തൃശൂര്‍: കാലവര്‍ഷം പിന്‍വാങ്ങാനിരിക്കെ ജില്ലയില്‍ ഈ സീസണില്‍ ലഭിച്ചത് ശരാശരി മഴ മാത്രം. ജൂണ്‍ മുതല്‍ കാലവര്‍ഷം ദുര്‍ബലമായ ജില്ലയില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ജില്ലയില്‍ ശരാശരി മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതര്‍. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പരക്കെ മഴ പെയ്തെങ്കിലും ജില്ലയില്‍ ശക്തമായ മഴ ലഭിച്ചില്ല.
കേരളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷമായി കണക്കാക്കുന്നത്. ജില്ലയില്‍ ഇന്നലെ വരെ 1705 മി.മീ മഴ പെയ്തുവെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 2040 മി.മീ. മഴയാണ് ലഭിക്കേണ്ടത്. കാലവര്‍ഷം പിന്‍വാങ്ങാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേ ജില്ലയില്‍ 16 ശതമാനം മഴയുടെ കുറവുണ്ട്. 20 ശതമാനം കുറഞ്ഞാലും കൂടിയാലും ശരാശരിയുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുക. ഇതനുസരിച്ച് ജില്ലയില്‍ ഈസീസണില്‍ ശരാശരി മഴ ലഭിച്ചെന്നാണ് വിലയിരുത്തുന്നതെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിലെ ഡോ.ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.
കാലവര്‍ഷം അവസാനിക്കാനിരിക്കേ ജില്ലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കാര്യമായി മഴ ലഭിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് കൊടുങ്ങല്ലൂരിലാണ്. 65 മി,മീ. വടക്കാഞ്ചേരിയില്‍ 42 മി.മീ, ചാലക്കുടി 41 മി.മീ. എന്നിങ്ങനെ മഴ ലഭിച്ചിട്ടുണ്ട്. ഏനാമാക്കലില്‍ 38 മി.മീ, ഇരിങ്ങാലക്കുട, വെള്ളാനിക്കര എന്നിവിടങ്ങളില്‍ 28 മി.മീ. വീതവും മഴ രേഖപ്പെടുത്തി. മഴ ശക്തമാകുമെന്നതിനാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
ഓണം കഴിഞ്ഞതോടെ ജില്ലയില്‍ മഴയുടെ ശക്തിയും കുറഞ്ഞിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമായാല്‍ കേരളത്തിലും തെക്കേ ഇന്ത്യയിലും മഴ ശക്തമായേക്കുമെന്നാണ് വിലയിരുത്തല്‍. മിന്നല്‍ ചുഴലിയുണ്ടായതൊഴിച്ചാല് കാലവര്‍ഷത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഇത്തവണ ജില്ലയിലുണ്ടായിട്ടില്ല. കഴിഞ്ഞ കാലവര്‍ഷത്തിലും ജില്ലയില്‍ ശരാശരി മഴ ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: