തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി കൊടി സുനി വിയ്യൂർ സെൻട്രൽ ജയിലിൽ നിരാഹാര സമരത്തിലെന്ന് റിപ്പോർട്ട്. തന്നെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. തനിക്ക് വധഭീഷണിയുണ്ടെന്ന് കൊടി സുനി നേരത്തെ ആരോപിച്ചിരുന്നു. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.
വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ പരാതി വ്യാജമാണെന്നും കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിയെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ചിലർ തന്നെ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നൽകിയിരുന്നത്. സുനി ചൂണ്ടിക്കാട്ടിയ തടവുകാരൻ റഷീദിനെ ഒരാളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
വിയ്യൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ ജയിലിലാണ് കൊടി സുനിയുള്ളത്. 24 മണിക്കൂറും പൂട്ടിട്ട സെല്ലിലാണ് താമസം. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പാണ് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. സുനിയെ പാർപ്പിച്ചിരിക്കുന്നത് ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിലാണ്. സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നോട്ടമെത്തുന്ന ഇടമാണിത്.
ടി പി ചന്ദ്രശേഖരന് വധക്കേസിലെ മൂന്നാം പ്രതിയാണ് എൻ.കെ സുനിൽ കുമാർ എന്നറിയപ്പെടുന്ന കൊടി സുനി. എം.സി അനൂപാണ് ഒന്നാം പ്രതി. കിർമാണി മനോജ് ആണ് രണ്ടാം പ്രതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: