കൊല്ലം: സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ വ്യവസായ മന്ത്രി ജില്ലയിലെമ്പാടും സഞ്ചരിച്ച് ഒരുമാസമാകും മുമ്പാണ് ചവറയിലെ കൊടികുത്തല്‍ വിവാദം. മന്ത്രി സൗഹൃദം ഒരുവശത്ത് സൃഷ്ടിക്കുമ്പോള്‍ ശത്രുവാക്കാനാണ് ഇടതുയൂണിയനും നേതാക്കളും മറുവശത്ത് ശ്രമിക്കുന്നത്.
ജില്ലയില്‍ സിപിഎമ്മും സിപിഐയും സ്വന്തം സര്‍ക്കാരിനും മന്ത്രിക്കുമെതിരെയാണ് ഫലത്തില്‍ പ്രവര്‍ത്തനം. സര്‍ക്കാരിന്റെയും മന്ത്രിയുടെയും പ്രഖ്യാപിത നയമായ വ്യവസായ സൗഹൃദ കേരളം എന്ന സ്വപ്നത്തിനാണ് പാര്‍ട്ടിനേതാക്കളുടെ ചെയ്തികള്‍ തിരിച്ചടിയാകുന്നത്.
ഒരു പ്രവാസി തന്റെ സമ്പാദ്യം കൊണ്ട് നിര്‍മിച്ച, കണ്വെന്ഷന് സെന്റര്‍ എന്ന സംരംഭത്തെ പൂട്ടിക്കെട്ടിക്കാനാണ് സിപിഎം ബ്രാഞ്ച് നേതാവ് ശ്രമിച്ചത്. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവാണ് കൊല്ലം കോവൂര്‍ സ്വദേശികളായ ഷഹി വിജയനും ഭാര്യ ഷൈനിയുടെയും പുതിയ സംരംഭമായ കണ്വെന്ഷന് സെന്റര്‍ അടച്ചുപൂട്ടാന്‍ കച്ചകെട്ടിയിരിക്കുന്നത്.
രക്തസാക്ഷി മന്ദിരത്തിന് 10,000 രൂപ പിരിവ് നല്‍കാത്തതിനാണ് മുഖംമൂടി മുക്കില്‍ നിര്‍മ്മിച്ച കണ്വെന്ഷന് സെന്ററിന്റെ പുറത്ത് കൊടി കുത്തുമെന്നും ഇതിനോട് ചേര്‍ന്നിരിക്കുന്ന സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ഭരണകക്ഷിയിലെ രണ്ടാമത്തെ പാര്‍ട്ടിയെന്ന അവകാശത്തിനുവേണ്ടി മത്സരിക്കുന്ന സിപിഐയുടെ വകയാണ് മറ്റൊരു സംരംഭകനെതിരെയുള്ള സമരം. കൊട്ടാരക്കരയിലെ ഗ്യാസ് എജന്‍സിക്കെതിരെ ഇവരുടെ സമരം തുടങ്ങിയിട്ട് ഏറെനാളായി.
എഐടിയുസി യൂണിയന്റെ പേരില്‍ സമരവും വാഹനത്തിലെ ഗ്യാസ് വിതരണവും നിരന്തരം തടസ്സപ്പെടുത്തുകയാണ്. ഇതെല്ലാം ഒരു സംരംഭകനെ ഇല്ലാതാക്കുക മാത്രമല്ല, ഉപഭോക്താക്കളെയും ബുദ്ധിമുട്ടിക്കുകയാണ്. ഇവിടെ ഓണം ബോണസ് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം. കരാര്‍ അടിസ്ഥാനത്തില്‍ ഗ്യാസ് വിതരണം ചെയ്യുന്നവര്‍ക്ക് ബാങ്ക്വഴി ഓണം അലവന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഏജന്‍സി അംഗീകാരമില്ലാതെ സഹായികളായി കൂടിയവര്‍ക്കും ബോണസ് നല്‍കണമെന്ന ആവശ്യമാണ് തര്‍ക്കത്തിനും സമരത്തിനും കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: