ഗുവാഹതി: സിപാഝാര്‍ മേഖലയിലെ വെടിവയ്പ്പിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് കാരണക്കാരായ രണ്ട് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പോലീസിന്റെ പിടിയിലായി. മുഹമ്മദ് അസ്മത്ത് അലി അഹമ്മദ്, മുഹമ്മദ് ചന്ദ് മമൂദ് എന്നീ പ്രതികളെ ഞായറാഴ്ച രാത്രിയാണ് ആസം പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, അക്രമത്തിന് പ്രേരിപ്പിക്കല്‍, സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്തു. ദാരംഗില്‍ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ച് പോലീസിനെ ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീരുമാനപ്രകാരമാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
ഇവരുടെ ഫോണ്‍വിളികളും സന്ദേശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. അവരുടെ മൊഴികളുടെയും ഇലക്ട്രോണിക് തെളിവുകളുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യാഴാഴ്ചയാണ് ദാരംഗിലെ സിപാഝാറില്‍ നാട്ടുകാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. കുടിയേറ്റക്കാരെന്ന പേരില്‍ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളാണ് പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കയ്യേറ്റക്കാരായ 60 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ പ്രദേശത്തെത്തിയ പോലീസിനെ നേരിട്ടത് പതിനായിരത്തോളം പേരാണ്.
വെടിവയ്പ്പിനുശേഷം, സിപാഝാറില്‍ പോലീസിനെതിരെ നടന്ന അതിക്രമത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന് കഴിഞ്ഞദിവസം ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: