ന്യൂദല്‍ഹി: രാജ്യത്തെ ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഒക്ടോബര്‍ 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. സെപ്തംബര്‍ 30 വരെയായിരുന്നു വിലക്ക്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേസമയം അന്താരാഷ്ട്ര ചരക്ക് വിമാനങ്ങളും ഡിജിസിഎ അംഗീകരിച്ച വിമാനങ്ങളും സര്‍വീസ് നടത്തുന്നത് തുടരും. തിരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം അനുസരിച്ച് വിമാനങ്ങള്‍ അനുവദിക്കുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി.
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് വാണിജ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ നിര്‍ത്തിവച്ചത്. 2020 മേയ് മുതല്‍ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറുകളുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.
രാജ്യങ്ങള്‍ തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരം അവരുടെ പ്രദേശങ്ങള്‍ക്കിടയില്‍ പ്രത്യേക അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് നടത്തുന്നത്. ഈ ഓഗസ്റ്റ് 31 ന് അന്താരാഷ്ട്ര വാണിജ്യ വിമാനങ്ങളുടെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാല്‍ മൂന്നാം തരംഗ ഭീതിയില്‍ നിരോധനം സെപ്തംബര്‍ 30 വരെ നീട്ടുകയായിരുന്നു. ഈ നിരോധനമാണ് ഇപ്പോള്‍ ഒക്ടോബര്‍ 31 വരെ നീട്ടിയത്.
അതേ സമയം ചില സംസ്ഥാനങ്ങളില്‍ പ്രാദേശികമായി വൈറസ് പടരുന്നതും രോഗം രാജ്യത്ത് ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നതും കണക്കിലെടുത്ത് രാജ്യവ്യാപകമായ കൊവിഡ് നിയന്ത്രണ നടപടികള്‍ ഒക്ടോബര്‍ 31 വരെ നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: