കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സംസ്ഥാന മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കത്തയച്ചതിലും ദുരൂഹത. അന്വേഷണത്തിനായി ഒന്നര വര്‍ഷം മുമ്പ് എന്‍ഫോഴ്സ്മെന്റിന് കത്തയച്ചതായാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.
എന്നാല്‍ ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക വിവര റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ ശുപാര്‍ശ നല്കിയാല് കൂടി എന്‍ഫോഴ്സ്മെന്റിന് കേസെടുത്ത് അന്വേഷിക്കാന്‍ സാധിക്കൂ. മോന്‍സനെതിരെ ഇതിന് മുമ്പ് ഇത്തരത്തില്‍ ഒരു കേസും എടുത്തിട്ടില്ല. അതുകൊണ്ടുതന്നെ എന്‍ഫോഴ്സെമെന്റ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനും സാധിക്കില്ല.
നിലവില്‍ പുരാവസ്തു തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുക്കുകയും മോന്‍സനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ലോക്നാഥ് ബെഹ്റയുമായുള്ള മോന്‍സണിന്റെ ബന്ധം പുറത്തായതോടെയാണ് മോന്‍സനെതിരേ അന്വേഷണം നടത്താന്‍ ലോക്നാഥ് ബെഹ്റ എന്‍ഫോഴ്സ്മെന്റിന് ശുപാര്‍ശ നല്‍കിയിരുന്നു എന്ന വിവരം പോലീസ് പുറത്തുവിടുന്നത്.
അതിനിടെ വയനാട്ടില്‍ 500 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് പണം തട്ടിയതായും മോന്‍സനെതിരെ കേസ്. ഭൂമി തട്ടിപ്പ് നടത്തി പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരനില്‍ നിന്നും 1.72 കോടിയാണ് മോന്സന് തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും രാജീവ് പണം നല്‍കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ബീനാച്ചി എസ്റ്റേറ്റ് ഭൂമിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഈ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പുരാവസ്തു തട്ടിപ്പ് കേസില്‍ നിലവില്‍ മോന്‍സനെ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പുരാവസ്തുക്കളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പാണ് മോന്സന് മാവുങ്കല്‍ നടത്തിയതെന്നും ഉന്നതരെ മറയാക്കി നടന്ന തട്ടിപ്പില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ഡിജിറ്റല്‍ തെളിവ് അടക്കം ലഭിക്കാനുള്ളതിനാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയെ തൃപ്പൂണിത്തുറ ഓഫീസിലെത്തിച്ച് വൈകാതെ ചോദ്യം ചെയ്യല്‍ തുടങ്ങും.
അതിനിടെ മോന്സന് മാവുങ്കലിന്റെ വിദേശ കാറുകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. 30 ആഡംബര കാറുകളില്‍ 10 എണ്ണം വിദേശ കാറുകളാണ്. ഇതേക്കുറിച്ചാണ് കസ്റ്റംസ് പരിശോധന. വിദേശത്ത് നിന്ന് എത്തിച്ചതെന്ന് അവകാശപ്പെടുന്ന പുരാവസ്തുക്കളുടെ വിശദാംശങ്ങള്‍ ഹാജരാക്കാനും ഇവ സൂക്ഷിക്കാനുള്ള രേഖകള്‍ നല്‍കാനും കസ്റ്റംസ് നോട്ടീസ് നല്കി.
മോന്‍സനെതിരെ വനംവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോന്സന് മാവുങ്കലിന്റെ മ്യൂസിയത്തിലെ ആനക്കൊമ്പുകളെ കുറിച്ചാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. കലൂരിലെ മ്യൂസിയത്തിലെ ദൃശ്യങ്ങളില്‍ ആനക്കൊമ്പ് എന്ന് തോന്നുന്നവ ഘടിപ്പിച്ചതായി കണ്ടിരുന്നു. ഇവ യഥാര്‍ത്ഥ ആനക്കൊമ്പ് തന്നെയാണോ എന്നതടക്കമാണ് പരിശോധിച്ചത്. മറ്റ് വന്യജീവികളുടെ കൊമ്പുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: