കോഴിക്കോട്: വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കി വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന് ബാബു ഡിഡി, ഡിഇഒ, എഇഒ എന്നിവര്‍ക്ക് ഇന്നലെ അയച്ച സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിലാണ് സംസ്ഥാന സര്‍ക്കാര്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയാക്കിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക ചരിത്രം തയ്യാറാക്കുന്നതിനുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ലിസ്റ്റിലാണ് വാരിയംകുന്നന് ഇടം പിടിച്ചിരിക്കുന്നത്. നിരവധി പേരുകള്‍ ആവര്‍ത്തിച്ചിരിക്കുന്ന ലിസ്റ്റ് തയ്യാറാക്കിയത് നോവലിസ്റ്റായ പ്രസന്നന് ചമ്പക്കരയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രിയുടെ കത്തും ഇതിനോടൊപ്പമുണ്ട്. സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ കത്ത് വിദ്യാഭ്യാസ വകുപ്പ് അതേപടി അയച്ചു കൊടുക്കുകയായിരുന്നു.
ലിസ്റ്റില്‍ 309 ാമത്തെ പേരുകാരനായാണ് വാരിയംകുന്നനുള്ളത്. 71, 265, 496 എന്നീ നമ്പറുകളില്‍ പി.വി. സാമിയുടെ പേരാണ് ആവര്‍ത്തിച്ചിരിക്കുന്നത്. 547 പേരാണ് സാംസ്കാരിക വകുപ്പ് തയ്യാറാക്കിയ ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരഭടന്മാര് മലയാളികള്‍- മുന്നണിപോരാളികള്‍’ എന്ന ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഖിലാഫത്ത് പ്രക്ഷോഭത്തോടനുബന്ധിച്ച് മലബാറില്‍ വ്യാപകമായി ഹിന്ദുവംശഹത്യ നടത്തിയ മാപ്പിളക്കലാപകാരികളെ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലടക്കം വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് മാപ്പിളകലാപകാരികളില്‍ ഏറ്റവും ക്രൂരനെന്ന് ചരിത്രത്തില്‍ വിവരിക്കപ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ സ്വാതന്ത്ര്യസമരസേനാനിയായി സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ഈ ലിസ്റ്റ് അനുസരിച്ചാണ് പ്രാദേശിക ചരിത്രരചന തയ്യാറാക്കേണ്ടത്. ശാസ്ത്രമേളകളില് ഇത് ഒരു മത്സരഇനം കൂടിയാണ്. തട്ടികൂട്ടിയലിസ്റ്റില്‍ നിരവധി അപാകങ്ങളുണ്ട്. 201 ാമത്തെ പേരില്‍ മാധവന്‍കുട്ടി എന്ന് മാത്രമാണുള്ളത്. ഇത് ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. ജില്ലാതലത്തിലോ വര്‍ഷങ്ങളുടെ അടിസ്ഥാനത്തിലോ ക്രോഡീകരിക്കാതെയാണ് ലിസ്റ്റ് ഒന്നായി അയച്ചിരിക്കുന്നത്.
എന്‍ടിയു പ്രതിഷേധിച്ചു
വാരിയംകുന്നനെ സ്വാതന്ത്ര്യസമരസേനാനിയായി ചിത്രീകരിച്ച വിദ്യാഭ്യാസവകുപ്പിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് എന്‍ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ പറഞ്ഞു. വാരിയംകുന്നന് മലബാറില്‍ ഹിന്ദുവംശഹത്യ നടപ്പാക്കിയ കലാപകാരിയാണ്. മാപ്പിളക്കലാപത്തിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ല. സ്വാതന്ത്ര്യ സമരസേനാനികളുടെ ലിസ്റ്റില്‍ വാരിയംകുന്നന് എങ്ങനെ കടന്നുകയറിയെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: