കോഴിക്കോട്: മണാശ്ശരിയില്‍ സ്വത്ത് തട്ടിയെടുക്കാനായി അമ്മയെയും വാടകക്കൊലയാളിയെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുക്കുമെന്ന് അന്വേഷണ തലവന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. സജീവന് പറഞ്ഞു. ഇതിന്റെ ഭാഗമായി രണ്ടാമത്തെ ഇരയായ ഇസ്മായിലിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം പുഴയില്‍ വീണ്ടും പരിശോധന നടത്തി.
പ്രതി ശരീരാവശിഷ്ടങ്ങള്‍ കളഞ്ഞ അഗസ്ത്യന്മുഴി പാലത്തിനടിയിലാണ് മുങ്ങല്‍ വിദഗ്ധരായ ഷബീര്‍ പുല്‍പ്പറമ്പ്, മുനീഷ് കാരശേരി എന്നിവരുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
മുക്കം വെസ്റ്റ് മണാശ്ശേരി സൗപര്‍ണികയില്‍ ബിര്‍ജു (53) ആണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. അമ്മ ജയവല്ലിയേയും അമ്മയെ കൊല്ലാന്‍ സഹായിച്ച കൊലയാളി മലപ്പുറം വണ്ടൂര്‍ പുതിയോത്ത് ഇസ്മാഈലിനെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
2017 ജൂണില്‍ കാരശേരി പഞ്ചായത്തിലെ ഗേറ്റുംപടിയില്‍ ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ മനുഷ്യ ഉടലും ആഴ്ചകള്‍ക്ക് ശേഷം ബേപ്പൂരിലും ചാലിയത്തും കൈകളും കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അമ്മയെ ഇസ്മാഈലിന്റെ സഹായത്തോടെ തോര്‍ത്ത് മുണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം സാരിയില്‍ കെട്ടി തൂക്കുകയായിരുന്നു.
2016 മാര്‍ച്ച് അഞ്ചിനാണ് സംഭവം നടന്നത്. ഇതിന്റെ ക്വട്ടേഷന്‍ തുക ചോദിച്ചതിനാണ് ഇസ്മാഈലിനെ കൊലപ്പെടുത്തിയതെന്ന് പ്രതി വിശദീകരിച്ചു. പണം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നല്കിയ ശേഷം കഴുത്തില്‍ കയറ് മുറുക്കിയാണ് ഇസ്മാഈലിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി കവറില്‍ പൊതിഞ്ഞ് വീട്ടില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള അഗസ്ത്യന്മുഴി പാലത്തില്‍ നിന്നും ഇരുവഴിഞ്ഞിപുഴയിലും കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടിയിലും തള്ളുകയായിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് ബിര്‍ജു തെളിവെടുപ്പുമായി സഹകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: