അമ്പലപ്പുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലി ശക്തിപ്രാപിച്ചതോടെ അമ്പലപ്പുഴയുടെ വിവിധ തീരങ്ങളില്‍ ശക്തമായ കടലാക്രമണം. പുറം കടലില്‍ ശക്തിപ്രാപിച്ച കൂറ്റന്‍ തിരമാലകള്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ കരയിലേക്ക് ആഞ്ഞടിച്ചു. തൃക്കുന്നപ്പുഴ, തോട്ടപ്പള്ളി, അമ്പലപ്പുഴ, അഞ്ചാലും കാവ്, വണ്ടാനം മാധവന് മുക്ക്, പുന്നപ്ര ചള്ളി, വാടക്കല്‍ അറപ്പപൊഴി. ആലപ്പുഴ ബീച്ച് എന്നിവടങ്ങളിലെല്ലാം കടല്‍ ശക്തമായി. കനത്ത മഴയും പെയ്തു.
പുന്നപ്ര പൂമീന്‍ പൊഴിക്കു സമീപം പുലിമുട്ട് നിര്‍മാണം തടസ്സപ്പെട്ടു. പുതിയതായി നിര്‍മിച്ച പുലിമുട്ടിന് മുകളിലൂടെയും തിരമാലകള്‍ കയറി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ വള്ളങ്ങള്‍ കടലിലിറക്കിയില്ല. എന്നാല്‍ ചാകര കടപ്പുറമായ അഞ്ചാലും കാവില്‍ നങ്കുരമിട്ടിരുന്ന വള്ളങ്ങള്‍ കരയടുപ്പിക്കാന്‍ സാധിക്കാതിരുന്നത് തൊഴിലാളികളെ ആശങ്കയിലാക്കി. ഒക്ടോബര്‍ രണ്ടു വരെ കനത്ത മഴക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പിലുള്ളത്.
ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര അടര്‍ന്ന് വീണു. വണ്ടാനം മാധവന് മുക്ക് കടലോരത്ത് പുതുവല്‍ സുബൈദ ഹാഷിമിന്റെ വീട്ടിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. ശബ്ദം കേട്ട് വീട്ടുകാര്‍ വെളിയില്‍ ഇറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: