ചങ്ങനാശ്ശേരി ഈസ്റ്റ്: കുടംബശ്രീയെ പൂര്‍ണമായും സിപിഎം പോഷക സംഘടനയാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളുമായി സിപിഎം. ഇതിന്റെ തുടക്കമെന്ന നിലയില്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി വരിക്കാരാക്കുകയാണ് ആദ്യഘട്ടം.
ഇനി മുതല്‍ കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഒരുവര്‍ഷത്തെ ദേശാഭിമാനി പത്രം വരിക്കാരാവണമെന്ന നിര്‍ദേശം താഴേത്തട്ടിലേക്ക് ചെന്നുകഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തരമൊരു നിര്‍ദേശം വച്ചിരിക്കുന്നതെന്നാണ് സൂചന. പല സ്ഥലങ്ങളിലും നിര്‍ദേശം കടുപ്പിക്കാന്‍ തുടങ്ങിയെന്നാണ് അറിവ്. എതിര്‍ക്കുന്നവരെ കുടുംബശ്രീയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും പറയുന്നു. എന്നാല്‍ നിര്‍ദേശത്തിനെതിരെ എതിര്‍പ്പുകളും ഉയരുന്നുണ്ട്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലും നഗരസഭകളിലുമാണ് പദ്ധതി ആദ്യം നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ ചെയര്‍പേഴ്സണ്‍ മുഖേന പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പത്രത്തിന്റ പ്രചാരണം നടത്തുകയാണ് ആദ്യ നടപടി. അതിലൂടെ എത്രപേര്‍ വരിക്കാരാകും എന്ന് ഉറപ്പു വരുത്തുകയും, പങ്കാളിയാകാത്തവര്ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് നിര്‍ദേശങ്ങളിലുള്ളത്. സിപിഎം തീരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ പലയിടത്തും ചര്‍ച്ചാവിഷയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: