് സഹായം , പരിശീലനം, ഒരുക്കല്‍, വൈദ്യസംബന്ധമായ പിന്തുണ, തന്ത്രപരവും സൈനികവുമായ നിര്‍ദേശങ്ങള്‍ എന്നിങ്ങനെ ഏതെങ്കിലും വിധത്തില്‍ താലിബാന് പാകിസ്ഥാന് സഹായം നല്‍കിയിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ടില്‍ വിശദമാക്കേണ്ടി വരും. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ നിഴല്‍ നീക്കം പിടിക്കപ്പെടുമെന്ന് ഏതാണ്ടുറപ്പാണ്.
അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് താലിബാന് സഹായം നല്‍കിയതില്‍ പാകിസ്ഥാനുള്ള പങ്ക്, പഞ്ച്ശീറിലെ താലിബാന് വിരുദ്ധ പോരാളികളെ തോല്പിക്കാന് പാകിസ്ഥാന് നല്കിയ പിന്തുണ എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കേണ്ടതുണ്ട്. പഞ്ച്ശീറിലെ താലിബാന് വിരുദ്ദ പോരാളികളെ തോല്പിക്കാന് പാകിസ്ഥാന് ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിക്കാന്‍ പാകിസ്ഥാന് രഹസ്യസേനയായ ഐഎസ് ഐയുടെ തലവന്‍ തന്നെ മേല്‍നോട്ടം നല്കി എന്നത് വ്യക്തമായിക്കഴിഞ്ഞതാണ് താലിബാന്റെ അതിക്രമങ്ങള്‍ കുറയ്ക്കാന്‍ എന്ത് ശ്രമങ്ങളാണ് യുഎസ് നടത്തിയതെന്ന കാര്യങ്ങളും സെനറ്റര്‍മാര്‍ മുമ്പാകെ യുഎസ് ആഭ്യന്തര സെക്രട്ടറി വിശദീകരിക്കേണ്ടതായി വരും.
അഫ്ഗാനിസ്ഥാനില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകള്‍ക്ക് പുറത്ത് നിന്നുള്ള ഏതെങ്കിലും വ്യക്തി സഹായം നല്കുന്നുവെങ്കില് അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് പ്രസിഡന്റിന് ഈ ബില്‍ അധികാരം നല്കുന്നു. അപ്ഗാനിസ്ഥാനില് ഏതെങ്കിലും തരത്തില്‍ മനുഷ്യാവകാശ ലംഘനം നടത്തിയാലും മയക്കമരുന്ന് കടത്തിന് സഹായിച്ചാലും ഉപരോധം ഏര്‍പ്പെടുത്തും. ഈ ഉപരോധം പാകിസ്ഥാനിലേക്ക് നീളാനും സാധ്യത ഏറെയാണ്. കാരണം താലിബാന് അധികാരത്തില്‍ വരുന്നതിന് പിന്നിലെ പാകിസ്ഥാന്റെ ഗൂഢനിക്കങ്ങള് വ്യക്തമാണ്. സ്വത്ത് കൈമാറ്റം തടയല്‍, യുഎസിലേക്കുള്ള പ്രവേശനം തടയല്‍, ഇപ്പോഴുള്ള വിസ റദ്ദാക്കല്‍ എന്നിങ്ങനെയുള്ള ശിക്ഷാനടപടികളാണ് ഉപരോധത്തിന്റെ ഭാഗമായി കൈക്കൊള്ളുക. താലിബാനെതിരെ നിലവിലുള്ള ഉപരോധം തുടരാനും യുഎസിന്റെ സഖ്യരാഷ്ട്രങ്ങളെ താലിബാനെതിരെ ഉപരോധത്തിന് പ്രേരിപ്പിക്കാനും ബില്‍ ആവശ്യപ്പെടുന്നു.
യുഎസിലെ അഫ്ഗാന് നയതന്ത്ര പ്രതിനിധി താലിബാന് അംഗമാണെങ്കില്‍ അംഗീകരിക്കരുതെന്നും ബില്‍ നിര്‍ദേശിക്കുന്നു. ചൈനയും റഷ്യയും താലിബാനും ഉയര്‍ത്തുന്ന സരുക്ഷാ സാമ്പത്തിക വെല്ലുവിളികള്‍ അഭിസംബോധന ചെയ്യാന്‍ ഇന്ത്യ പ്രാപ്തമാക്കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു. ഇതിനായി ഇന്ത്യയ്ക്ക് ആവശ്യമായ നയതന്ത്ര, സാമ്പത്തിക, പ്രതിരോധം സഹകരണം യുഎസ് നല്‍കണം.
പാകിസ്ഥാനെ മനപൂര്‍വ്വം ഉപദ്രവിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ ബില്ലെന്ന് പാകിസ്ഥാനിലെ മനുഷ്യാവകാശ മന്ത്രി ഷിറീന് മസാരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: